റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിലെ ബത്ഹയിൽ പ്രവർത്തിക്കുന്ന പ്രമുഖ ആരോഗ്യ കേന്ദ്രമായ സഫ മക്ക പോളിക്ലിനിക്കിന് സൗദി സെൻട്രൽ ബോർഡ് ഫോർ അക്രഡിറ്റേഷൻ ഓഫ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ (CBAHI) ഗുണനിലവാര അംഗീകാരം ലഭിച്ചു. ആരോഗ്യമേഖലയിലെ മികച്ച സേവനങ്ങളും രോഗീ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചതിനാണ് ഈ അന്താരാഷ്ട്ര നിലവാരത്തിലുള്ള അംഗീകാരം തേടിയെത്തിയത്.
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള കർശനമായ പരിശോധനകൾക്കും ഗുണനിലവാര വിലയിരുത്തലുകൾക്കും ശേഷമാണ് സഫ മക്കയ്ക്ക് ഈ സർട്ടിഫിക്കേഷൻ ലഭിച്ചത്. രോഗീ പരിചരണം, ക്ലിനിക്കൽ സേവനങ്ങൾ, ലാബ് സൗകര്യങ്ങൾ, ഫാർമസി, അണുബാധ നിയന്ത്രണം തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ മികവ് പരിശോധനയിൽ വിലയിരുത്തപ്പെട്ടു.
മികച്ച ചികിത്സാ സൗകര്യങ്ങളും മിതമായ നിരക്കും ഉറപ്പാക്കുന്നതിനൊപ്പം, രോഗികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ഈ അംഗീകാരം തങ്ങൾക്ക് പ്രചോദനമാകുമെന്ന് ക്ലിനിക്ക് മാനേജ്‌മെന്റ് അറിയിച്ചു.
അംഗീകാരം ലഭിച്ചതിൽ സന്തോഷം പങ്കിടാൻ ക്ലിനിക്കിൽ നടന്ന ചടങ്ങിൽ മാനേജ്‌മെന്റ് പ്രതിനിധികളും ഡോക്ടർമാരും ജീവനക്കാരും പങ്കെടുത്തു. ജനറൽ മാനേജർ ഫഹദ് അൽ അനസി, എച്ച്.ആർ വിഭാഗം പ്രതിനിധി ഹയ അൽ ബഷീർ, ക്വാളിറ്റി കൺട്രോൾ വിഭാഗത്തിലെ മനൽ അൽ അനസി, ഐ.ടി മാനേജർ ഫാത്തിമ അൽ അനസി, എഫ്.എം.എസ് ഡയറക്ടർ അമാനി അൽ അനസി, പി.ആർ.എഫ്.ഒ ഹെബ അൽ സാലിഹ്, റേഡിയോളജി വിഭാഗം മേധാവി അബ്ദുള്ള അൽ സുവൈത്തി, ലാബ് സ്പെഷ്യലിസ്റ്റും ഇൻഫെക്ഷൻ കൺട്രോൾ ഓഫീസറുമായ ഖാലിദ് അൽ അനസി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
റേഡിയോളജി വിഭാഗത്തിൽ നിന്ന് ഷഹദ് അബ്ദുൽ അസീസ്, ഫൈസൽ അൽ മുഖ്‌ലഫി, ലാബ് വിഭാഗത്തിൽ നിന്ന് സൗദ് അൽ ഖഹ്താനി, മംദൂഹ് അൽ ബഖാമി, വായേൽ അൽ അഖീൽ എന്നിവരും സന്നിഹിതരായിരുന്നു.
ഡോ. ബാലകൃഷ്ണൻ, ഡോ. ഗോപേഷ്, ഡോ. തോമസ്, ഡോ. മുഹമ്മദ് ലബ്ബ, ഡോ. ദാസ്, ഡോ. നസീർ അഹമ്മദ്, ഡോ. മുഹമ്മദ് ഗുലാം, ഡോ. ഷേർ ഹൈദർ, ഡോ. രഹന, ഡോ. റഹ്മ, ഡോ. റൈഹാന, ഡോ. മിനി, ഡോ. മുനീറ, ഡോ. ലുബൈന, ഡോ. അൻസാരി, ഡോ. മണി, ബീർ മുഹമ്മദ് തുടങ്ങി നിരവധി പ്രമുഖ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
രോഗികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ ക്ലിനിക്ക് പുലർത്തുന്ന ജാഗ്രതയ്ക്കുള്ള അംഗീകാരമാണ് സിബാഹി സർട്ടിഫിക്കേഷനെന്ന് മാനേജ്‌മെന്റ് അറിയിച്ചു. മികച്ച ടീം വർക്കിലൂടെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ച എല്ലാ ജീവനക്കാരെയും ചടങ്ങിൽ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.