ദുബൈ: സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ 100 ഇലക്ട്രിക് വാഹന ചാർജിങ് യൂനിറ്റുകൾ കൂടി സ്ഥാപിക്കുന്നു. ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ)യും പെയ്ഡ് പാർക്കിങ് നിയന്ത്രണ സ്ഥാപനമായ പാർക്കിനും കൈകോർത്താണ് പദ്ധതി നടപ്പിലാക്കുക. ഇതു സംബന്ധിച്ച കരാറിൽ ഇരു കൂട്ടരും ഒപ്പുവെച്ചു. താമസ സ്ഥലങ്ങൾ, ഷോപ്പിങ് മാളുകൾ, വിനോദ കേന്ദ്രങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടം ഇ.വി ചാർജിങ് യൂനിറ്റുകൾ സ്ഥാപിക്കുക. ഭാവിയിൽ എമിറേറ്റിലെ മറ്റ് ഭാഗങ്ങളിൽ കൂടി പദ്ധതി വ്യാപിപ്പിക്കുമെന്ന് ഇരു കമ്പനികളും അറിയിച്ചു.
സ്മാർട്ട് ആപ്ലിക്കേഷനിലൂടെ ചാർജിങ് സേവനങ്ങളുടെ നിയന്ത്രണം പാർക്കിനായിരിക്കും. ദീവ ഇ.വി ചാർജിങ് സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ സുഗമമായ നിയന്ത്രണവും പ്രവർത്തനവും ഉറപ്പുവരുത്തും.
ഈ വർഷം ആഗസ്റ്റ് അവസാനം വരെയുള്ള കണക്കനുസരിച്ച് എമിറേറ്റിലെ ഇ.വി ഗ്രീൻ ചാർജർ സംരംഭത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവരുടെ എണ്ണം 19,000 കടന്നതായി ദീവ സി.ഇ.ഒ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ദുബൈയിലുടനീളം 1,500 പബ്ലിക് ചാർജിങ് പോയിന്‍റുകളാണ് ദീവ സ്ഥാപിച്ചിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം ‘റോളണ്ട് ബർഗർ’ എന്ന സ്ഥാപനം പുറത്തുവിട്ട പഠനം അനുസരിച്ച് യു.എ.ഇ താമസക്കാരിലെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്ന 52 ശതമാനം പേരുടെയും പ്രധാന ആകർഷണം കുറഞ്ഞ ചെലവാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളേക്കാൾ കുറഞ്ഞ ചെലവാണ് ഇ.വികൾക്ക് കൂടുതൽ ആവശ്യക്കാരുണ്ടാകാൻ കാരണമെന്നാണ് പഠനത്തിൽ പറയുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വിൽപനയുടെ എണ്ണത്തിൽ ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇയാണ് മുന്നിൽ. 2024ൽ മാത്രം രാജ്യത്ത് 24,000 ബാറ്ററി, ഹൈബ്രിഡ് വാഹനങ്ങൾ വിറ്റുപോയതാണ് കണക്ക്. 11,000ത്തിലേറെ ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ച സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.