ദമ്മാം: അന്തരിച്ച മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറുമായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞ്, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് അബൂബക്കർ ഹസ്രത്ത് എന്നിവരുടെ സ്മരണാർഥം സൗദി കെ.എം.സി.സി കിഴക്കൻ പ്രവിശ്യാകമ്മിറ്റി അനുശോചനവും പ്രാർഥന സംഗമവും സംഘടിപ്പിച്ചു. ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് ബഷീർ ബാഖവി പറമ്പിൽപീടിക നേതൃത്വം നൽകി.
ആധുനിക കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വേഗത പകർന്ന ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു വി.കെ. ഇബ്രാഹിം കുഞ്ഞെന്ന് ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു. ജനഹൃദയങ്ങളിൽ ആർദ്രതയും സ്നേഹവും പകർന്നുനൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിേൻറത്.
ഇസ്‌ലാമിക അധ്യാപന രംഗത്ത് ദക്ഷിണ-മധ്യ കേരളത്തിൽ നിറസാന്നിധ്യമായിരുന്ന അബൂബക്കർ ഹസ്രത്ത്, വിനയം കൊണ്ട് വിശ്വാസികളെ പ്രചോദിപ്പിച്ച പണ്ഡിത ശ്രേഷ്ഠനായിരുന്നുവെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കുട്ടി കരിങ്കപ്പാറ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി ചെയർമാൻ കാദർ ചെങ്കള ഉദ്ഘാടനം ചെയ്തു.
എറണാകുളം ജില്ലാ കെ.എം.സി.സി ചെയർമാൻ സി.പി. മുഹമ്മദലി ഓടക്കാലി വി.കെ. ഇബ്രാഹിം കുഞ്ഞ് അനുസ്മരണ പ്രഭാഷണം നടത്തി. എറണാകുളം ജില്ലാ പ്രസിഡൻറ് സാദിഖ് ഖാദർ കുട്ടമശ്ശേരി അബൂബക്കർ ഹസ്രത്ത് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
മുഹമ്മദ് കുട്ടി കോഡൂർ, സിദ്ദീഖ് പാണ്ടികശാല, മാലിക്ക് മക്ബൂൽ ആലുങ്കൽ, കെ.പി. ഹുസൈൻ, സഫീർ അച്ചു, സൈനു കുമളി, മുജീബ് കൊളത്തൂർ, അൻവർ ഷാഫി വളാഞ്ചേരി, ഖാദർ അണങ്കൂർ, ഫൈസൽ ഇരിക്കൂർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പരിപാടികൾക്ക് ബഷീർ പാങ്ങ്, റഷീദ് കരിഞ്ചാപ്പാടി, അലിഭാഷ് ഊരകം, വൈസ് അലി ഖാൻ പെരുമ്പാവൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.