​മോദിയുടെ യു.എ.ഇ സന്ദര്‍ശനം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ബി.ജെ.പി

ദുബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ പര്യടനം കേരളത്തിലുള്‍പ്പെടെ ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന് പാര്‍ട്ടി വൃത്തങ്ങളുടെ വിലയിരുത്തല്‍. മോദിയുടെ സന്ദര്‍ശനവും ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പൊതു സ്വീകരണ പരിപാടിയും യു.എ.ഇയിലെ  26 ലക്ഷം ഇന്ത്യക്കാരില്‍ വലിയ ഇളക്കമുണ്ടാക്കിയതായും അത് അടുത്തവര്‍ഷം നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിലുള്‍പ്പെടെ വോട്ടാക്കി മാറ്റാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍. അനുകൂല സാഹചര്യം മുതലാക്കാനായി  തുടര്‍ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി തലത്തില്‍ ആസൂത്രണം ചെയ്യും. ഇതിന്‍െറ ഭാഗമായി ഇന്ത്യക്കാര്‍ കൂടുതലായി കഴിയുന്ന മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ മോദി ഉടന്‍ സന്ദര്‍ശിക്കാനുള്ള സാധ്യതയും തെളിഞ്ഞു.
ഇക്കഴിഞ്ഞ 16,17 തീയതികളിലായി നടന്ന നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് ബി.ജെ.പി പാര്‍ട്ടിതലത്തില്‍ ആസുത്രണവും ഒരുക്കവും നടത്തിയിരുന്നു.  പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും ആര്‍.എസ്.എസ് മുന്‍ വക്താവുമായ രാം മാധവ് നാലു ദിവസത്തോളം യു.എ.ഇയിലുണ്ടായിരുന്നു. പാര്‍ട്ടി അനുകൂല പ്രവാസി സംഘടനയായ ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പി ഗ്ളോബല്‍ കണ്‍വീനര്‍ വിജയ് ചൗത്തേവാലെയും എത്തിയിരുന്നു. ഒൗദ്യോഗിക പരിപാടികള്‍ക്കപ്പുറം ഇന്ത്യന്‍ സമൂഹവുമായുള്ള പ്രധാനമന്ത്രിയുടെ   ഇടപഴകലും പരിപാടികളും എങ്ങനെയായിരിക്കണമെന്ന് പാര്‍ട്ടി തലത്തില്‍ തന്നെയാണ് ആസൂത്രണം ചെയ്തതെന്നാണ് അറിയുന്നത്. 
അബൂദബിയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പ് സന്ദര്‍ശനവും  ദുബൈയിലെ പൊതു സ്വീകരണവും ഇങ്ങനെയാണ് പരിപാടിയില്‍ ഉള്‍പ്പെട്ടത്.  നാലു തരം ആളുകളെ കാണാനായിരുന്നു തീരുമാനം. ഭരണാധികാരികള്‍, ബിസിനസുകാരുള്‍പ്പെടെയുള്ള ഉന്നത-മധ്യ വര്‍ഗം, തൊഴിലാളികള്‍, എല്ലാവരും ഉള്‍പ്പെടുന്ന പ്രവാസി സമൂഹം. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഒൗദ്യോഗിക സംവിധാനങ്ങള്‍ വഴി ഇവ നടപ്പാക്കുകയായിരുന്നു.
അതേസമയം ദുബൈയിലെ സ്വീകരണം മോദിയെപ്പോലൂം ഞെട്ടിച്ചതായാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. സന്ദര്‍ശിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുക പ്രധാനമന്ത്രിയുടെ രീതിയാണ്. എല്ലായിടത്തും ഇതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. ഗള്‍ഫിലാണ് സാധാരണ പ്രവാസികളേറെയുള്ളതെന്നും ഇവരുടെ കുടുംബങ്ങള്‍ നാട്ടിലുണ്ടെന്നും മോദിയെ ഉപയോഗിച്ച് അതു വോട്ടാക്കി  മാറ്റാനാകുമെന്നുമുള്ള തിരിച്ചറിവിലാണ് ഇപ്പോള്‍ പാര്‍ട്ടി. പ്രവാസികള്‍ക്കും വോട്ടവകാശം ലഭിക്കാന്‍ പോകുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. അതുകൊണ്ട്തന്നെയാണ് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇവരുടെ കണ്ണുപായുന്നതും. 
മോദിയുടെ യു.എ.ഇ സന്ദര്‍ശനം പാര്‍ട്ടിക്ക് നാട്ടില്‍ വളരെയധികം ഗുണം ചെയ്യുമെന്ന് ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പി പ്രസിഡന്‍റ് ടി.ആര്‍.രമേശ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
‘ഓരോ ഇന്ത്യക്കാരന്‍െറയും മനസ്സിലേക്ക് കയറിച്ചെല്ലാന്‍ മോദിക്ക് കഴിയുന്നുവെന്നതാണ് പ്രധാനം. നാടിനോടുള്ള സ്നേഹമാണ് കക്ഷി രാഷ്ട്രീയത്തിനും മറ്റെല്ലാ ഭിന്നതകള്‍ക്കുമപ്പുറം ഇന്ത്യക്കാരെയെല്ലാം കൂട്ടിയിണക്കുന്നത്. കോണ്‍ഗ്രസുകാരും മുസ്ലിം ലീഗുകാരുമെല്ലാം ദുബൈയില്‍ മോദിയുടെ സ്വീകരണത്തില്‍ പങ്കെടുത്തതും അദ്ദേഹത്തിന്‍െറ വാക്കുകള്‍ക്ക് കൈയടിച്ചതും ഇതുകൊണ്ടാണ്. ഒരു വര്‍ഷം മുമ്പ് മോദിയെക്കുറിച്ചുള്ള അഭിപ്രായമല്ല ഇപ്പോള്‍ അവര്‍ക്കുള്ളതെന്ന് വ്യക്തമാണ്’- രമേശ് പറഞ്ഞു. 
തങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പ്രഖ്യാപനങ്ങളൊന്നും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകാത്തതില്‍  സാധാരണ പ്രവാസികള്‍ നിരാശരാണല്ളോ എന്ന ചോദ്യത്തിന് 10 ദിവസംകൊണ്ടുണ്ടായ ഈ യാത്രയുടെ പ്രധാന ലക്ഷ്യം യൂ.എ.ഇ ഭരണാധികാരികളുമായി നല്ല ബന്ധം സ്ഥാപിക്കുകയും വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുകയുമായിരുന്നെന്നായിരുന്ന രമേശിന്‍െറ മറുപടി. ഇത് വന്‍ വിജയമായിരുന്നു. മോദി ഒരുവര്‍ഷത്തിനകം തന്നെ ഒരിക്കല്‍ കൂടി യു.എ.ഇ സന്ദര്‍ശിക്കുമെന്നും അതില്‍ പ്രവാസികള്‍ കാത്തിരിക്കുന്ന പ്രഖ്യാപനങ്ങളുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.  
‘പ്രവാസികളുടെ പ്രശ്നങ്ങള്‍ കൃത്യമായി പാര്‍ട്ടിയെയും അതുവഴി സര്‍ക്കാരിന്‍െറയും ശ്രദ്ധയില്‍പ്പെടുത്തുകയാണ് ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബി.ജെ.പിയുടെ പ്രധാനചുമതല. ഉദ്യോഗസ്ഥരില്‍ നിന്ന് മാത്രം  പ്രതികരണം തേടിയാല്‍ പ്രവാസികളുടെ മനസ്സറിയാന്‍ കഴിയില്ല. 
യു.എ.ഇയില്‍ ഇന്ത്യന്‍ സമൂഹത്തെ ഒന്നിച്ചണിനിരത്താനുള്ള ആദ്യ ശ്രമം അന്താരാഷ്ട്ര യോഗ ദിനാചരണമായിരുന്നു. ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പിയാണ് ഇതിന് മുന്‍കൈയെടുത്തത്. ദുബൈ ഇന്ത്യന്‍  കോണ്‍സുലേറ്റ് കാര്യമായി സഹായിച്ചു’.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേരളത്തില്‍ ഭരണകക്ഷിയോ മുഖ്യപ്രതിപക്ഷ കക്ഷിയോ ആകുമെന്ന് രമേശ് അഭിപ്രായപ്പെട്ടു. പാര്‍ട്ടിക്ക് ഇപ്പോഴും വേരിറക്കാന്‍ കഴിയാത്ത കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കാന്‍ ബി.ജെ.പി നേരത്തെ തന്നെ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.