ദുബൈ: യാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ രണ്ടുവര്‍ഷത്തിനകം ദുബൈയില്‍ 10 നടപ്പാലങ്ങള്‍ കൂടി നിര്‍മിക്കുമെന്ന് ആര്‍.ടി.എ അറിയിച്ചു. 2017ഓടെ ദുബൈയിലെ മൊത്തം നടപ്പാലങ്ങളുടെ എണ്ണം 120 ആയി മാറുമെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ചെയര്‍മാനുമായ മതാര്‍ അല്‍ തായിര്‍ പറഞ്ഞു. ആര്‍.ടി.എ നടത്തുന്ന പഠനത്തിന്‍െറ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന മേഖലകളിലായിരിക്കും നടപ്പാലങ്ങള്‍ നിര്‍മിക്കുക. ബനിയാസ് റോഡില്‍ പുതുതായി രണ്ട് നടപ്പാലങ്ങള്‍ വരും. ഒരെണ്ണം ലാന്‍ഡ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ് വകുപ്പിന് സമീപവും മറ്റൊന്ന് ദുബൈ നഗരസഭ ഓഫിസിന് സമീപവും. ഖാലിദ് ബിന്‍ വലീദ് റോഡില്‍ അല്‍ റിഫ അല്‍ സാദിയാത്ത് റോഡിന് സമീപം, അല്‍ തവാര്‍ സെന്‍ററിന് സമീപം, അല്‍ ഇത്തിഹാദ് റോഡില്‍ ഡനാറ്റക്ക് സമീപം, അറേബ്യന്‍ റാഞ്ചസ് റോഡ്, അല്‍ മന്‍ഖൂല്‍ റോഡ്, ലത്തീഫ ബിന്‍ ഹംദാന്‍ റോഡില്‍ അല്‍ ഖൈല്‍ മാള്‍ റോഡിന് സമീപം, ബില്‍ റുമൈത ക്ളബിന് സമീപം, ദുബൈ- അല്‍ഐന്‍ റോഡില്‍ സ്കൈ കോര്‍ട്സ് ബില്‍ഡിങിന് സമീപം എന്നിവിടങ്ങളിലാണ് പുതുതായി നടപ്പാലങ്ങള്‍ വരുക. ഏഴ് നടപ്പാലങ്ങളുടെ നിര്‍മാണം നടന്നുവരികയാണ്. ബഗ്ദാദ് റോഡില്‍ രണ്ടെണ്ണവും ആല്‍ മക്തൂം റോഡ്, അല്‍ മിന റോഡ്, അമ്മാന്‍ റോഡ്, ബനിയാസ് റോഡ്, അല്‍ റശീദ് റോഡ് എന്നിവിടങ്ങളില്‍ ഓരോന്നുമാണ് നിര്‍മിച്ചുവരുന്നത്. ഈ പാലങ്ങളുടെ നിര്‍മാണം 30 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യപാദത്തില്‍ തുറന്നുകൊടുക്കാന്‍ സാധിക്കും.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 22 നടപ്പാലങ്ങള്‍ ആര്‍.ടി.എ നിര്‍മിച്ചു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ രണ്ട് നടപ്പാലങ്ങള്‍ വന്നു. അവീര്‍ പഴം- പച്ചക്കറി മാര്‍ക്കറ്റിന് സമീപവും ഖിസൈസ് വര്‍കേഴ്്സ് കോംപ്ളക്സിന് സമീപവും. ഉമ്മുസുഖീം റോഡില്‍ മൂന്നും അല്‍ അസായില്‍ റോഡ്, ഫസ്റ്റ് അല്‍ ഖൈല്‍ റോഡ് എന്നിവിടങ്ങളില്‍ രണ്ട് വീതവും ശൈഖ് റാശിദ് റോഡ്, അല്‍ സഅദ റോഡ്, അല്‍ മിന റോഡ്, അല്‍ വുഹൈദ റോഡ്, അമ്മാന്‍ റോഡ്, അല്‍ റശീദ് റോഡ്, അല്‍ മന്‍ഖൂല്‍ റോഡ്, ലത്തീഫ ബിന്‍ ഹംദാന്‍ റോഡ്, അബൂബക്കര്‍ സിദ്ദീഖ് റോഡ്, അല്‍ ഖലീജ് റോഡ്, അല്‍ റിബാത് റോഡ്, ജെ.എല്‍.ടി എന്നിവിടങ്ങളില്‍ ഓരോന്നും പാലങ്ങള്‍ നിര്‍മിച്ചു. വിശദമായ പഠനത്തിന് ശേഷമാണ് എവിടെയൊക്കെ നടപ്പാലങ്ങള്‍ നിര്‍മിക്കണമെന്ന് ആര്‍.ടി.എ തീരുമാനിക്കുന്നത്.
വാഹനമിടിച്ചുള്ള അപകടങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സ്ഥലങ്ങള്‍, വാഹനത്തിരക്ക് ഏറ്റവുമധികം ഉള്ള പ്രദേശങ്ങള്‍, ബസ് സ്റ്റോപ്പുകളും മാളുകളും ഉള്ള പ്രദേശങ്ങള്‍ എന്നിവക്ക് മുന്‍ഗണന നല്‍കുന്നുണ്ട്. ദുബൈ പൊലീസിന്‍െറയും പൊതുജനങ്ങളുടെയും അഭിപ്രായം ഇതിനായി തേടും. 2006ല്‍ 14 നടപ്പാലങ്ങളാണ് ദുബൈയില്‍ ഉണ്ടായിരുന്നത്. 2014ല്‍ 100 എണ്ണമായി വര്‍ധിച്ചു. 2017ഓടെ 120 ആകും. നടപ്പാലങ്ങള്‍ വന്നതിന് ശേഷം വാഹനമിടിച്ചുള്ള മരണനിരക്കില്‍ കുറവ് വന്നിട്ടുണ്ട്.
ഒരുലക്ഷത്തിന് 9.5 എന്നതായിരുന്നു 2007ലെ നിരക്കെങ്കില്‍ 2008ല്‍ ഇത് ഏഴായി കുറഞ്ഞു. 2010ല്‍ 2.3 ആയും 2014ല്‍ ഒന്നായും കുറഞ്ഞിട്ടുണ്ടെന്ന് മതാര്‍ അല്‍ തായിര്‍ പറഞ്ഞു. റോഡ് മുറിച്ചുകടക്കാന്‍ പൊതുജനങ്ങള്‍ നടപ്പാലങ്ങളും അണ്ടര്‍പാസുകളും ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.