ദുബൈ വിമാനത്താവളത്തിൽ തിരക്കേറിയ ദിവസത്തിൽ യാത്രക്കാർക്ക് സേവനം ചെയ്യുന്ന ഉദ്യോഗസ്ഥർ
ദുബൈ: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ദുബൈയിലേക്ക് ഒഴുകിയെത്തിയത് വൻ ജനസഞ്ചയം. അവധി ദിവസങ്ങളായ ഡിസംബർ 29 മുതൽ ജനുവരി മൂന്ന് വരെയുള്ള ദിവസങ്ങളിൽ മാത്രം 13.7 ലക്ഷം യാത്രക്കാരാണ് ദുബൈയുടെ വിമാന, കര, കടൽ മാർഗങ്ങളിലൂടെ കടന്നുപോയത്. ഇത്രയധികം തിരക്കുണ്ടായിട്ടും അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളുടെയും മികച്ച ആസൂത്രണത്തിന്റെയും സഹായത്തോടെ യാത്രാനടപടികൾ അതിവേഗം പൂർത്തിയാക്കാൻ സാധിച്ചുവെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) അറിയിച്ചു.
ഏറ്റവും കൂടുതൽ യാത്രക്കാർ എത്തിയത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയാണ്. 12.72 ലക്ഷം പേരാണ് ഈ ദിവസങ്ങളിൽ വിമാനത്താവള സേവനങ്ങൾ ഉപയോഗപ്പെടുത്തിയത്. സ്മാർട്ട് ഗേറ്റുകളും സ്മാർട്ട് കോറിഡോറുകളും സജീവമായതോടെ പാസ്പോർട്ട് പരിശോധനക്കും മറ്റുമായി ദീർഘനേരം ക്യൂ നിൽക്കേണ്ടിവന്നില്ല. ഇത് ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറക്കാനും നടപടികൾ വേഗത്തിലാക്കാനും സഹായിച്ചു. ഹത്ത ബോർഡർ ഉൾപ്പെടെയുള്ള കരമാർഗമുള്ള അതിർത്തികൾ വഴി 77,059 പേരും കടൽ തുറമുഖങ്ങൾ വഴി 21,135 പേരും ഈ ദിവസങ്ങളിൽ യാത്ര ചെയ്തു. ഇവിടങ്ങളിലും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
വൻ തിരക്കിനിടയിലും യാത്രക്കാർക്ക് സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം ഒരുക്കാൻ സാധിച്ചുവെന്ന് ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. യാത്രക്കാരുടെ സംതൃപ്തിക്കും സുരക്ഷക്കുമാണ് മുൻഗണന നൽകിയതെന്നും സാങ്കേതികവിദ്യയും ഫീൽഡ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ ഇടപെടലും സംയോജിപ്പിച്ചതാണ് വിജയത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. തിരക്കേറിയ സമയങ്ങളിൽ സ്മാർട്ട് ഗേറ്റുകളുടെ ഉപയോഗം വലിയ ആശ്വാസമാണ് നൽകിയതെന്ന് ദുബൈ എയർപോർട്ടിലെ അഫയേഴ്സ് അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ശൻകീതി പറഞ്ഞു. കര, കടൽ മാർഗങ്ങളിലെ ഉദ്യോഗസ്ഥരുടെ മികച്ച ഏകോപനമാണ് നേട്ടത്തിന് പിന്നിലെന്ന് ലാൻഡ് ആൻഡ് സീ പോർട്ട് അഫയേഴ്സ് അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ സലാ അഹമ്മദ് അൽ ഖംസിയും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.