പ്രവാസം തിരുവോണത്തിന്‍െറ ആഘോഷപ്പൊലിമയില്‍

ദുബൈ: ഐശ്വര്യത്തിന്‍െറയും സമൃദ്ധിയുടെയും ഉത്സവമായ തിരുവോണം വെള്ളിയാഴ്ച ലോകമെങ്ങുമുള്ള മലയാളികള്‍  ആഘോഷിക്കുമ്പോള്‍ അതിനൊപ്പം  ചേര്‍ന്ന് യു.എ.ഇയിലെ മലയാളികളും. തിരുവോണം അവധിദിവസമായ വെള്ളിയാഴ്ചയായതിന്‍െറ സന്തോഷത്തിലാണ് ഇത്തവണ ഗള്‍ഫ് പ്രവാസികള്‍.
 ഉത്രാടനാളായ വ്യാഴാഴ്ച തന്നെ ഓണസദ്യയും മറ്റു പരിപാടികളുമായി അവര്‍ ആഘോഷപൂരം തുടങ്ങിക്കഴിഞ്ഞു. സംഘടനകള്‍ക്ക് നിയന്ത്രണം വന്നതോടെ ദുബൈയില്‍ രണ്ടുവര്‍ഷം മുമ്പുവരെയുണ്ടായിരുന്ന ആഘോഷപ്പൊലിമ കാണാനില്ല. എങ്കില്‍ മലയാളികളുടെഉടമസ്ഥതയിലുള്ളതും  മലയാളികള്‍ കൂടുതലുള്ളതുമായ സ്ഥാപനങ്ങളില്‍ പൂക്കളമൊരുക്കലും തൂശനിലയില്‍ സദ്യ വിളമ്പലും മാവേലി വേഷം കെട്ടലുമെല്ലാം പൊടിപൊടിക്കുന്നു. 
ബാച്ച്ലര്‍, കുടുംബ താമസകേന്ദ്രങ്ങളിലും ആഘോഷപ്പൊലിമക്ക് മങ്ങലേറ്റിട്ടില്ല. മുണ്ടും ജുബ്ബയും അണിഞ്ഞായിരുന്നു പലരും വ്യാഴാഴ്ച്ച ഉത്രാട പാച്ചിലിനത്തെിയത്. കസവിന്‍െറ കരവെച്ച സാരിയുടുത്ത് നാരിമാരും.
ഓണപ്പൊട്ടനും പുലികളിയുമില്ളെങ്കിലും ഓണക്കോടിയുടുത്ത് ഇന്ന് മലയാളികള്‍ പുറത്തിറങ്ങുന്നതോടെ  കേരളത്തിന്‍െറ ദേശീയാഘോഷം മറ്റു രാജ്യക്കാര്‍ക്കും അനുഭവവേദ്യമാകും. ഇന്നലെ തന്നെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലുമെല്ലാം മലയാളികളുടെ തിരക്കായിരുന്നു. സദ്യയൊരുക്കാനുള്ള പച്ചക്കറിക്കും പായസക്കൂട്ടുമെല്ലാം ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്.
മറ്റു എമിറേറ്റുകളില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഓണമാഘോഷങ്ങള്‍ക്ക് അത്തം പിറന്നതോടെതന്നെ തുടക്കംകുറിച്ചിരുന്നു. ഓണത്തിനുപിന്നാലെ ബലിപെരുന്നാളും എത്തുന്നതിനാല്‍ പല സംഘടനകളും ഈദ് ,ഓണം പരിപാടികള്‍ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.  ചതയത്തോടെ കേരളത്തിലെ ഓണാഘോഷങ്ങള്‍ സമാപിക്കുമെങ്കിലും പ്രവാസത്തിലെ ഓണാഘോഷം പിന്നെയും നീളും.  മലയാളികളുടെ മാനവസൗഹ്യദത്തിന്‍െറ വിളംബരം കൂടിയാണ് മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ ആഘോഷങ്ങള്‍.
വിവിധ  സംഘടനകളും കൂട്ടായ്മകളും മലയാളികളുടെ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികളും സ്ഥാപനങ്ങളുമെല്ലാം ഓണാഘോഷം കേമമാക്കാന്‍ സജീവമായി രംഗത്തുണ്ട്. 
മലയാളികള്‍ നടത്തുന്ന പ്രമുഖ റസ്റ്റോറന്‍റുകള്‍ ഇത്തവണയും നിരവധി വിഭവങ്ങളടങ്ങുന്ന ഓണസദ്യയും പായസമേളയും ഒരുക്കുന്നുണ്ട്. നേരത്തെ പാര്‍സല്‍ ബുക്ക് ചെയ്തവര്‍ക്ക് രാവിലെ മുതല്‍ തന്നെ ഇവ വാങ്ങാം. വ്യാഴാഴ്ച്ച രാത്രി ഭക്ഷണശാലകള്‍ക്ക് ഉറക്കമുണ്ടായിരുന്നില്ല. ഹോട്ടലുകളിലെ ഇരിപ്പിട സൗകര്യം ആവശ്യക്കാരേക്കാള്‍ ഏറെ കുറവായതിനാല്‍ പാര്‍സല്‍ സദ്യയെ ആശ്രയിക്കേണ്ടിവരും മിക്കവര്‍ക്കും. അല്ളെങ്കില്‍ തിരുവോണ സദ്യ കഴിക്കാന്‍ ചിലപ്പോള്‍ വൈകുന്നേരമാകും. 
മധ്യവേനലവധിക്ക് നാട്ടില്‍പോയ കുടുംബങ്ങളില്‍ വലിയൊരു വിഭാഗം ഓണംകുടി നാട്ടില്‍ ആഘോഷിച്ചേ മടങ്ങുന്നൂള്ളു എന്നത് പ്രവാസലോകത്ത് ആഘേഠഷത്തിന്‍െറ പൊലിമക്ക് നേരിയ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
ദുബൈയിലെയും അബൂദബിയിലെയും വിവിധ തൊഴിലാളി താമസകേന്ദ്രങ്ങളില്‍ വിവിധ കമ്പനികളുടെയും മലയാളികൂട്ടായ്മകളുടെയും ആഭിമുഖ്യത്തില്‍ ആഘോഷപരിപാടികള്‍ നടക്കുന്നുണ്ട്. ഇന്നലെയും ഇന്നും നാളെയുമായി നടക്കുന്ന പരിപാടികള്‍ ലേബര്‍ ക്യാമ്പുകളില്‍ ഉത്സവച്ഛായയാണ് പകരുന്നത്. 
ദുബൈ അല്‍ഖൂസിലെ  ഒയാസിസ് കുസിന്‍സ് ബേക്കറി ക്യാംപില്‍ നടന്ന ഓണാഘോഷത്തില്‍ മലയാളികളെ കൂടാതെ ഫിലിപ്പീന്‍സ്, ബംഗ്ളാദേശ്, പാക്കിസ്ഥാനി ജീവനക്കാരടക്കം പങ്കെടുത്തു. ഓണസദ്യ, നാടന്‍ കലാമേള, പൂക്കളം എന്നിവയുണ്ടായിരുന്നു.  അഞ്ഞൂറോളം പേര്‍ പരിപാടിയില്‍ സംബന്ധിച്ചു. ജീവനക്കാര്‍ തന്നെയാണ് കഴിഞ്ഞ ദിവസം രാത്രി മുതല്‍ വിഭവങ്ങള്‍ പാചകം ചെയ്തത്. ഷമീം, ഫൈസല്‍ മുഹമ്മദ്, താജുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയര്‍ ആസ്ഥാനത്ത് പൂക്കള മത്സരവും പരമ്പരാഗത വേഷ മത്സരവും ആഘോഷത്തിന് പൊലിമ പകര്‍ന്നു. ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പനും ആഘോഷത്തില്‍ പങ്കാളിയായി.
വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു. വാട്ടര്‍മെലന്‍ കമ്യുണിക്കേഷന്‍സിലെ ജീവനക്കാര്‍ ഇന്നലെ ഓഫീസില്‍ പൂക്കളമിട്ടും സദ്യ വിളമ്പിയും ഓണം  ആഘോഷിച്ചു. വിവിധ രാജ്യക്കാര്‍ സെറ്റ് സാരിയുടുത്താണ് ആഘോഷത്തില്‍ പങ്കെടുക്കാനത്തെിയത്.
ഫാത്തിമാ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ആഘോഷത്തില്‍ ചെയര്‍മാന്‍ ഡോ.കെ.പി.ഹുസൈനും മുഴുവന്‍ ജീവനക്കാരും പങ്കെുടുത്തു. 
കേരളീയ വസ്ത്രം ധരിച്ചത്തെിയ ജീവനക്കാര്‍ പൂക്കളമൊരുക്കി ഉത്സവമാക്കി.സദ്യയുമുണ്ടായിരുന്നു.
ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ അധ്യാപകരും ജീവനക്കാരുമെല്ലാം ഒത്തു കൂടി ആദ്യമായി സ്കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു.ഗൃഹാതുര സ്മരണയുണര്‍ത്തി തിരുവാതിരയും ഓണപ്പാട്ടുകളും പൂക്കളവും മാവേലിയും വാമനനും ഓണസദ്യയും ആഘോഷത്തിന് ഉത്സവത്തിമര്‍പ്പേകി.
 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.