ഇനി ഹൈടെക് സ്കൂള്‍ ബസുകള്‍

ദുബൈ: പുതിയ അധ്യയന വര്‍ഷത്തില്‍ സ്കൂള്‍ ബസ് സര്‍വീസ് നടത്താന്‍ ദുബൈ ടാക്സി കോര്‍പറേഷന്‍ ഏഴ് സ്കൂളുകളുമായി കരാര്‍ ഒപ്പിട്ടു. 2500 വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ 111 അത്യാധുനിക ബസുകളാണ് കോര്‍പറേഷന്‍ ഉപയോഗിക്കുക. വിദ്യാര്‍ഥികള്‍ക്കാവശ്യമായ സുരക്ഷാ സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുള്ള ബസുകളില്‍ കാമറകളും ഘടിപ്പിച്ചിട്ടുണ്ട്. 
ആര്‍.ടി.എ ആസ്ഥാനത്ത് നടന്ന കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ ദുബൈ ടാക്സി കോര്‍പറേഷന്‍ സി.ഇ.ഒ അഹ്മദ് അല്‍ സുവൈദി, കോര്‍പറേറ്റ് അഫയേഴ്സ് ഡയറക്ടര്‍ മുഹമ്മദ് യൂസുഫ്, സ്കൂള്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അബൂബക്കര്‍ അല്‍ ഹാശിമി, ബിസിനസ് ഡെവലപ്മെന്‍റ് ഡയറക്ടര്‍ അബ്ദുല്ല അല്‍ മീര്‍ എന്നിവര്‍ പങ്കെടുത്തു. 
ജര്‍മന്‍ സ്കൂള്‍, സെന്‍റ് മേരീസ്, ദാര്‍ അല്‍ മാരിഫ, ദുബൈ മോഡേണ്‍ എജുക്കേഷന്‍, ഹാര്‍ട്ട് ലാന്‍ഡ് ഇന്‍റര്‍നാഷണല്‍, അല്‍ ഇത്തിഹാദ് അല്‍ മംസാര്‍, അല്‍ ഇത്തിഹാദ് ജുമൈറ സ്കൂളുകളാണ് ഈ അധ്യയന വര്‍ഷം മുതല്‍ ദുബൈ ടാക്സി കോര്‍പറേഷന്‍െറ ബസുകള്‍ ഉപയോഗിക്കുക. സി.സി.ടി.വി അടക്കമുള്ള സ്മാര്‍ട്ട് സംവിധാനങ്ങള്‍ സ്കൂള്‍ ബസുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
അപകടങ്ങളുണ്ടായാല്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കാതിരിക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്. മിഡിലീസ്റ്റില്‍ ആദ്യമായാണ് സ്കൂള്‍ ബസുകളില്‍ ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ആര്‍.ടി.എ അറിയിച്ചു. കുട്ടികള്‍ ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും രക്ഷിതാക്കള്‍ക്ക് എസ്്.എം.എസ് സന്ദേശം ലഭിക്കും. ബസുകളുടെ നീക്കം ജി.പി.എസ് സഹായത്തോടെ നിരീക്ഷിക്കാം. താല്‍പര്യമുള്ള സ്കൂളുകള്‍ക്ക് ബസുകളില്‍ വൈഫൈ സേവനവും ലഭ്യമാക്കും.  ഹൈഡ്രോളിക് സസ്പെന്‍ഷന്‍ സംവിധാനമാണ് ബസുകള്‍ക്ക്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വീല്‍ചെയറുകള്‍ ബസില്‍ കയറ്റാന്‍ സാധിക്കുന്ന വിധത്തില്‍ വാതിലുകള്‍ താഴ്ത്താന്‍ കഴിയും. ദുബൈ ടാക്സി കോര്‍പറേഷന്‍െറ കണ്‍ട്രോള്‍ സെന്‍ററില്‍ നിന്ന് ബസുകളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കും. ബസുകള്‍ ഓടിക്കാന്‍ പ്രത്യേക പരിശീലനം നേടിയ ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. 
ആര്‍.ടി.എ നടത്തിയ പ്രത്യേക കാമ്പയിനൊടുവില്‍ 35 സ്കൂളുകളാണ് ദുബൈ ടാക്സി കോര്‍പറേഷന്‍െറ സ്കൂള്‍ ബസ് സംവിധാനം ഉപയോഗിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. ഇതിന്‍െറ ആദ്യഘട്ടമെന്ന നിലയിലാണ് ഏഴ് സ്കൂളുകളുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. 
പ്രതിവര്‍ഷം 10 ശതമാനം സ്കൂളുകളെ പദ്ധതിക്ക് കീഴില്‍ കൊണ്ടുവരാന്‍ ആര്‍.ടി.എ ലക്ഷ്യമിടുന്നു. 2024ഓടെ മുഴുവന്‍ സ്കൂളുകളും കോര്‍പറേഷന്‍െറ സ്കൂള്‍ ബസുകള്‍ ഉപയോഗിക്കുന്ന തരത്തിലേക്ക് മാറ്റുമെന്ന് സി.ഇ.ഒ അഹ്മദ് അല്‍ സുവൈദി പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.