ത്വാഇഫിൽ ‘എഴുത്തുകാരുടെയും വായനക്കാരുടെയും’ ഉത്സവത്തിൽനിന്ന് (ഫയൽ ചിത്രം)
ത്വാഇഫ്: ത്വാഇഫിലെ ‘എഴുത്തുകാരുടെയും വായനക്കാരുടെയും’ ഉത്സവം വെള്ളിയാഴ്ച ആരംഭിക്കും. ‘നിങ്ങളുടെ സാന്നിധ്യം ഒരു നേട്ടമാണ്’ എന്ന ശീർഷകത്തിൽ അൽറുദ്ദഫ് പാർക്കിൽ സാഹിത്യ പ്രസിദ്ധീകരണ വിവർത്തന അതോറിറ്റി ഒരുക്കുന്ന ഉത്സവം ജനുവരി ഒമ്പത് മുതൽ 15 വരെ (ഏഴ് ദിവസം) നീണ്ടുനിൽക്കും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കുമായി സാഹിത്യം, അറിവ്, വിനോദം എന്നിവ സംയോജിപ്പിക്കുന്ന സാംസ്കാരിക സമ്മേളനമാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.
സാഹിത്യമേഖലയിൽ യുനെസ്കോയുടെ ക്രിയേറ്റിവ് സിറ്റീസ് നെറ്റ്വർക്കിന്റെ ഭാഗമായി നിയുക്തമാക്കപ്പെട്ട രാജ്യത്തെ ആദ്യത്തെ നഗരമാണ് ത്വാഇഫ്. ഉത്സവത്തിന് ആതിഥേയത്വം വഹിക്കാൻ ത്വാഇഫിനെ തിരഞ്ഞെടുത്തത് അതിെൻറ ആഴത്തിൽ വേരൂന്നിയ സാംസ്കാരിക നിലയെ ശക്തിപ്പെടുത്തുന്നു. സമ്പന്നമായ സാഹിത്യ പൈതൃകവും വളർന്നുവരുന്ന സാംസ്കാരിക രംഗവും പ്രാദേശിക, അന്തർദേശീയ സാംസ്കാരിക ഭൂപടത്തിൽ സാന്നിധ്യം ഉറപ്പിക്കുകയും സൃഷ്ടിപരവും ബൗദ്ധികവുമായ പരിപാടികൾക്ക് ഒരു പരിപോഷണ അന്തരീക്ഷമാക്കി മാറ്റുകയും ചെയ്യുന്നു.
ഈ ഉത്സവം സാംസ്കാരിക മേഖലയെ വികസിപ്പിക്കാനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ തുടർച്ചയാണ്.
സാഹിത്യത്തിന്റെയും വിനോദത്തിന്റെയും വൈവിധ്യപൂർണമായ പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് സാഹിത്യത്തിന്റെ പങ്ക് എടുത്തുകാണിക്കാനും പ്രാദേശിക, അന്തർദേശീയ എഴുത്തുകാരുടെ പങ്കാളിത്തം ആഘോഷിക്കാനും ഇത് ശ്രമിക്കുന്നു. കവിതാ വായന, സംഗീത പ്രകടനങ്ങൾ, പ്രകടന കലകൾ, കലാപ്രദർശനങ്ങൾ, സംവേദനാത്മക പ്രദർശനങ്ങൾ എന്നിവ ഉത്സവ പരിപാടികളിൽ ഉൾപ്പെടുന്നു. എല്ലാ ദിവസവും വൈകുന്നേരം നാല് മുതൽ അർധരാത്രി വരെ ഫെസ്റ്റിവൽ സന്ദർശകരെ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.