അമീർ മുഹമ്മദ് ബിൻ സൽമാൻ, വ്ലാദിമിർ പുടിൻ
റിയാദ്: റഷ്യൻ, അമേരിക്കൻ ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചതിന് സൗദി അറേബ്യക്കും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നന്ദി പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും വിവിധ മേഖലകളിൽ അവ വികസിപ്പിക്കാനുള്ള വ്യഗ്രതയും ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണത്തിനിടെ പ്രശംസിക്കപ്പെട്ടു.
സൗദി നേതൃത്വം ചർച്ചകൾക്ക് നല്ല അന്തരീക്ഷമാണ് ഒരുക്കിയതെന്നും പുടിൻ പറഞ്ഞു. ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചതിലൂടെ മോസ്കോക്കും വാഷിങ്ടണിനുമിടയിലെ മഞ്ഞ് ഉരുകുന്നതിൽ സൗദി അറേബ്യ സജീവ പങ്കാണ് വഹിച്ചത്.
എണ്ണവിപണിയുടെ സ്ഥിരതയുടെയും ഒപെക് പ്ലസിലെ സഹകരണത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു.
എല്ലാ അന്താരാഷ്ട്ര പ്രതിസന്ധികളും പരിഹരിക്കാനുള്ള ഏക മാർഗം ചർച്ചയാണെന്ന് സൗദി കിരീടാവകാശി പറഞ്ഞു. ലോകത്തിലെ സുരക്ഷയും സമാധാനവും വർധിപ്പിക്കുന്നതിന് സാധ്യമായ ശ്രമങ്ങൾ നടത്തുന്നതിനുള്ള സൗദിയുടെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.
റിയാദിൽ കഴിഞ്ഞ ദിവസമാണ് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ മാർഗനിർദേശപ്രകാരം റഷ്യ-അമേരിക്ക പ്രതിനിധിതല ചർച്ചകൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.