ശൈഖ്​ ഹംദാന്‍റെ അധ്യക്ഷതയിൽ ചേർന്ന ദു​ബൈ എക്സിക്യൂട്ടീവ് കൗൺസിൽ യോഗം

ദുബൈയിൽ സാമ്പത്തിക രംഗത്തിന്​ കരുത്തേകാൻ 100 കോടിയുടെ പദ്ധതി

ദുബൈ: എമിറേറ്റിലെ സാമ്പത്തിക രംഗത്തിന്​ കരുത്തും പിന്തുണയും നൽകുകയെന്ന ലക്ഷ്യത്തോടെ 100 കോടി ദിർഹം മൂല്യമുള്ള സാമ്പത്തിക പ്രോത്സാഹന പദ്ധതികൾക്ക്​ അംഗീകാരം നൽകി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം.

ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ്​ ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന പദ്ധതിക്ക്​ അംഗീകാരം നൽകിയത്​. 3 മുതൽ 6 മാസം വരെ സംരംഭം നടപ്പാക്കാനാണ്​ ലക്ഷ്യമിടുന്നത്​. ബിസിനസുകൾക്കും വ്യക്തികൾക്കും സാമ്പത്തിക സമ്മർദം കുറക്കുന്നതിനായി പദ്ധതിയുടെ ഭാഗമായി വിവിധ സർക്കാർ ഫീസുകൾ 3 മാസത്തേക്ക് നീട്ടിവെക്കും.

ഹോട്ടലുകൾക്ക് 100 ശതമാനം സെയിൽസ് ഫീസും വിനോദസഞ്ചാര മേഖലയിൽ ടൂറിസം ദിർഹം ഫീസും താൽക്കാലികമായി അടക്കാതെ തുടരാൻ അനുമതി നൽകും. കസ്റ്റംസ് ക്ലിയറൻസ്​ ഗ്രേസ് പീരിയഡ് 30 ദിവസത്തിൽ നിന്ന് 90 ദിവസമായി ഉയർത്തുകയും ആവശ്യമെങ്കിൽ കൂടുതൽ നീട്ടാനും സാധ്യത തുറന്നിട്ടുണ്ട്. റെസിഡൻസി പെർമിറ്റുകൾ നൽകുന്നതിനും പുതുക്കുന്നതിനും നടപടികൾ ലളിതമാക്കുന്നl പദ്ധതിയിൽ ഉൾപ്പെടും.

കഴിഞ്ഞ വർഷം നാലാം പാദത്തിൽ ദുബൈയുടെ സാമ്പത്തിക വളർച്ച 6.4 ശതമാനമാണെന്നാണ്​ രേഖപ്പെടുത്തിയത്​. 2025ൽ മൊത്ത ആഭ്യന്തര ഉൽപാദനം 5.4 ശതമാനം വർധിച്ച് 937 ബില്യൺ ദിർഹമായി. സാമ്പത്തിക പ്രവർത്തനങ്ങളെ കൂടുതൽ കൃത്യമായി അളക്കാൻ ജി.ഡി.പി കണക്കാക്കുന്ന രീതി പുതുക്കാനും എക്സിക്യൂട്ടീവ്​ കൗൺസിൽ അംഗീകാരം നൽകി. ദുബൈ കസ്റ്റംസ്​ മേൽനോട്ടത്തിലുള്ള വെർച്വൽ വെയർഹൗസസ്​ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ആർട്ട് വർക്ക് ഉൾപ്പെടെയുള്ള ഉയർന്ന മൂല്യമുള്ള സാധനങ്ങളുടെ താൽക്കാലിക ഇറക്കുമതി എളുപ്പമാക്കും. ആർട്ട് വർക്ക് കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കുകയും 3 വർഷത്തേക്ക് തീരുവ ഒഴിവാക്കുകയും ചെയ്യും.

കമ്മ്യൂണിറ്റി ഡവലപ്​മെന്‍റ്​ അതോറിറ്റിയുടെ മേൽനോട്ടത്തിലുള്ള ദുബൈ എംപവർമെന്‍റ്​ സ്​ട്രാറ്റജിയിൽ ഇമാറാത്തി കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തുക, തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുക, വീട്ടിൽ നിന്നുള്ള സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്നു. തൊഴിലാളികളുടെ താമസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഹെൽത്ത്​ ആൻഡ്​ സേഫ്​റ്റി സ്​ട്രാറ്റജിക്കും അംഗീകാരം നൽകിയിട്ടുണ്ട്​.

2033ഓടെ തൊഴിലാളികൾക്ക് 100 ശതമാനം ആവശ്യ സൗകര്യങ്ങൾ ഉറപ്പാക്കുകയും താമസ കേന്ദ്രങ്ങൾ മുഴുവനും ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതാക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നത്​. വ്യക്തികൾക്കും കുടുംബങ്ങൾക്കും ബിസിനസുകൾക്കും പ്രായോഗിക പിന്തുണ നൽകുന്നതിനുള്ള ദുബൈയുടെ പ്രതിബദ്ധതയാണ് യോഗത്തിൽ അംഗീകരിച്ച നടപടികൾ അടയാളപ്പെടുത്തുന്നതെന്ന് ശൈഖ്​ ഹംദാൻ പറഞ്ഞു.

Tags:    
News Summary - 100-crore project to strengthen Dubai's economy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.