ജല ടാങ്കറുകളുടെ നിയമലംഘനം: റിയാദിൽ വ്യാപക പരിശോധനയുമായി അധികൃതർ

റിയാദ്: നഗരത്തിലെ ജലവിതരണ ശൃംഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി വാട്ടർ ടാങ്കറുകൾ കേന്ദ്രീകരിച്ച് ജല അതോറിറ്റി വിപുലമായ പരിശോധന ആരംഭിച്ചു. നിയമലംഘനം നടത്തുന്ന ടാങ്കറുകൾക്കും അവയ്ക്ക് ഒത്താശ ചെയ്യുന്ന ഫില്ലിങ് സ്​റ്റേഷനുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

പരിശോധനയുടെ ഭാഗമായി ഇനി പറയുന്ന കാര്യങ്ങളിൽ അതോറിറ്റി പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ലൈസൻസ് ഇല്ലാത്ത ടാങ്കറുകൾ (ഔദ്യോഗിക അനുമതിയില്ലാതെ സർവിസ് നടത്തുന്ന വാഹനങ്ങൾ), അതോറിറ്റിയുടെ ഔദ്യോഗിക ലോഗോ പ്രദർശിപ്പിക്കാത്ത ടാങ്കറുകൾ, മണ്ണോ പൊടിയോ മൂടിയ നിലയിലുള്ളതും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ടാങ്കറുകൾ, നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ടാങ്കറുകൾക്ക് വെള്ളം നൽകുന്ന ഫില്ലിങ് സ്​റ്റഷനുകൾ എന്നിവക്കെതിരെ കർശന നടപടിയുണ്ടാകും.

ജലസേവനങ്ങൾ വ്യവസ്ഥാപിതമാക്കുന്നതിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്ത ടാങ്കറുകൾ വിതരണ ശൃംഖലയുടെ സുരക്ഷ, പരിസ്ഥിതി, ഗതാഗത സുരക്ഷ എന്നിവയ്ക്ക് ഭീഷണിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ജലത്തി​ന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി സ്ഥലത്തെത്തി നടപടി സ്വീകരിക്കുമെന്നും ജല അതോറിറ്റി വക്താവ് പറഞ്ഞു. നിയമവിരുദ്ധമായ പ്രവർത്തനങ്ങളെക്കുറിച്ച് പരാതികൾ ലഭിച്ചാൽ അവ ഉടനടി പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരെ പിഴയടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

Tags:    
News Summary - Water tanker violations: Authorities conduct widespread inspections in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.