വിജയ് ദം ദം ബിരിയാണി ഗ്രാൻഡ് ഫിനാലെ സമാപിച്ചു; പാചകകലയിലെ പുത്തൻ താരോദയങ്ങൾ മിന്നിത്തിളങ്ങി
റിയാദ്: ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും പ്രവാസി മലയാളികളുടെ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിച്ച് ‘വിജയ് ദം ദം ബിരിയാണി’ മത്സരത്തിന് തിരശ്ശീല വീണു. റിയാദ് മലസിലെ ലുലു ഹൈപ്പർമാർക്കറ്റ് റൂഫ് ടോപ്പിൽ തിങ്ങിനിറഞ്ഞ വൻജനാവലിയെയും അന്താരാഷ്ട്ര ഷെഫുകളെയും പ്രമുഖ വ്യവസായികളെയും സാക്ഷിനിർത്തിയാണ് 10 മാസമായി സൗദി അറേബ്യയിൽ നടന്നുവന്ന മത്സരത്തിെൻറ ഗ്രാൻഡ് ഫിനാലെ അരങ്ങേറിയത്.
പ്രവാസലോകം കണ്ട ഏറ്റവും വലിയ ഭക്ഷണോത്സവങ്ങളിലൊന്നായി മാറിയ ഈ സംഗമം, സൗദിയിലെ മലയാളി കൂട്ടായ്മകൾക്ക് പുതിയൊരു മാനം നൽകി. സൗദിയിലെ ബിരിയാണി പാചകകലയിലെ രാജാവും റാണിയും ആരെന്നറിയാനുള്ള കാത്തിരിപ്പിന് ഒടുവിൽ വിരാമമായി. 20 പ്രതിഭകൾ മാറ്റുരച്ച വാശിയേറിയ കലാശപ്പോരിനൊടുവിൽ പാചകകലയിലെ പുത്തൻ താരങ്ങൾ പ്രവാസി ആകാശത്ത് വെട്ടിത്തിളങ്ങി.
മത്സരത്തിൽ തിരുവനന്തപുരം സ്വദേശി കാർത്തിക് സി. നായർ ‘ബിരിയാണി രാജാ’യായും തലശ്ശേരി സ്വദേശിനി ഷഫാഹു റമീസ് ‘ബിരിയാണി ദം സ്റ്റാറാ’യും തിരഞ്ഞെടുക്കപ്പെട്ടു. വർഷങ്ങളായി റിയാദിൽ പ്രവാസിയായ കാർത്തിക് സി. നായർ സാബിക്കിൽ ഫെസിലിറ്റീസ് മാനേജ്‌മെൻറ് സൂപ്പർവൈസറാണ്. ഭാര്യ എം.എസ്. പ്രവീണ സുഭാഷ് റിയാദ് യാര ഇൻറർനാഷനൽ സ്‌കൂളിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപികയാണ്. പ്രമുഖ ഷെഫ് ആബിദ റഷീദിെൻറ ബിരിയാണി രീതികളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് താൻ ഈ രംഗത്തേക്ക് എത്തിയതെന്ന് കാർത്തിക് വ്യക്തമാക്കി. മസാല കുറച്ച് മികച്ച ഫ്ലേവറോടെ തയ്യാറാക്കിയ കാർത്തിക്കിെൻറ ബിരിയാണി ഏറെ സ്വാദിഷ്ടമായിരുന്നുവെന്ന് വിധികർത്താവായ ഷെഫ് സുരേഷ് പിള്ള പ്രശംസിച്ചു.
ദം സ്റ്റാർ ഷഫാഹു റമീസിെൻറ ഭർത്താവ് റമീസ് റിയാദ് ഒലയ്യയിൽ സ്വകാര്യ കമ്പനിയിൽ ഡിസൈനറായി ജോലി ചെയ്യുകയാണ്. ബിരിയാണി രാജ വിഭാഗത്തിൽ ദമ്മാമിൽ ഫാർമസിസ്റ്റായ ഹൈദരാബാദ് സ്വദേശി അസ്ഹറുദ്ദീൻ രണ്ടാം സ്ഥാനവും ജീപ്പാസ് മിഡിൽ ഈസ്റ്റ് റിയാദിൽ ഇൻവെൻററി കൺട്രോളറായ കണ്ണൂർ സ്വദേശി മുഹമ്മദ് ശഹബാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ബിരിയാണി ദം സ്റ്റാർ വിഭാഗത്തിൽ റിയാദിലുള്ള കണ്ണൂർ സ്വദേശി മുംതാസ് നസീർ രണ്ടാം സ്ഥാനത്തിനും അൽ ഖോബാറിൽ അധ്യാപികയായ മംഗലാപുരം സ്വദേശി ഷംഷാദ് ബീഗം മൂന്നാം സ്ഥാനത്തിനും അർഹരായി.
ഒന്നാം സ്ഥാനം നേടിയ ബിരിയാണി രാജ, ദം സ്റ്റാർ ജേതാക്കൾക്ക് 10,000 റിയാൽ വീതവും, രണ്ടാം സ്ഥാനക്കാർക്ക് 5,000 റിയാൽ വീതവും, മൂന്നാം സ്ഥാനക്കാർക്ക് 2,000 റിയാൽ വീതവും കാഷ് പ്രൈസുകൾ സമ്മാനിച്ചു. ജേതാക്കളെ സ്വർണം, വെള്ളി, വെങ്കല വർണങ്ങളിലുള്ള കിരീടങ്ങൾ ചൂടിക്കുകയും വിന്നേഴ്‌സ് റിബണുകൾ അണിയിക്കുകയും ചെയ്തു.
വിജയ് മസാല സമ്മാനിച്ച കാഷ് പ്രൈസിന് പുറമെ മൂന്ന് സ്ഥാനക്കാർക്കും ട്രോഫികളും ഇംപെക്സ്, സിറ്റി ഫ്ലവർ, ഫരീദ് റൈസ്, റീഗൽ ഗോൾഡ് എന്നിവരുടെ വിലപിടിപ്പുള്ള സമ്മാനങ്ങളും നൽകി. ഇവരടക്കം ഫൈനലിൽ മാറ്റുരച്ച 20 പേർക്കും ആകർഷകമായ സമ്മാനങ്ങളും പ്രശംസാപത്രങ്ങളും വിതരണം ചെയ്തു.
ഷെഫ് സുരേഷ് പിള്ള, രാജ് കലേഷ്, ഗൾഫ് മാധ്യമം മിഡിൽ ഈസ്റ്റ് ഹെഡ് സലീം അമ്പലൻ, റീജനൽ മാനേജർ സലീം മാഹി, കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ സദറുദ്ദീൻ കീഴിശ്ശേരി, കൺവീനർ ഷാനിദ് അലി, വിജയ് മൂലൻസ് ഗ്രൂപ്പ്, ഇംപെക്സ്, ലുലു പ്രതിനിധികൾ എന്നിവർ ചേർന്ന് വിജയികൾക്ക് ആദരഫലകങ്ങളും സമ്മാനത്തുകയും കൈമാറി.
തുറസ്സായ വേദിയും കാലാവസ്ഥയും ആളുകളുടെ തിരക്കും സൃഷ്ടിച്ച വെല്ലുവിളികളെ അതിജീവിച്ച് മികച്ച രീതിയിലാണ് ഓരോ മത്സരാർത്ഥിയും വിഭവങ്ങൾ തയ്യാറാക്കിയതെന്ന് ഷെഫ് സുരേഷ് പിള്ള പറഞ്ഞു. 20 ഇൻഡക്ഷൻ കുക്കറുകൾ, അരിയും മാംസവുമടങ്ങുന്ന ഭക്ഷ്യധാന്യ കിറ്റുകൾ, ഗ്രൈൻഡറുകൾ, ശുദ്ധജലം, സഹായികൾ തുടങ്ങിയ എല്ലാ വൻ സജ്ജീകരണങ്ങളോടെയുമാണ് ലുലുവും ഗൾഫ് മാധ്യമവും ചേർന്ന് ഓപ്പൺ കിച്ചൺ ഒരുക്കിയത്.
വിജയ്, ലുലു, അൽ യൗം, ഇംപെക്സ്, ഫ്രണ്ടി, സിറ്റി ഫ്ലവർ, ഫറെയ്ദ്, റീഗൽ ഗോൾഡ്, സ്റ്റാർ ഹെൽത്ത് മെഡിക്കൽ, ബിസ്സപ് അറേബ്യ, കാഫ്, ടാക്സ് പോയിൻറ്, ഈസി കുക്ക്, ഷിഫ അൽജസീറ മെഡിക്കൽ പോളിക്ലിനിക്ക്, ഡ്രസ് കോഡ്, ആർ.കെ.ജി, സഫ മക്ക പോളിക്ലിനിക്ക് എന്നീ പ്രമുഖ സ്ഥാപനങ്ങളാണ് മെഗാ ഫിനാലെയുടെ പ്രധാന പ്രായോജകരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.