വിലമതിക്കാനാകാത്ത പൈതൃക ശേഖരം കൈവിടാനൊരുങ്ങി മുഹമ്മദ് മുസാഫിര്‍

റാസല്‍ഖൈമ: പഴമയുടെ കിതപ്പിന്‍െറയും കുതിപ്പിന്‍െറയും കഥ പറയുന്നതിനൊപ്പം സമ്പന്നമായ ഗതകാല ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് കൂടിയാണ് തദ്ദേശീയനായ മുഹമ്മദ് മുസാഫിറിന്‍െറ സംരക്ഷണയിലുള്ള  പുരാവസ്തുക്കളുടെ വന്‍ ശേഖരം. തന്‍െറ സമ്പാദ്യത്തിലെ നല്ല ശതമാനം ചെലവഴിച്ച് സംരക്ഷിച്ച് പോന്ന വിലമതിക്കാനാകാത്ത പൈതൃക ശേഖരം കൈമാറാനൊരുങ്ങുകയാണ് ഇദ്ദേഹം. ചരിത്ര രേഖകള്‍ക്ക് പുറമെ പൂര്‍വികരുടെ ജീവിത രീതി തൊട്ടറിയാന്‍ സഹായിക്കുന്ന വസ്തുവകകളുടെ ശേഖരവുമടങ്ങുന്നതാണ് റാസല്‍ഖൈമയിലെ സുഹൈലയില്‍ ഒരുക്കിയ പൈതൃക ഗ്രാമം. 
ആറായിരത്തോളം പുസ്തകങ്ങളുള്‍ക്കൊള്ളുന്ന ലൈബ്രറിയും പഴക്കം ചെന്ന ഖുര്‍ആന്‍ പ്രതിയും മുസാഫിറിന്‍െറ പൈതൃക ശേഖരത്തിലെ സവിശേഷതയാണ്. നാണയങ്ങളുടെ വന്‍ ശേഖരവും യു.എ.ഇ രൂപവത്കരിക്കുന്നതിന് മുമ്പും ശേഷവുമുള്ള അമൂല്യമായ ചിത്രങള്‍, പുരാതന ആയുധങ്ങള്‍, ശിലകളില്‍ തീര്‍ത്ത ഉല്‍പ്പന്നങ്ങള്‍, മണ്‍ പാത്രങ്ങള്‍, പൂര്‍വികരുടെ ഭക്ഷ്യ-പാചക രീതികളുടെ നേര്‍ക്കാഴ്ചകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവക്ക് പുറമെ പുതു തലമുറയില്‍ കൗതുകമുളവാക്കുന്ന ആദ്യകാല മൊബൈല്‍ ഫോണുകള്‍, റേഡിയോകള്‍, ക്യാമറകള്‍ തുടങ്ങിയവയും ഇവിടെയുണ്ട്. മുത്തും പവിഴവും വാരിയും മല്‍സ്യ ബന്ധനത്തിലും കാര്‍ഷിക വൃത്തിയിലുമേര്‍പ്പെട്ട് ജീവിതം പ്രശോഭിതമാക്കിയ പൂര്‍വികരുടെ സുഗന്ധം ചൊരിയുന്നത് കൂടിയാണ് മുഹമ്മദ് മുസാഫിറിനെറ പൈതൃക ശേഖരം.
പുരാവസ്തു വകുപ്പ് അഞ്ച് ദശലക്ഷം ദിര്‍ഹം മൂല്യമിട്ടിരിക്കുന്ന ഈ ‘പൈതൃക ശേഖര’ത്തിന് മൂന്ന് ദശലക്ഷം ദിര്‍ഹം ലഭിച്ചാല്‍ കൈമാറാന്‍ ഉറച്ചിരിക്കുകയാണ് മുഹമ്മദ് മുസാഫിര്‍. 
ഇവിടെയുള്ള വസ്തുവകകള്‍ പരമ്പരാഗതമായി വന്നുചേര്‍ന്നതും പല കേന്ദ്രങ്ങളില്‍ നിന്ന് സൗജന്യമായും പണം നല്‍കി സ്വന്തമാക്കിയതാണെന്നും മുസാഫിര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.