റിയാദ്: നോർക്ക കെയർ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ മടങ്ങിയെത്തിയ പ്രവാസികളെ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാത്തതിനെ തുടർന്ന്, നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് കൊളശ്ശേരിക്കെതിരെ പ്രവാസി ലീഗൽ സെൽ (പി.എൽ.സി) കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു.
മടങ്ങിയെത്തിയ പ്രവാസികളെ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുകയോ പുതിയൊരു പദ്ധതി ആവിഷ്കരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നൽകിയ നിവേദനത്തിൽ ‘എത്രയും വേഗത്തിൽ’ തീരുമാനമെടുക്കാൻ 2025 സെപ്റ്റംബർ 26-ന് കേരള ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
ഇതിനെത്തുടർന്ന് നവംബർ 21-ന് സി.ഇ.ഒയുടെ അധ്യക്ഷതയിൽ ഹീയറിങ് നടക്കുകയും, ഇൻഷുറൻസ് പരിരക്ഷയ്ക്കായി പ്രത്യേക ‘റിസ്ക് പൂൾ’ രൂപവത്കരിക്കാമെന്ന നിർദ്ദേശം നോർക്ക അധികൃതർ തത്വത്തിൽ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും അന്തിമ ഉത്തരവ് പുറപ്പെടുവിക്കാൻ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ വീണ്ടും കോടതിയെ സമീപിച്ചത്.
ഹീയറിങ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഉത്തരവ് വൈകുന്നത് ആയിരക്കണക്കിന് മടങ്ങിയെത്തിയ പ്രവാസികളെ ആരോഗ്യ പരിരക്ഷയിൽ നിന്ന് പുറത്താക്കുന്നു. അംഗങ്ങൾ അടക്കുന്ന പ്രീമിയം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയായതിനാൽ സർക്കാരിന് ഇതിൽ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്നില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ, നോർക്ക സ്പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ എന്നിവർക്ക് നിവേദനം നൽകിയിട്ടും നടപടി ഉണ്ടാകാത്തതിൽ സംഘടന പ്രതിഷേധം അറിയിച്ചു. ഭരണപരമായോ സാമ്പത്തികമായോ തടസ്സങ്ങളില്ലാത്ത ഈ പദ്ധതിയിൽ മടങ്ങിയെത്തിയ പ്രവാസികളെ ഉൾപ്പെടുത്താൻ ഇൻഷുറൻസ് കമ്പനികളുമായി ധാരണയുണ്ടാക്കാൻ നോർക്ക തയ്യാറാകണമെന്നും നീതി ലഭിക്കാനാണ് ഞങ്ങൾ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും പ്രവാസി ലീഗൽ സെൽ ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.
മടങ്ങിയെത്തിയ പ്രവാസികൾക്ക് കൂടി ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്ന കാര്യത്തിൽ കോടതിയുടെ ഇടപെടലിലൂടെ ഉടനടി പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.