മലേഷ്യയില്‍ 10 പാക്കേജിങ് പ്ലാന്‍റുകൾ; ഹോട്ട് പാക്ക് 36 കോടി ദിര്‍ഹം നിക്ഷേപത്തിന്

ദുബൈ: മണ്ണില്‍ ലയിച്ചുചേരുന്ന (ബയോ ഡീഗ്രേഡബ്ള്‍) വൈക്കോല്‍ കൊണ്ടുള്ള ഭക്ഷ്യ പാക്കേജിങ് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിന് 10 പ്ലാന്‍റുകള്‍ നിർമിക്കാൻ 36 കോടി ദിർഹമിന്‍റെ നിക്ഷേപ പദ്ധതിയുമായി ഹോട്ട്പാക്ക് ഗ്ലോബല്‍. മലേഷ്യന്‍ ബയോ ഇക്കോണമി ഡെവലപ്‌മെൻറ് കോര്‍പറേഷന്‍ സൗകര്യപ്പെടുത്തിയ ഫ്രീ ദി സീഡുമായുള്ള പങ്കാളിത്തത്തിലാണ് പദ്ധതി. 10 വര്‍ഷത്തിനകമാണ് പ്ലാൻറുകൾ സജ്ജമാവുക. മലേഷ്യയിലെയും തെക്കു-കിഴക്കൻ ഏഷ്യയിലെയും ഹോട്ട്പാക്കിന്‍റെ ആദ്യ ഉൽപാദന യൂനിറ്റിലെ ആദ്യ പ്ലാൻറിന്‍റെ നിര്‍മാണ ശിലാസ്ഥാപനം കെഡായിലെ ഗുരുണില്‍ മലേഷ്യന്‍ കാര്‍ഷിക-ഭക്ഷ്യ വ്യവസായ മന്ത്രി വൈബി ദത്തൂക് സേരി ഡോ. റൊണാള്‍ഡ് കിയാന്‍ഡെയുടെ നേതൃത്വത്തില്‍ നടത്തി. ആദ്യ പ്ലാന്‍റ് തയാറാകുന്നതോടെ പ്രതിവര്‍ഷം 70 ദശലക്ഷം യൂനിറ്റ് സുസ്ഥിര, കണ്‍സ്യൂമര്‍ പാക്കേജിങ് ഉല്‍പന്നങ്ങള്‍ നിര്‍മിക്കാനാകും.

ദുബൈ എക്‌സ്‌പോയില്‍ മലേഷ്യന്‍ സർക്കാർ നടത്തിയ ബിസിനസ് മാച്ചിങ് സംരംഭമാണ് ഹോട്ട്പാക്കും ഫ്രീ ദി സീഡും തമ്മിലെ പങ്കാളിത്തം സുഗമമാക്കിയത്. ഇത്തരമൊരു സുപ്രധാന ആഗോള സഹകരണം വളര്‍ത്തിയെടുക്കാന്‍ എക്സ്പോ സഹായകമായതില്‍ ഏറെ സന്തോഷമുണ്ടെന്നും, ഇത് മലേഷ്യയെ ബയോ ഡീഗ്രേഡബ്ള്‍ ഹബ്ബാക്കി മാറ്റുമെന്നും മന്ത്രി വൈബി ദത്തൂക് സേരി ഡൊണാള്‍ഡ് കിയാന്‍ഡി പ്രോജക്ട് സംബന്ധിച്ച് അഭിപ്രായപ്പെട്ടു. ഫ്രീ ദി സീഡുമായി സഹകരിച്ച് മലേഷ്യന്‍ നിര്‍മാണ മേഖലയിലേക്ക് പ്രവേശിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഹോട്ട്പാക്ക് ഗ്ലോബല്‍ ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ പി.ബി. അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. ബയോ ഡീഗ്രേഡബ്ള്‍ ഉല്‍പന്നങ്ങള്‍ക്ക് സീഡിന്‍റെ നൂതന സാങ്കേതിക സൊല്യൂഷനുകള്‍ പദ്ധതി ഉപയോഗിക്കുകയും ഹോട്ട്പാക്കിനെ സുസ്ഥിര പാക്കേജിങ് സൊല്യൂഷന്‍ മാതൃകയില്‍ സഹായിക്കുകയും ചെയ്യുമെന്ന് ഹോട്ട്പാക്ക് ടെക്‌നിക്കല്‍ ഡയറക്ടര്‍ പി.ബി. അന്‍വര്‍ പറഞ്ഞു.

Tags:    
News Summary - 10 packaging plants in Malaysia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.