പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) ഭാരവാഹികൾ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിൽ 17 വർഷമായി പ്രവർത്തിച്ചുവരുന്ന പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) അതിന്റെ 17-ാം വാർഷികം 'അമൃതോത്സവം-2026' എന്ന പേരിൽ അതിഗംഭീരമായി ആഘോഷിക്കുന്നു. ഫെബ്രുവരി 12-ന് വ്യാഴാഴ്ച്ച വൈകിട്ട് എട്ട് മണി മുതൽ തഹ്‌ലിയ റോഡിലെ ലയാലി അൽ നൂർ ഓഡിറ്റോറിയത്തിൽ വെച്ചാണ് ആഘോഷങ്ങൾ അരങ്ങേറുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ കമ്മ്യൂനിറ്റി വെൽഫെയർ കോൺസുൽ കമലേഷ് കുമാർ മീണ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ പ്രമുഖ പ്രവാസി നേതാക്കളും കലാ, സാംസ്‌കാരിക പ്രവർത്തകരും സംബന്ധിക്കും.
പ്രശസ്ത സംഗീത സംവിധായകനും കീറ്റാറിസ്റ്റുമായ സുമേഷ് കൂട്ടിക്കൽ, ഗായകരായ മീംസ് മി, കലാഭവൻ രാജേഷ് എന്നിവർ നയിക്കുന്ന മെഗാ മ്യൂസിക് നൈറ്റാണ് ആഘോഷങ്ങളുടെ മുഖ്യ ആകർഷണം. കൂടാതെ, ജിദ്ദയിലെ ഫിനോം അക്കാദമി അവതരിപ്പിക്കുന്ന പഞ്ചഭൂത നൃത്തശില്പം, ബിന്ദു സണ്ണി അണിയിച്ചൊരുക്കുന്ന പി.ജെ.എസ് ലേഡീസ് വിങ് ടീം അവതരിപ്പിക്കുന്ന ഡാൻസ്, ദീപിക സന്തോഷും ഗൗരി നന്ദനയും അവതരിപ്പിക്കുന്ന സെമി ക്‌ളാസ്സിക്കൽ ഡാൻസ്, ദീപിക സന്തോഷ് അണിയിച്ചൊരുക്കി പി.ജെ.എസ് ഗേൾസ് അവതരിപ്പിക്കുന്ന ജൂനിയർ ഡാൻസ്, ഷറഫ് പത്തനംതിട്ട നേതൃത്വം നൽകുന്ന പി.ജെ.എസ് ബീറ്റ്‌സ് അംഗങ്ങളുടെ ഗാനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ വേദിയിൽ വിരുന്നെത്തും.
ചടങ്ങിൽ വിശിഷ്ട വ്യക്തിത്വങ്ങൾക്കുള്ള പുരസ്‌കാര സമർപ്പണവും നടക്കും. ഈ വർഷത്തെ ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡ് ഗായിക മുംതാസ് അബ്ദുറഹ്‌മാനും, ഷാജി ഗോവിന്ദ് മെമ്മോറിയൽ അവാർഡ് ഗുലൈൽ പോളിക്ലിനിക് എം.ഡി അർഷാദ് നൗഫലിനും സമ്മാനിക്കും. കഴിഞ്ഞ വർഷം പന്ത്രണ്ടാം ക്ലാസ്സിൽ മികച്ച വിജയം നേടി എഡ്യൂക്കേഷൻ അവാർഡിന് അർഹയായ ചിത്ര നായർക്കും ജീവകാരുണ്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 'പി.ജെ.എസ് ഐക്കൺ ഓഫ് ദി ഇയർ' പുരസ്‌കാരം നേടിയ അലി റാവുത്തർ തേക്കുതോടിനെയും ചടങ്ങിൽ ആദരിക്കും.
പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കൺവീനർ അനിൽകുമാർ പത്തനംതിട്ട (0538378734), പ്രസിഡന്റ് അയ്യൂബ് ഖാൻ പന്തളം (0502329342), പി.ആർ.ഒ വിലാസ് കുറുപ്പ് (0551056087) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. അയൂബ് ഖാൻ പന്തളം, സന്തോഷ് നായർ, മാത്യു തോമസ്, അനിൽകുമാർ പത്തനംതിട്ട, ജയൻ നായർ, എബി കെ ചെറിയാൻ, വിലാസ് കുറുപ്പ്, മനോജ് മാത്യു, ജോസഫ് വർഗീസ്, ഷാനവാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.