റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹീ സെൻററിന് കീഴിൽ പ്രവർത്തിക്കുന്ന മാഹിറുൽ ഖുർആൻ അക്കാദമിയിലെ ഈ വർഷത്തെ ബിരുദദാന സമ്മേളനം ‘മിറാക്കിൾ കോൺവൊക്കേഷൻ-2026’ വെള്ളിയാഴ്ച (ഫെബ്രു. 13) നടക്കും. റിയാദ് അന്നഹ്ദ ഡിസ്ട്രിക്റ്റിലെ അമാകിൻ പാലസിൽ വൈകുന്നേരം നാല് മുതൽ രാത്രി 10 വരെയാണ് സമ്മേളനം.
ചുരുങ്ങിയ കാലയളവിനുള്ളിൽ നൂറുകണക്കിന് ഹാഫിളുകളെ വാർത്തെടുക്കാൻ അക്കാദമിക്ക് സാധിച്ചതായി ഡയറക്ടർ അബ്ദുൽ ഖയ്യം ബുസ്താനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ബത്ഹ, റൗദ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അക്കാദമിയിൽ രണ്ട് വർഷം കൊണ്ട് ഖുർആൻ മനഃപാഠമാക്കുന്ന നവീനമായ സിലബസ്സാണ് പിന്തുടരുന്നത്.
സമ്മേളനത്തിെൻറ പ്രധാന ആകർഷണം വൈകുന്നേരം നാലിന് ആരംഭിക്കുന്ന ‘മിറാക്കിൾ സെഷൻ’ ആയിരിക്കും. ഖുർആനിലെ 30 ജുസ്ഉകളിലെ ഏത് പദങ്ങളുടെയും അർത്ഥവും വ്യാഖ്യാനവും കമ്പ്യൂട്ടർ വേഗത്തിൽ പറയാൻ കഴിവ് നേടിയ 51 ഹാഫിളുകളെയാണ് ഈ വർഷം ആദരിക്കുന്നത്.
ഖുർആൻ വചനങ്ങളെ കുറിച്ച് ഹാഫിളുകളോട് നേരിട്ട് സംവദിക്കാൻ സദസ്യർക്ക് അവസരമുണ്ടാകും. ഹാഫിളുകൾക്ക് ഉത്തരം നൽകാൻ കഴിയാത്ത ചോദ്യങ്ങൾ ചോദിക്കുന്ന സദസ്യർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകും. ഖുർആൻ മനഃപാഠമാക്കിയ വിദ്യാർഥികളുടെ മാതാക്കളെ ‘പ്രകാശിത കിരീടം’ നൽകി വേദിയിൽ ആദരിക്കും.
അൽ മക്നൂൻ തഹീഫീളുൽ ഖുർആൻ സൊസൈറ്റി ഭാരവാഹികൾ, ദഅവാ സെൻറർ മേധാവികൾ, റിയാദ് മീഡിയ ഫോറം പ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക നേതാക്കൾ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. ഇന്ത്യക്ക് പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും നിലവിൽ ഈ കോഴ്സ് ലഭ്യമാണ്.
2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. താൽപ്പര്യമുള്ളവർക്ക് mahirulquran.org എന്ന വെബ്സൈറ്റ് വഴിയോ +966 50 746 2528 എന്ന നമ്പറിലോ ബന്ധപ്പെടാമെന്ന് സെൻറർ ഭാരവാഹികളായ അബ്ദുറസാഖ് സ്വലാഹി, അബ്ദുസ്സലാം ബുസ്താനി എന്നിവർ അറിയിച്ചു.
അബ്ദുൽ ജലീൽ കോഴിക്കോട്, അബ്ദുൽ വഹാബ് പാലത്തിങ്കൽ, അബ്ദുറസാഖ് എടക്കര, അബ്ദുന്നാസർ, സഈദ് തൃഷൂർ, നൗഷാദ് അലി കോഴിക്കോട്, ഫൈസൽ കൊളക്കോടൻ, ഫറാസ്, ഫർഹാൻ ഇസ് ലാഹീ, മുഹമ്മദ് റാശിക്, അംജദ് കുനിയിൽ, അഷ്റഫ് സയ്യിദ് തിരുവനന്തപുരം, കബീർ ആലുവ, അഹ്മദ് കബീർ പൂനൂർ, ഷംസുദ്ദീൻ പുനലൂർ, മുജീബ് അലി തൊടികപ്പുലം, നാജിൽ, വജിദ് ചെറുമുക്ക, ഇഖ്ബാൽ വേങ്ങര, മുഹമ്മദ് സഹിൽ തുടങ്ങിയവർ മേൽനോട്ടം വഹിക്കുന്ന വിപുലമായ സംഘാടക സമിതി സനദ് ദാന സമ്മേളനത്തിന് നേതൃത്വം നൽകും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.