യു.എൻ രക്ഷാസമിതി യോഗം

സൗദിക്കെതിരായ ആക്രമണം ഉടനടി അവസാനിപ്പിക്കണം: ഹൂതികളോട് യു.എൻ രക്ഷാസമിതി

റിയാദ്: സൗദി അറേബ്യക്കെതിരെയുള്ള ഹൂതികളുടെ തുടർച്ചയായ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് ഐക്യരാഷ്​ട്രസഭാ രക്ഷാസമിതി. സൈനിക പ്രകോപനങ്ങളും സിവിലിയന്മാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ഉടനടി അവസാനിപ്പിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.

സെപ്റ്റംബർ മാസത്തെ രക്ഷാസമിതി കൺവീനറും യു.എന്നിലെ ഫ്രഞ്ച് സ്ഥിരം പ്രതിനിധിയുമായ ജെറോം ബോണാഫോൺ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് രക്ഷാസമിതി അംഗങ്ങളുടെ ഈ നിലപാട് വ്യക്തമാക്കിയത്.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സിവിലിയന്മാർക്ക് പരിക്കേൽക്കാൻ ഇടയാക്കിയതും, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും ഊർജ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് നടത്തിയതുമായ ആക്രമണങ്ങളെ സമിതി അതിരൂക്ഷമായി വിമർശിച്ചു. യമനിലെ ഏറ്റുമുട്ടലുകൾ പുനരാരംഭിച്ച സാഹചര്യത്തിൽ, സൗദിക്കും ചെങ്കടലിലെയും ബാബ് അൽമന്ദബിലെയും നാവിഗേഷനും നേർക്കുള്ള ആക്രമണങ്ങൾ വർധിച്ചതിൽ സമിതി അംഗങ്ങൾ കടുത്ത ആശങ്ക രേഖപ്പെടുത്തി. തുടരുന്ന ഈ സംഘർഷാവസ്ഥ സിവിലിയന്മാർക്കും പ്രാദേശിക സ്ഥിരതക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

അന്താരാഷ്​ട്ര നിയമങ്ങളും പ്രത്യേകിച്ച് യു.എൻ സമുദ്രനിയമ കരാറും എല്ലാവരും പാലിക്കേണ്ടതുണ്ടെന്ന് സമിതി ഊന്നിപ്പറഞ്ഞു. കടൽമാർഗമുള്ള നാവിഗേഷൻ അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും മാനിക്കേണ്ടതി​െൻറ പ്രാധാന്യവും പ്രസ്താവനയിൽ വ്യക്തമാക്കി. ചെങ്കടലിലൂടെയുള്ള വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ള ഭീഷണികളെയും ആക്രമണങ്ങളെയും യു.എൻ രക്ഷാസമിതി നേരത്തെയും അപലപിച്ചിരുന്നുവെങ്കിലും, കഴിഞ്ഞ ആഴ്ചകളിൽ ആക്രമണം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിലാണ് സമിതി വീണ്ടും നിലപാട് കടുപ്പിച്ചത്.

2022-ൽ ഐക്യരാഷ്​ട്രസഭയുടെ മാധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തലിനെത്തുടർന്ന് പ്രദേശത്തുണ്ടായിരുന്ന ശാന്തത അവസാനിച്ചതായും, യമൻ കൂടുതൽ അപകടകരമായ ഒരു പുതിയ സംഘർഷ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും ഈ മാസം ആദ്യം ഐക്യരാഷ്​ട്രസഭ മുന്നറിയിപ്പ് നൽകിയിരുന്നു.

Tags:    
News Summary - End attacks against Saudi Arabia immediately: UN Security Council tells Houthis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.