നാട്ടിലേക്കു മടങ്ങിയ യൂസുഫലിക്ക് പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചി യാത്രാരേഖകൾ കൈമാറുന്നു
റിയാദ്: വാഹനാപകടംമൂലമുണ്ടായ നിയമപ്രതിസന്ധി മറികടക്കാൻ കോടതി കയറിയിറങ്ങിയ മലയാളിക്ക് സാമൂഹികപ്രവർത്തകർ തുണയായി. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി കൈനൽ വീട്ടിൽ യൂസുഫലിയാണ് പ്ലീസ് ഇന്ത്യയുടെ ഇടപെടലിനാൽ നാടണഞ്ഞത്. 15 മാസമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു യൂസുഫലി. സൗദിയിലെത്തിയ സമയം മുതൽ ഇഖാമയോ ഡ്രൈവിങ് ലൈസൻസോ എടുത്തുനൽകാൻ സ്പോൺസർ തയാറായില്ല. വാഹനമോടിക്കാൻ നിർബന്ധിക്കുകയും ചെയ്തു.
ഓടിച്ചിരുന്ന വാഹനത്തിന് ഇൻഷുറൻസ് പോലും ഇല്ലാതിരുന്നത് യൂസുഫലി അറിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് വാഹനം അപകടത്തിൽപെടുന്നത്. വാഹനത്തിന് ഇൻഷുറൻസ് ഇല്ലാത്തതിനാൽ അപകടത്തിൽപെട്ട എതിർകക്ഷിക്ക് നഷ്ടപരിഹാരം പൂർണമായും നൽകാൻ യൂസുഫലി നിയമപരമായി ബാധ്യസ്ഥനായി. ഇതിനിടയിൽ സ്പോൺസർ ഈ വിഷയത്തിൽനിന്ന് ഒഴിഞ്ഞുമാറുകയും തെൻറ അനുമതിയില്ലാതെയാണ് യൂസുഫലി വാഹനമോടിച്ചതെന്ന് പറഞ്ഞു കൈയൊഴിയുകയുമായിരുന്നു. ഒടുവിൽ എന്തു ചെയ്യണമെന്നറിയാതെ യൂസുഫലി പ്ലീസ് ഇന്ത്യയുടെ സഹായം അഭ്യർഥിക്കുകയായിരുന്നു. ജീവകാരുണ്യ വിഭാഗം കൺവീനർ റഈസ് വളാഞ്ചേരിയും ചെയർമാൻ ലത്തീഫ് തെച്ചിയും നടത്തിയ നിരന്തര ശ്രമങ്ങളുടെ ഫലമായി ഫൈനൽ എക്സിറ്റ് നേടിയെടുക്കുകയായിരുന്നു.
റഈസ് വളാഞ്ചേരി, അനൂപ് അഗസ്റ്റിൻ, റോഷൻ മുഹമ്മദ്, ഷബീർ മോൻ, സഹീർ ചേവായൂർ, റബീഷ് കോക്കല്ലൂർ, വിജയശ്രീ രവിരാജ്, അഡ്വ. റിജി ജോയ്, രാഗേഷ് മണ്ണാർക്കാട്, ഇബ്രാഹിം മുക്കം, തഫ്സീർ കൊടുവള്ളി, അൻസിൽ തുടങ്ങിയവർ സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം പ്ലീസ് ഇന്ത്യ നൽകിയ ടിക്കറ്റിൽ യൂസുഫലി നാട്ടിലേക്കു വിമാനം കയറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.