സൗദി-തുർക്കിയ ബന്ധം കൂടുതൽ കരുത്താർജ്ജിക്കുന്നു; കിരീടാവകാശിയും ഉർദുഗാനും ചർച്ച നടത്തി

റിയാദ്: സൗദി അറേബ്യയും തുർക്കിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലേക്ക്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും റിയാദിൽ കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച വൈകിട്ട് റിയാദിലെത്തിയ ഉർദുഗാന് യമാമ കൊട്ടാരത്തിൽ ഔദ്യോഗിക സ്വീകരണമാണ് നൽകിയത്. ഉഭയകക്ഷി സഹകരണം, പ്രതിരോധം, ഊർജ്ജം, പ്രാദേശിക സുസ്ഥിരത തുടങ്ങിയ പ്രധാന വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.

വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും വികസന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ധാരണയായി. പുനരുപയോഗ ഊർജ്ജം, പ്രതിരോധ വ്യവസായം എന്നീ മേഖലകളിൽ സൗദിയുമായി ചേർന്ന് പുതിയ ചുവടുവെപ്പുകൾ നടത്തുമെന്ന് ഉർദുഗാൻ വ്യക്തമാക്കി. സിറിയയിലെ സമാധാനശ്രമങ്ങളെ തുർക്കിയ പിന്തുണയ്ക്കുമെന്നും, സിറിയയുടെ പുനർനിർമ്മാണത്തിൽ സൗദിയുമായുള്ള സഹകരണം തുടരുമെന്നും അദ്ദേഹം അറിയിച്ചു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പുതിയ സംഭവവികാസങ്ങളും അവ നേരിടാനുള്ള സംയുക്ത ശ്രമങ്ങളും നേതാക്കൾ അവലോകനം ചെയ്തു.

"സൗദി അറേബ്യയുമായുള്ള ബന്ധം ഏറ്റവും ഉയർന്ന തലത്തിലേക്ക് എത്തിക്കാനാണ് അങ്കാറ ആഗ്രഹിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ പങ്കാളിത്തം മേഖലയുടെ സുരക്ഷയ്ക്കും സാമ്പത്തിക വികസനത്തിനും കരുത്താകും." - റജബ് ത്വയ്യിബ് ഉർദുഗാൻ. ഔദ്യോഗിക സന്ദർശനത്തിനായി പ്രതിനിധി സംഘത്തോടൊപ്പമാണ് തുർക്കിയ പ്രസിഡന്റ് റിയാദിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിൽ ഈ സന്ദർശനം നിർണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    
News Summary - Saudi-Turkish relations are getting stronger; Crown Prince and Erdogan hold talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.