റിയാദ് / ന്യൂഡൽഹി: ഖത്തറിലെ നിലവിലെ ഇന്ത്യൻ അംബാസഡറായ വിപുലിനെ സൗദി അറേബ്യയിലെ അടുത്ത ഇന്ത്യൻ അംബാസഡറായി നിയമിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച വൈകിട്ടാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. റിയാദിൽ നിലവിൽ അംബാസഡറായി സേവനമനുഷ്ഠിക്കുന്ന മധ്യപ്രദേശ് സ്വദേശി ഡോ. സുഹേൽ അജാസ് ഖാെൻറ പിൻഗാമിയായാണ് ബിഹാർ സ്വദേശിയായ വിപുൽ എത്തുന്നത്.
2023 മുതൽ സേവനം അനുഷ്ഠിക്കുന്ന ഡോ. സുഹേൽ അജാസ് ഖാൻ കാലാവധി പൂർത്തിയാക്കി ഉടൻ ഇന്ത്യയിലേക്ക് മടങ്ങും. പുതിയ ഉത്തരവ് പുറത്തുവന്നതോടെ വിപുൽ ഉടൻ തന്നെ റിയാദിലെത്തി ചുമതലയേൽക്കും. 1998 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വിപുൽ, തെൻറ നയതന്ത്ര ജീവിതത്തിൽ രാജ്യത്തിെൻറ നിർണായകമായ പല ചുമതലകളും വിജയകരമായി കൈകാര്യം ചെയ്തിട്ടുള്ള വ്യക്തിയാണ്. കെയ്‌റോ, കൊളംബോ, ജനീവ, ദുബൈ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയം, വാണിജ്യം, വികസനം, നിരായുധീകരണം, അന്താരാഷ്ട്ര സുരക്ഷ, മാധ്യമം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ അദ്ദേഹം തെൻറ നയതന്ത്ര മികവ് തെളിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി വിദേശകാര്യ മന്ത്രാലയത്തിെൻറ പ്രധാനപ്പെട്ട പല പദവികളിലും അദ്ദേഹം സജീവമായിരുന്നു. 2014 മുതൽ 2017 വരെയുള്ള കാലയളവിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ഡയറക്ടർ / ജോയിൻറ് സെക്രട്ടറിയായും, തുടർന്ന് 2017 മുതൽ 2020 വരെ ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറലായും അദ്ദേഹം പ്രവർത്തിച്ചു.
2020 മുതൽ 2023 വരെ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിൻറ് സെക്രട്ടറി (ഗൾഫ്) പദവിയും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് 2023 ആഗസ്റ്റ് 17-ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് മുൻപാകെ അദ്ദേഹം ഇന്ത്യൻ അംബാസഡറായി ഔദ്യോഗിക ചുമതലാപത്രം സമർപ്പിച്ചത്. ഖത്തറിലെ മികച്ച സേവനത്തിന് ശേഷമാണ് അദ്ദേഹത്തിന് ഇപ്പോൾ സൗദി അറേബ്യയിലേക്ക് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.
നയതന്ത്ര രംഗത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് മികച്ച വിദ്യാഭ്യാസ യോഗ്യതയും വിപുൽ കൈവരിച്ചിരുന്നു. 1994-ൽ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) ഡൽഹിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം, ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എം.ബി.എ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. നയതന്ത്ര മേഖലയിലെ അദ്ദേഹത്തിെൻറ ദീർഘകാലത്തെ പരിചയസമ്പത്ത് സൗദി-ഇന്ത്യ ഉഭയകക്ഷി ബന്ധത്തിന് കൂടുതൽ കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.