ഒരു ജനാധിപത്യ ഭരണക്രമത്തിൽ ഒരു മന്ത്രി രാജിവെക്കുക എന്നത് കേവലം ഭരണപരവും രാഷ്ട്രീയപരവുമായ ഉത്തരവാദിത്ത നിർവഹണത്തിെൻറ ഭാഗമാണ്. എന്നാൽ, ധർമേന്ദ്ര പ്രധാെൻറ രാജിയെ ‘രാജ്യസ്നേഹം’ കൊണ്ടാണെന്ന് വിശേഷിപ്പിക്കുന്നത് യാഥാർഥ്യത്തേക്കാൾ ഉപരി പൊളിറ്റിക്കൽ പ്രൊപ്പഗാണ്ടയുടെ ഭാഗമായേ കാണാൻ കഴിയൂ.
ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്ന ഒരു തീരുമാനത്തെ അസാധാരണമായ ദേശസ്നേഹത്തിെൻറ പ്രതീകമായും വീരകൃത്യമായും അവതരിപ്പിക്കുന്നത് ജനങ്ങളുടെ വിവേകത്തെയും രാഷ്ട്രീയബോധത്തെയും വിലകുറച്ചു കാണുന്നതിന് തുല്യമാണ്.
രാജി ഇത്രയും മഹത്തായ രാജ്യസ്നേഹത്തിെൻറ പ്രകടനമായിരുന്നുവെങ്കിൽ, എന്തുകൊണ്ടാണ് ഇത്രയും നാൾ ‘രാജി വേണ്ട’ എന്ന നിലപാടിൽ കേന്ദ്ര സർക്കാർ ഉറച്ചുനിന്നത് എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നുവരുന്നുണ്ട്. ഒടുവിൽ ശക്തമായ ജനവികാരത്തിെൻറയും പ്രതിഷേധങ്ങളുടെയും സമ്മർദത്തിന് വഴങ്ങി രാജി സ്വീകരിക്കേണ്ടിവന്ന സാഹചര്യത്തെ ഒരു വിജയഗാഥയായി ചിത്രീകരിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല. രാഷ്ട്രീയ വ്യാഖ്യാനങ്ങൾ എന്തൊക്കെ നൽകിയാലും വസ്തുതകളെ മാറ്റിമറിക്കാൻ സാധിക്കില്ല.
ഇതിനേക്കാൾ ഗൗരവമേറിയ മറ്റൊരു വിഷയം, ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെയും ജനങ്ങളെയും ‘രാജ്യവിരുദ്ധ ശക്തികൾ’ എന്ന് മുദ്രകുത്താനുള്ള ശ്രമമാണ്. ജനാധിപത്യത്തിൽ ചോദ്യം ചെയ്യാനും ഭിന്നാഭിപ്രായം രേഖപ്പെടുത്താനും പ്രതിഷേധിക്കാനും ജനങ്ങൾക്ക് പൂർണ അവകാശമുണ്ട്.
ഭരണകൂടത്തെ വിമർശിക്കുന്നവരെ രാജ്യവിരുദ്ധരായി ചിത്രീകരിക്കുന്നതും, ജനങ്ങളുടെ അവകാശങ്ങളെ ദേശസ്നേഹത്തിെൻറയും ദേശദ്രോഹത്തിെൻറയും അളവുകോലിൽ അളക്കുന്നതും ജനാധിപത്യത്തിെൻറ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത് ജനാധിപത്യ സംസ്കാരത്തെ ദുർബലപ്പെടുത്തുകയേ ഉള്ളൂ. രാഷ്ട്രീയ നേതാക്കളെ വിമർശനാതീതരായി അവതരിപ്പിക്കുന്നതും അവരുടെ ഓരോ നടപടിക്കും ‘രാജ്യസ്നേഹം’ എന്ന വിശേഷണം ചാർത്തിക്കൊടുക്കുന്നതും ഒരു ജനാധിപത്യ സമൂഹത്തിന് ഒട്ടും ഗുണകരമല്ല. തെറ്റുകൾ സംഭവിച്ചാൽ അത് അംഗീകരിക്കാനും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും തയാറാകുന്നതിലാണ് ജനാധിപത്യത്തിെൻറ യഥാർഥ ശക്തി കിടക്കുന്നത്.
ജനങ്ങൾക്ക് ആവശ്യം വ്യക്തിപൂജയോ രാഷ്ട്രീയ വീരകഥകളോ അല്ല, മറിച്ച് സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഭരണമാണ്. രാജ്യസ്നേഹം എന്നത് വെറും വാക്കുകളിലൂടെയോ രാഷ്ട്രീയ പ്രസ്താവനകളിലൂടെയോ തെളിയിക്കേണ്ട ഒന്നല്ല; മറിച്ച് ജനങ്ങളോടുള്ള പ്രതിബദ്ധതയിലും ഭരണത്തിെൻറ സത്യസന്ധതയിലുമാണ് അതിെൻറ യഥാർഥ അർഥം പ്രകടമാകേണ്ടത്. അതിനാൽ, ഒരു രാജിയെ രാജ്യസ്നേഹത്തിെൻറ പര്യായമാക്കി മാറ്റി നിർത്താൻ ശ്രമിക്കുന്നത് ജനങ്ങളുടെ രാഷ്ട്രീയ വിവേകത്തെ അപമാനിക്കൽ മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.