റിയാദ്: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള അടിയന്തര ആവശ്യങ്ങള്‍ നടപ്പാക്കുന്നതിൽ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉടൻ നടപടിയുണ്ടായില്ലെങ്കിൽ പാർട്ടിയും യു.ഡി.എഫും പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ടി. സിദ്ദീഖ് എം.എൽ.എ. റിയാദ് ഒ.ഐ.സി.സി വയനാട് ജില്ലാകമ്മിറ്റി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നേതൃത്വത്തിൽ ചേർന്ന ഓൺലൈൻ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരന്തം നടന്ന് ഏഴു മാസം പിന്നിടുമ്പോൾ പുനരധിവാസ തുടർപ്രവർത്തനങ്ങൾ മുന്നോട്ടു പോകാത്ത സാഹചര്യത്തിൽ സര്‍ക്കാറിലുള്ള പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്. ദുരന്തബാധിതരുടെ കണ്ണുനീരിന് അറുതിയുണ്ടാവണം.
ഉരുൾപ്പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പറഞ്ഞ ഒരു കാര്യവും ഇതുവരെ കൃത്യമായി നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. ദുരന്തം നടന്ന് മാസങ്ങൾ പിന്നിടുമ്പോഴും പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ അന്തിമലിസ്റ്റ് തയാറാക്കാന്‍ പോലും സര്‍ക്കാറിന് സാധിച്ചില്ല. ഒരു ലിസ്റ്റ് ഇറക്കിയെങ്കിലും രണ്ടാമത്തെ ലിസ്റ്റ് എന്നിറങ്ങുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. പുനരധിവാസത്തിന് സ്ഥലത്തിന്റെ കമ്പോളവില മാനദണ്ഡമാക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്.
ദുരന്തബാധിതര്‍ക്കിടയില്‍ വിവേചനമുണ്ടാക്കാനുള്ള ഇത്തരം നീക്കങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പിന്വാങ്ങിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു.
ജില്ല പ്രസിഡന്റ് സിജോ വയനാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഒ.ഐ.സി.സി മുൻ ജില്ല പ്രസിഡന്റ് റോയ് ജോർജ് പുൽപള്ളി, കുഞ്ഞ് മുഹമ്മദ് മാനന്തവാടി, മുത്തു കേണിച്ചിറ, സമദ്, സലീം ബത്തേരി എന്നിവർ സംസാരിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി അനീഷ് മുട്ടിൽ സ്വാഗതവും നാസർ മലവയൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.