റിയാദ്: ലോകപ്രശസ്ത ചൈനീസ് 'ഓപ്പറ കാർമൻ' കലാവിനോദം ഇതാദ്യമായി റിയാദിൽ വരുന്നു. റോയൽ കമീഷൻ ഫോർ റിയാദ് സിറ്റി (ആർ.സി.ആർ.സി) ആണ് ഫ്രഞ്ച് സംഗീതസംവിധായകൻ ജോർജ് ബിസെറ്റിന്റെ പ്രശസ്തമായ 'ഓപ്പറ കാർമൻ' റിയാദിലെത്തിക്കുന്നത്. റിപ്പബ്ലിക് ഓഫ് ചൈനയും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 35ാം വാർഷികം 'ചൈന-സൗദി അറേബ്യ സാംസ്കാരിക വർഷ'മായി ഈ വർഷം ആചരിക്കുന്നു.
ലോകപ്രശസ്ത ചൈനീസ് 'ഓപ്പറ കാർമൻ' കലാപരിപാടിയിൽ നിന്നുള്ള വിവിധ രംഗങ്ങൾ
അതിന്റെ ഭാഗമായാണ് 'ഓപ്പറ കാർമൻ' കലാവിനോദം റിയാദിലെത്തുന്നത്. ചൈന നാഷനൽ ഓപ്പറ ഹൗസ് (സി.എൻ.ഒ.എച്ച്) അവതരിപ്പിക്കുന്ന 'ഓപ്പറ കാർമൻ' തന്നെ ആണ് 2025 സാംസ്കാരിക കലണ്ടറിലെ ഒരു പ്രധാന ആകർഷണം.സെപ്റ്റംബർ നാലു മുതൽ ആറു വരെ രാത്രി എട്ടു മണിക്ക് റിയാദ് കിങ് ഫഹദ് കൾചറൽ സെന്ററിൽ വെച്ച് തുടർച്ചയായി മൂന്നു പ്രകടനങ്ങൾ നടക്കും. ഫ്രഞ്ച് സംഗീതസംവിധായകൻ ജോർജ് ബിസെറ്റിന്റെ നാല് ആക്ടുകളുള്ള മാസ്റ്റർപീസായ കാർമൻ 1875 മാർച്ച് മൂന്നിന് പാരീസിലെ ഓപ്പറ കൊമിക്കിൽ വെച്ചാണ് ആദ്യമായി പ്രദർശിപ്പിക്കുന്നത്. അതിനുശേഷം ഏകദേശം ഒന്നര നൂറ്റാണ്ടായി പ്രേക്ഷകരെ ആകർഷിച്ച് ആഗോളതലത്തിൽ ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെടുന്ന ഓപ്പറകളിൽ ഒന്നായി ഇത് മാറി. സംഭാഷണങ്ങളും ഗാനങ്ങളും ഇടകലർന്നാണ് ഇതിന്റെ അവതരണം. സ്വാതന്ത്ര്യം, വിധി, അസൂയ, വിശ്വാസവഞ്ചന എന്നീ വിഷയങ്ങൾ ഉൾപ്പെടുന്ന ഡോൺ ജോസെ എന്ന പട്ടാളക്കരന്റെ അധഃപതനത്തെക്കുറിച്ചുള്ള കഥയാണിത്. അയാളെ ഊർജസ്വലയായ ജിപ്സി യുവതിയായ കാർമൻ വശീകരിക്കുന്നു. ഇവർ തമ്മിലുള്ള വികാരഭരിതവും പ്രക്ഷുബ്ധവുമായ പ്രണയത്തെ കേന്ദ്രീകരിച്ചാണ് കഥാതന്തു.
'ഓപ്പറ കാർമൻ' കലാപരിപാടിയിൽ അണിനിരക്കുന്ന മുഴുവൻ കലാകാരന്മാരും
പരിപാടി കാണുന്നതിന് carmen.platinumlist.net എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകൾ കരസ്ഥമാക്കാം. സൗദി വിഷൻ 2030 ന് അനുസൃതമായി ക്ലാസിക്കൽ, സമകാലിക കലാരൂപങ്ങൾ ഉൾക്കൊള്ളുന്ന ലോകോത്തര പരിപാടികളിലൂടെ റിയാദിന്റെ കല, സാംസ്കാരിക വേദികളെ സമ്പന്നമാക്കുന്നതിനുള്ള ആർ.സി.ആർ.സിയുടെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായാണ് ചൈനീസ് 'ഓപ്പറ കാർമൻ' കലാവിനോദം റിയാദിൽ
അരങ്ങേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.