ഇന്ന് യു.എ.ഇ വനിതാദിനം

അബൂദബി: എല്ലാവര്‍ഷവും ആഗസ്റ്റ് 28 വനിതാദിനമായി ആചരിക്കാന്‍ യു.എ.ഇ തീരുമാനിച്ചു. രാജ്യത്തിന്‍െറ പുരോഗതിക്ക് വനിതകള്‍ നല്‍കിയ സംഭാവനകള്‍ അനുസ്മരിച്ചാണ് ആഘോഷം. ആദ്യ വനിതാദിനം രാജ്യത്തിന് വേണ്ടി രക്സാക്ഷികളായവരുടെ മാതാക്കള്‍ക്കും സായുധസേനയിലെ വനിതകള്‍ക്കും സമര്‍പ്പിക്കുന്നതായി ജനറല്‍ വിമന്‍സ് യൂനിയന്‍ ചെയര്‍വുമണും ഫാമിലി ഡെവലപ്മെന്‍റ് ഫൗണ്ടേഷന്‍ സുപ്രീം ചെയര്‍വുമണും സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്‍ഡ് ചൈല്‍ഡ്ഹുഡ് പ്രസിഡന്‍റുമായ ശൈഖ ഫാത്തിമ ബിന്‍ത് മുബാറക് ആഹ്വാനം ചെയ്തു. 
ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും വനിതകളെ ആദരിക്കാന്‍ ഒരുദിനം മാറ്റിവെച്ചിട്ടുണ്ട്. രാജ്യപുരോഗതിക്ക് അവര്‍ നല്‍കിയ സംഭാവനകള്‍ അനുസ്മരിക്കുന്ന ദിനമാണിത്. സ്ത്രീകള്‍ക്ക് അടിസ്ഥാന മനുഷ്യാവകാശം ഉറപ്പുവരുത്താനായതിന്‍െറ ആഘോഷമാണിത്. സ്ത്രീകള്‍ക്കെതിരെയുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക വിവേചനവും ലിംഗ വിവേചനവും ഇല്ലാതാക്കാന്‍ ഇത്തരം ആഘോഷപരിപാടികള്‍ക്ക് കഴിയും. രാജ്യത്തിന്‍െറയും രാജ്യനിവാസികളുടെയും പുരോഗതിക്കും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഭരണനേതൃത്വമാണ് നമുക്കുള്ളത്. 
മനുഷ്യാവകാശം, സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ലോകത്തിന് തന്നെ മാതൃകയാകാന്‍ യു.എ.ഇക്ക് കഴിഞ്ഞിട്ടുണ്ട്. 
സ്വന്തം മക്കളെ രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ച മാതാക്കളെ ആദരിക്കാന്‍ ഈ സന്ദര്‍ഭത്തില്‍ നാം തയാറാകേണ്ടതുണ്ട്. സുഖസൗകര്യങ്ങളെല്ലാം ഉപേക്ഷിച്ച് രാജ്യത്തിന് വേണ്ടി പടപൊരുതുന്ന വനിതാ സൈനികരെയും ഈ വേളയില്‍ സ്മരിക്കുന്നു. 
രാജ്യപുരോഗതിക്ക് വേണ്ടി കൂടുതല്‍ ആത്മാര്‍ഥതയോടെയും പ്രതിബദ്ധതയോടെയും പ്രവര്‍ത്തിക്കാന്‍ സ്ത്രീകള്‍ മുന്നോട്ടുവരണമെന്ന് ശൈഖ ഫാത്തിമ ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.