ദമ്മാം ഇസ്‌ലാമിക് കൾച്ചറൽ സെൻറർ മലയാള വിഭാഗം തലവൻ അബ്ദുൽ ജബ്ബാർ അബ്ദുല്ല അൽ മദീനി പാനൽ ഡിസ്കഷൻ നയിക്കുന്നു, ജുബൈൽ ദഅവ സമ്മേളനത്തിൽനിന്ന്

‘ഇസ്‌ലാം സമാധാനവും നിർഭയത്വവും’ ജുബൈൽ ദഅവ സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം

ജുബൈൽ: ‘ഇസ്‌ലാം സമാധാനവും നിർഭയത്വവും’ എന്ന ശീർഷകത്തിൽ സൗദിയിലെ ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ദേശീയ തലത്തിൽ നടത്തുന്ന കാമ്പയിെൻറ കിഴക്കൻ പ്രവിശ്യാതല ഉദ്ഘാടന സമ്മേളനം ജുബൈൽ ദഅവാ ആൻഡ് ഗൈഡൻസ് സെൻറർ അങ്കണത്തിൽ സമാപിച്ചു.

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം നിർവഹിച്ചു. സമാധാനവും നിർഭയത്വവും ഉദ്ഘോഷിക്കുന്ന ഇസ്‌ലാം മതത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ ലോകമെമ്പാടും നടക്കുന്നുണ്ടെന്നും, അത്തരം ശ്രമങ്ങളെ ശക്തമായി പ്രതിരോധിച്ചുകൊണ്ട് യഥാർത്ഥ സ്രോതസ്സുകളിൽ നിന്ന് ഇസ്‌ലാമിനെ പരിചയപ്പെടാൻ ജനങ്ങളെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഇസ്‌ലാമിെൻറ വിശ്വാസ ആചാരങ്ങൾ സ്വന്തം ജീവിതത്തിലൂടെ പ്രതിഫലിപ്പിക്കാൻ മുസ്ലിം സമൂഹം കൂടുതൽ പ്രയത്നിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാലു സെഷനുകളിലായി നടന്ന സമ്മേളനത്തിൽ അബ്ദുറഷീദ് കുട്ടമ്പൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. സ്ത്രീകൾക്ക് ഒരു വിലയും കൽപ്പിക്കാതിരുന്ന ആറാം നൂറ്റാണ്ടിൽ പ്രവാചകൻ മുഹമ്മദ് നബി അവർക്ക് പ്രത്യേക അവകാശങ്ങളോടെ ഏറ്റവും മഹത്തായ സ്ഥാനം നൽകി ആദരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ഇബ്രാഹിം അൽ ഹികമി മോഡറേറ്ററായ പാനൽ ഡിസ്കഷൻ ദമ്മാം ഇസ്‌ലാമിക് കൾച്ചറൽ സെൻറർ മലയാള വിഭാഗം തലവൻ അബ്ദുൽ ജബ്ബാർ അബ്ദുല്ല അൽ മദീനി നയിച്ചു. ഇരു ഹറമുകളുടെയും സേവകരായി മുസ്ലിം ലോകത്തിന് ഏറെ സംഭാവനകൾ നൽകി വരുന്ന സൗദി അറേബ്യയുടെ പരിശ്രമങ്ങളെ അടുത്തറിയണമെന്ന് അദ്ദേഹം വ്യക്തമാക്കി. പവിത്ര സ്ഥലങ്ങളായ മക്കയിലേക്കും മദീനയിലേക്കും തീയമ്പുകൾ അയക്കുന്ന ഇസ്‌ലാമിെൻറ ശത്രുക്കളുടെ ഹീനമായ പ്രവർത്തനങ്ങൾ ആശ്ചര്യകരമാണെന്നും അവരെ തിരിച്ചറിയുകയും ശക്തമായി അപലപിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

ആദർശ സെഷനിൽ അൽ ഖോബാർ റാക്ക ദഅവാ സെൻറർ പ്രബോധകൻ സർഫറാസ് സ്വലാഹി പ്രഭാഷണം നിർവഹിച്ചു. ലോക സ്രഷ്ടാവും നിയന്താവുമായ ഏകനായ അല്ലാഹുവിന് മാത്രമാണ് അവെൻറ സൃഷ്ടികൾ ആരാധനകൾ അർപ്പിക്കേണ്ടതെന്ന മൗലിക തത്വം ഉദ്ഘോഷിക്കുന്ന ഇസ്‌ലാം, സകല വിശ്വാസ ചൂഷണങ്ങളെയും വൈകല്യങ്ങളെയും അക്രമങ്ങളെയും ഇല്ലാതാക്കുകയും മനുഷ്യരെ നിർഭയത്വത്തിലേക്കും സമാധാനത്തിലേക്കും നയിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.

സുബുഹാൻ സ്വലാഹി സമാപന ഭാഷണം നിർവഹിച്ചു. ത്രൈമാസ കാമ്പയിെൻറ ഭാഗമായി നടക്കുന്ന 40-ഓളം വൈവിധ്യമാർന്ന പരിപാടികൾക്ക് ഈ സമ്മേളനത്തോടെ തുടക്കമായതായി അദ്ദേഹം അറിയിച്ചു. എൻ.വി. സാലിം, അർശദ് ബിൻ ഹംസ, ഡോ. ഷഹനാസ്, കെ.പി. ആസാദ്, നൗഷാദ് കാസിം എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.

ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന ലഘുലേഖ കുഞ്ഞി മുഹമ്മദ് പറപ്പൂർ, മൊയ്തീൻ കുട്ടിക്ക് നൽകിയും, ബെയരി ഭാഷയിലുള്ള ഖുർആൻ ഹദീസ് പഠന ക്ലാസിെൻറ പോസ്റ്റർ റഷീദ് കുട്ടമ്പൂർ, ഹൈദർ ഉള്ളാളിന് നൽകിയും പ്രകാശനം ചെയ്തു. കിഴക്കൻ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ഷിയാസ് റഷീദ് നേതൃത്വം നൽകിയ കുട്ടികൾക്കുള്ള ബാല സംഗമം പ്രത്യേക വേദിയിൽ അരങ്ങേറി.

Tags:    
News Summary - Jubail Da’wah Conference Concludes with a Grand Finale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.