അബ്ദുൽ സമദ്
ജുബൈൽ: വാഹനാപകടത്തിൽപെട്ട് നാല് മാസമായി ഗുരുതരാവസ്ഥയിൽ ജുബൈലിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കണ്ണൂർ ഇരിക്കൂർ പെരുവളത്തുപറമ്പ് സ്വദേശി അബ്ദുൽ സമദിനെ (55) വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിച്ചു. ദമ്മാമിൽ നിന്നുള്ള ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ സ്ട്രെച്ചറിന്റെ സഹായത്തോടെ കൊളംബോ വഴിയാണ് ഇദ്ദേഹത്തെ കൊച്ചിയിലെത്തിച്ചത്. യാത്രയിൽ സഹായിയായി ഒരു നഴ്‌സും കൂടെയുണ്ടായിരുന്നു. നാട്ടിലെത്തിയ ഉടൻ തന്നെ ബന്ധുക്കൾ ഇദ്ദേഹത്തെ തുടർ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ഒക്ടോബറിൽ ഖഫ്ജിയിൽ നിന്ന് മടങ്ങുന്നതിനിടെ അബൂ ഹൈദരിയ റോഡിലുണ്ടായ അപകടത്തിലാണ് അബ്ദുൽ സമദിന് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ ജുബൈൽ അൽമന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തെ രണ്ട് അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയിരുന്നു. ചികിത്സയുടെ ഭാഗമായി ഒരു കാൽ മുറിച്ചുമാറ്റേണ്ടതായും വന്നു.
15 വർഷം മുമ്പ് ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയ സമദ്, കഴിഞ്ഞ ഏഴു വർഷമായി ഇഖാമയോ ഇൻഷുറൻസോ ഇല്ലാതെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഹുറൂബിലും അകപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ ചികിത്സക്കായി ഭീമമായ തുകയാണ് ചെലവായത്. സുമനസ്സുകളുടെയും സുഹൃത്തുക്കളുടെയും നിരന്തര പരിശ്രമത്തിനൊടുവിലാണ് യാത്രാരേഖകൾ ശരിയായത്. നാട്ടിലേക്കുള്ള യാത്രാ ചെലവുകൾ പൂർണമായും ഇന്ത്യൻ എംബസിയാണ് വഹിച്ചത്. ഗുരുതരമായി പരിക്കേറ്റെങ്കിലും സമദിന് മികച്ച ചികിത്സ ലഭ്യമാക്കാൻ സാധിച്ചതായി സാമൂഹിക പ്രവർത്തകൻ അബ്രഹാം മാത്യു പറഞ്ഞു.
ദമ്മാമിലെയും ജുബൈലിലെയും സാമൂഹിക പ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളും ആശുപത്രി സന്ദർശിച്ച് ആവശ്യമായ എല്ലാ പിന്തുണയും നൽകിയിരുന്നു. സങ്കീർണമായ നിയമക്കുരുക്കുകൾ പരിഹരിച്ച് നാട്ടിലെത്തിക്കാൻ സഹായിച്ച ഇന്ത്യൻ എംബസിക്കും മറ്റ് സുമനസുകൾക്കും അബ്ദുൽ സമദും കുടുംബവും നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.