ശൈഖ് ഹംദാന്റെ അധ്യക്ഷതയിൽ നടന്ന എക്സിക്യൂട്ടിവ് കൗൺസിൽ യോഗം
ദുബൈ: എമിറേറ്റിൽ പുതുതായി രണ്ട് താമസമേഖലകളിൽകൂടി വികസന പദ്ധതികൾ പ്രഖ്യാപിച്ചു. മദീനത്ത് ലത്തീഫ, അൽ യലായിസ് എന്നിവിടങ്ങളിലാണ് നഗരവികസനം നടപ്പിലാക്കുക. രണ്ടിടങ്ങളിലായി 152 പുതിയ പാർക്കുകളും 33 കിലോമീറ്റർ നീളത്തിൽ സൈക്ലിങ് ട്രാക്കുകളും നിർമിക്കും. കമ്യൂണിറ്റി മജ്ലിസ്, വിവാഹ ഹാളുകൾ, വ്യത്യസ്ത വിനോദപരിപാടികൾക്കുള്ള സൗകര്യങ്ങൾ എന്നിവയും പദ്ധതിയും ഉൾപ്പെടും. തിങ്കളാഴ്ച എമിറേറ്റ്സ് ടവറിൽ നടന്ന എക്സിക്യൂട്ടിവ് കൗൺസിൽ മീറ്റിങ്ങിൽ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പദ്ധതികൾക്ക് അംഗീകാരം നൽകി.
മദീനത്ത് ലത്തീഫയിൽ 77 പാർക്കുകളും അൽ യലായിസ് മേഖലയിൽ 75 പാർക്കുകളുമാണ് നിർമിക്കുക. രണ്ടിടത്തുമായി 33 കിലോമീറ്റർ നീളത്തിൽ കാൽനട, സൈക്ലിങ് പാതകളും വികസിപ്പിക്കും. മദീനത്ത് ലത്തീഫ മേഖലയിൽ ഏകദേശം 11 ശതമാനം പ്രദേശം ഹരിത ഇടങ്ങൾക്കും തുറസ്സായ സ്ഥലങ്ങൾക്കുമായി നീക്കിവെക്കും. 12 കിലോമീറ്റർ നീളത്തിലാണ് ഇവിടെ സൈക്ലിങ് പാത നിർമിക്കുക. 77 പാർക്കുകളിലേക്കും പ്രവേശനം സാധ്യമാകുന്ന രീതിയിലായിരിക്കും ഇതിന്റെ രൂപകൽപന. കൂടാതെ സ്കൂളുകൾ, നഴ്സറികൾ, പള്ളികൾ, ക്ലിനിക്കുകൾ, വാണിജ്യ കേന്ദ്രങ്ങൾ തുടങ്ങിയ സമഗ്രമായ സൗകര്യങ്ങളും ഒരുക്കും.
3000 ഹെക്ടർ വിസ്തൃതിയിൽ ഒരുക്കുന്ന വികസന പദ്ധതികൾ 18,500 റസിഡൻഷ്യൽ യൂനിറ്റുകളിലായി 141,000 പേർക്ക് പ്രയോജനം ചെയ്യും.
അൽ യലായിസ് മേഖലയിൽ 1,108 ഹെക്ടറിലാണ് വികസന പ്രവൃത്തികൾ നടപ്പിലാക്കുന്നത്. 8,000 റസിഡൻഷ്യൽ യൂനിറ്റുകളിലായി 66,000 പേർക്ക് പദ്ധതി പ്രയോജനപ്പെടും. ഇത് കൂടാതെ ഡിജിറ്റൽ ശക്തീകരണത്തിനുള്ള പദ്ധതികൾക്കും ശൈഖ് ഹംദാൻ അംഗീകാരം നൽകിയിട്ടുണ്ട്.
2023ൽ അവതരിപ്പിച്ച ദുബൈ ഡിജിറ്റൽ നയത്തെ പിന്തുണക്കുന്നതാണ് പുതിയ പദ്ധതികൾ.
ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുകയാണ് ലക്ഷ്യം. അതോടൊപ്പം ഡിജിറ്റൽ സർക്കാർ സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.