സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ റഷാദ് അൽഅലിമിയുമായും മറ്റ് പ്രതിനിധികളുമായും ചർച്ച നടത്തുന്നു

യമൻ പ്രതിസന്ധി; സമഗ്ര പരിഹാരത്തിന് സൗദി അറേബ്യ രംഗത്ത്​

റിയാദ്: ദീർഘകാലമായി തുടരുന്ന യമൻ പ്രതിസന്ധിക്ക് ശാശ്വതവും സമഗ്രവുമായ രാഷ്​ട്രീയ പരിഹാരം കാണാനുള്ള നീക്കങ്ങൾ ശക്തമാക്കി സൗദി അറേബ്യ. സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ ഡോ. റഷാദ് അൽഅലിമിയുമായി റിയാദിൽ കൂടിക്കാഴ്ച നടത്തി. യമനിൽ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള സൗദിയുടെ ശക്തമായ പിന്തുണ അദ്ദേഹം ആവർത്തിച്ചു.

ഐക്യരാഷ്​ട്രസഭയുടെ മേൽനോട്ടത്തിൽ യമനിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയുള്ള സമഗ്ര രാഷ്​ട്രീയ പരിഹാരത്തിനുള്ള സാധ്യതകൾ ചർച്ചയായി. തെക്കൻ യമനിലെ പ്രശ്നങ്ങൾക്ക് നീതിയുക്തമായ പരിഹാരം കാണുന്നതിന് ‘റിയാദ് കരാർ’ പ്രകാരമുള്ള ശ്രമങ്ങൾ തുടരണമെന്ന് അമീർ ഖാലിദ് ബിൻ സൽമാൻ ഊന്നിപ്പറഞ്ഞു. കേവലം രാഷ്​ട്രീയ ചർച്ചകൾക്ക് അപ്പുറം, യമനിലെ സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സാമ്പത്തിക-വികസന പാക്കേജുകൾക്ക് സൗദി ഉറപ്പുനൽകി.

യമനിലെ ജനതക്ക്​ സുരക്ഷിതത്വവും ഐശ്വര്യവും നിറഞ്ഞ ഭാവി കെട്ടിപ്പടുക്കുന്നതിന് സൗദി ഭരണകൂടം സദാ സന്നദ്ധമാണെന്നും അമീർ ഖാലിദ് ബിൻ സൽമാൻ വ്യക്തമാക്കി. യമനിലെ വിവിധ ഗവർണറേറ്റുകളിൽ ‘സൗദി ഡെവലപ്‌മെന്‍റ്​ ആൻഡ് റീകൺസ്ട്രക്ഷൻ പ്രോഗ്രാം’ വഴി നടപ്പാക്കി വരുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വരും നാളുകളിൽ കൂടുതൽ ഊർജിതമാക്കും. പുനർനിർമാണ പ്രവർത്തനങ്ങളിലൂടെ തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാനാണ് സൗദി ലക്ഷ്യമിടുന്നത്.

യമൻ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലിലെ മറ്റ് മുതിർന്ന അംഗങ്ങളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സമാധാന ശ്രമങ്ങളിൽ സൗദി അറേബ്യ നടത്തുന്ന നിർണായക ഇടപെടലുകൾക്ക് യമൻ ഭരണകൂടം നന്ദി അറിയിച്ചു.

Tags:    
News Summary - Yemen crisis; Saudi Arabia stands ready for a comprehensive solution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.