റിയാദിൽ ലോക ഈത്തപ്പഴമേള: മധുവൂറും ഉത്സവ നഗരിയിലേക്ക് സന്ദർശക പ്രവാഹം

റിയാദ്: മധുരം കിനിയുന്ന അറേബ്യൻ ഈത്തപ്പഴങ്ങളുടെ പ്രദർശനവും വിൽപനയുമായി റിയാദിൽ ‘വേൾഡ് ഓഫ് ഡേറ്റ്സ്’ ഈത്തപ്പഴ മേള പുരോഗമിക്കുന്നു. ഈ മാസം 25ന്​ ഉദ്​ഘാടനം ചെയ്യപ്പെട്ട മേള ഡിസംബർ നാല്​ വരെ നീളും. വൈകീട്ട്​ നാല്​ മുതൽ രാത്രി 11 വരെയാണ്​ സന്ദർശനസമയം. പ്രവേശനം പൂർണമായും സൗജന്യമാണ്​. ഈത്തപ്പഴങ്ങളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും പ്രദർശനത്തിനും വിൽപനക്കും പുറമെ വിവിധ സാംസ്​കാരിക പരിപാടികളും അരങ്ങേറുന്നുണ്ട്​. റിയാദിലെ കിങ്​ സഊദ് യൂനിവേഴ്‌സിറ്റി കാമ്പസിലെ ഉത്സവനഗരി വലിയ സന്ദർശക പ്രവാഹത്തിനാണ്​ സാക്ഷ്യം വഹിക്കുന്നത്​.

റിയാദ്​, അൽ ഖസീം, മദീന, ഹാഇൽ, അൽ ജൗഫ്, അൽ അഹ്​സ തുടങ്ങി വിവിധ പ്രവിശ്യകളിൽനിന്നുള്ള ഈത്തപ്പഴ കച്ചവടക്കാരുടെയും കർഷകരുടെയും സ്​റ്റാളുകൾ വിശാലമായ മേളനഗരിയിൽ നിരന്നിട്ടുണ്ട്. ഈത്തപ്പഴ വിൽപന സ്ഥാപനങ്ങൾക്ക് അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽപന നടത്താനും പ്രത്യേക പവലിയനുകളുണ്ട്. സന്ദർശകരായെത്തുന്നവർക്ക് ഈത്തപ്പഴം രുചിക്കാനും വാങ്ങാനും മേളയിൽ അവസരമുണ്ട്. അജ്‌വ, സുക്കരി, മബ്‌റൂമ്, സാരി, റബീഅ, അംബർ, മജ്‌ഹുൽ, സഫാവി, അൽഖലാസ് തുടങ്ങി പലയിനം ഈത്തപ്പഴങ്ങളുള്ള പ്രദർശന നഗരിയിൽ സന്ദർശകർക്ക് വാങ്ങുന്നതിനും ഈത്തപ്പഴത്തി​ന്റെ കാർഷിക രീതികൾ പഠിക്കുന്നതിനും സുവർണാവസരമാണ്.

ആകർഷകമായ അന്തരീക്ഷത്തിൽ ഒരുക്കിയ ഉത്സവ നഗരി ഈത്തപ്പഴങ്ങൾ മാത്രമല്ല അറേബ്യൻ ഗഹ്‌വ, ഈത്തപ്പഴ സിറപ്പുകൾ, ബേക്കറി ഉൽപന്നങ്ങൾ, മിലാഫ്​ കോള, ഖിൽജ ബിസ്കറ്റ് തുടങ്ങി അറേബ്യൻ ഭക്ഷണ സംസ്കാരത്തി​ന്റെ പ്രദർശനം കൂടിയാണ് ‘വേൾഡ് ഓഫ് ഡേറ്റ്സ്’. റിയാദ്​ മെട്രോയും ബസും മുതൽ നഗരത്തി​ന്റെറ മുക്കിലും മൂലയിലുംനിന്ന്​ പൊതുഗതാഗത സംവിധാനം എത്തുന്ന സ്ഥലമാണ് മേള നടക്കുന്ന കിങ്​ സഊദ് യൂനിവേഴ്‌സിറ്റി. മെട്രോ റെഡ് ലൈനിലെ അവസാന സ്​റ്റേഷനാണ്​ യൂനിവേഴ്​സിറ്റിയുടെ പ്രധാന കവാടം. ബസ്​ റൂട്ടും ഇവിടേക്കുണ്ട്​. സ്വകര്യവാഹനത്തിലും നാഗരിയിലേക്കെത്താവുന്നതാണ്.

മേളയിലെത്തുന്ന സന്ദർശകരെ അറബ് ആതിഥേയ ശൈലിയിൽ സ്വീകരിക്കാൻ എല്ലാ ദിവസവും സൗദി കലാകാരന്മാർ അവതരിപ്പിക്കുന്ന അർദ, ദഫ്ഫ് അടക്കമുള്ള വിവിധ കലാപ്രകടനങ്ങളും കവിയരങ്ങും മേള നഗരിയിൽ അരങ്ങേറുന്നുണ്ട്​. രാജ്യത്തി​ന്റെ പൈതൃകം പറയുന്ന കലാകാരന്മാരും കാൻവാസിൽ രാജ്യത്തി​ന്റെ ചരിത്രം വരക്കുന്ന ലൈവ് ചിത്ര രചനകളും പവലിയനിലുണ്ട്. കുട്ടികൾക്കായി പ്രതേക സ്​റ്റേജ് ഷോകളും മത്സരങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. സൗദി അറേബ്യയുടെ വ്യത്യസ്ത പ്രാവശ്യകളിലെ സാംസ്കാരിക കൈമാറ്റങ്ങളുടെ വേദി കൂടിയാണ് നഗരി.

പ്രവേശനം സൗജന്യം

പൂർണമായും സൗജന്യമായ മേളയിലേക്ക് കുട്ടികൾക്കും മുതിർന്നവർക്കും പ്രവേശനമുണ്ട്. ‘webook.com’ ആപ്​ വഴി മുൻകൂട്ടി ഫ്രീ ടിക്കറ്റ് എടുക്കാം. ടിക്കറ്റ് സ്കാൻ ചെയ്ത് അതത് ദിവസത്തേതാണെന്ന് ബോധ്യപ്പെട്ടാലേ അകത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. അറബ് സ്‌കൂൾ അവധിയും വാരാന്ത്യവും ആയതിനാൽ ആൾത്തിരക്ക് കൂടുതലാണ്. പോകാനുദ്ദേശിക്കുന്ന ദിവസം രാവിലെ മുതൽ തന്നെ ടിക്കറ്റ്​ ബുക്ക്​ ചെയ്യാൻ ശ്രമിക്കണം. വൈകിയാൽ ‘സോൾഡ്​ ഔട്ട്​’ ആകും.

കാർഷിക സെമിനാറുകൾ

പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയം സംഘാടകരായ മേളയിൽ ഈത്തപ്പഴ ഉൽപാദന രംഗത്തെ ആധുനിക സംവിധാനങ്ങളെയും വാണിജ്യസാധ്യതകളെയും കുറിച്ച്​ പഠിക്കാനും ആശയങ്ങൾ പങ്കുവെക്കാനും ലോകത്തി​ന്റെറ വിവിധ തുറകളിൽനിന്ന് വിദഗ്ദ്ധരും പ്രസംഗകരും വിവിധ സെമിനാറുകളിൽ പങ്കെടുത്ത് സംസാരിക്കും. സൗദി ഈത്തപ്പഴം ആഗോള തലത്തിൽ പരിചയപ്പെടുത്താനും വിൽപന വർധിപ്പിക്കുന്നതിനും ‘വേൾഡ് ഓഫ് ഡേറ്റ്സ്’ വഴിയൊരുക്കും.

‘വിഷൻ 2030’ൽ എണ്ണയിതര വരുമാനം കണ്ടെത്താനുള്ള പദ്ധതികളിൽ പ്രധാനപ്പെട്ട മേഖലയാണ് കൃഷിയും ഈത്തപ്പഴ വിൽപനയും കയറ്റുമതിയും. രാജ്യത്ത് ഈന്തപ്പഴ വിപണി അഭൂതപൂർവമായ വളർച്ചക്കാണ് സാക്ഷ്യം വഹിക്കുന്നത്. ജനറൽ അതോറിറ്റി ഫോർ സ്​റ്റാറ്റിസ്​റ്റിക്സി​ന്റെറ കണക്കുകൾ പ്രകാരം 2024ൽ ഉൽപാദനം 19 ലക്ഷം ടൺ കവിഞ്ഞു.

133 രാജ്യങ്ങളിലേക്ക് 170 കോടി സൗദി റിയാൽ മൂല്യമുള്ള ഈന്തപ്പഴം കയറ്റുമതി ചെയ്തു. മുൻ വർഷത്തേക്കാൾ ഗണ്യമായി വർധനവാണിത്. 2025ലെ സ്​റ്റാറ്റിസ്​റ്റിക്സ് പുറത്തുവരുമ്പോൾ വൻ വളർച്ചയാണ് ഉണ്ടാകാൻ സാധ്യതയുള്ളതെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. ഈ വളർച്ച രാജ്യത്തി​ന്റെറ ശക്തമായ ഉൽപാദന ശേഷിയെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ആഗോള വ്യാപനം വികസിപ്പിക്കുന്നതിനും വിതരണ ശൃംഖലകൾ വികസിപ്പിക്കുന്നതിനുമുള്ള സർക്കാർ ശ്രമങ്ങളുടെ ഫലമാണ്.

റിയാദിലെ കിങ്​ സഊദ് യൂനിവേഴ്‌സിറ്റി കാമ്പസിൽ ആരംഭിച്ച ഈത്തപ്പഴ മേളയിൽനിന്ന്​

Tags:    
News Summary - World Date Fair in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.