സൗദി സംരക്ഷിത വനമേഖലകളിൽ ഒട്ടകപ്പക്ഷികൾ വീണ്ടും തിരിച്ചെത്തിയപ്പോൾ

സൗദിയിലെ സംരക്ഷിത വനമേഖലകളിൽ ഒട്ടകപ്പക്ഷികൾ തിരിച്ചെത്തുന്നു; ജൈവവൈവിധ്യ സംരക്ഷണത്തിൽ നിർണായക നേട്ടം

ജിദ്ദ: സൗദി അറേബ്യയിലെ സംരക്ഷിത വനമേഖലകളിൽ ഒട്ടകപ്പക്ഷികളുടെ സാന്നിധ്യം വീണ്ടും സജീവമാകുന്നു. രാജ്യത്ത് നടപ്പാക്കി വരുന്ന വന്യജീവി പുനരവതരണ പദ്ധതിയുടെ ഭാഗമായുള്ള വിവിധ ഘട്ടങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. അമിതമായ വേട്ടയാടലും ആവാസവ്യവസ്ഥയുടെ നാശവും കാരണം 20-ാം നൂറ്റാണ്ടിെൻറ തുടക്കത്തിൽ അറേബ്യൻ ഉപദ്വീപിൽ നിന്ന് പൂർണമായി തുടച്ചുനീക്കപ്പെട്ടവയാണ് ഒട്ടകപ്പക്ഷികൾ.

എന്നാൽ, രാജ്യത്തിെൻറ ജൈവവൈവിധ്യം വീണ്ടെടുക്കുന്നതിനായുള്ള പ്രത്യേക പദ്ധതിയിലൂടെ മരുഭൂമിയിലെ ഇവയുടെ ചരിത്രപരമായ ആവാസവ്യവസ്ഥകളിൽ ഈ സവിശേഷ പക്ഷിയുടെ സാന്നിധ്യം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിരിക്കുകയാണ്. പറക്കാൻ കഴിയാത്ത പക്ഷികളിൽ ഏറ്റവും വലുതും ഭാരമേറിയതുമായ ഒട്ടകപ്പക്ഷികൾക്ക് 2.7 മീറ്റർ വരെ ഉയരവും ഏകദേശം 150 കിലോഗ്രാം വരെ ഭാരവുമുണ്ട്.

കരയിൽ ഏറ്റവും വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന പക്ഷി കൂടിയായ ഇവയ്ക്ക് മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ വരെ ഓടാൻ സാധിക്കും. തുറന്ന മരുഭൂമികളിൽ ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ അതിവേഗത്തിൽ ദീർഘദൂരം ഓടാൻ സഹായിക്കുന്ന ശക്തമായ കാലുകളാണ് ഇവയുടെ പ്രധാന കരുത്ത്.

ഓടുമ്പോൾ ശരീരത്തിെൻറ സന്തുലിതാവസ്ഥ നിലനിർത്താനും പെട്ടെന്ന് ദിശ മാറ്റാനും മാത്രമാണ് ഇവ ചിറകുകൾ ഉപയോഗിക്കുന്നത്. വരണ്ട പുൽമേടുകളിലും തുറന്ന സമതലങ്ങളിലും ജീവിക്കാൻ മികച്ച രീതിയിൽ പൊരുത്തപ്പെടുന്ന ഇവയ്ക്ക്, ഉയർന്ന ശരീരപ്രകൃതിയും കൂർത്ത കാഴ്ചശക്തിയും ഉള്ളതിനാൽ ദൂരെയുള്ള അപകടങ്ങളെ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ മുട്ടയിടുന്ന ഈ പക്ഷിയുടെ ഒരു മുട്ടയുടെ വലിപ്പം ഏകദേശം 24 കോഴിമുട്ടകളുടെ വ്യാപ്തിക്ക് തുല്യമാണ്. അറേബ്യൻ ഉപദ്വീപിലെ തനത് വന്യജീവികളെ പുനരധിവസിപ്പിക്കുന്നതിനും വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള വിപുലമായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ വലിയൊരു നാഴികക്കല്ലാണ് ഈ തിരിച്ചുവരവ്.

സൗദി നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് അമീർ മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവ് ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങളിൽ പദ്ധതികൾ പൂർത്തിയാക്കിവരുന്നത്. രാജ്യത്തിെൻറ 30 ശതമാനം ഭൂപ്രദേശവും സംരക്ഷിത മേഖലയാക്കി മാറ്റുക എന്ന ‘സൗദി ഗ്രീൻ ഇനിഷ്യേറ്റീവി’െൻറയും ‘വിഷൻ 2030’-െൻറയും ലക്ഷ്യങ്ങൾക്ക് വലിയ കരുത്തുപകരുന്നതാണ് ഒട്ടകപ്പക്ഷികളുടെ ഈ പുനരധിവാസം.

Tags:    
News Summary - Ostriches Return to Saudi Arabia's Protected Areas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.