മുഹമ്മദ് ഇസ്ഹാഖ്, റുക്സാന ഷമീം, ഷക്കീൽ ബാബു
ജിദ്ദ: സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വെളിച്ചം സൗദി ഓൺലൈൻ ഖുർആൻ പഠന പദ്ധതിയുടെ ഭാഗമായി നടത്തിയ ‘വെളിച്ചം സൗദി ഓൺലൈൻ അഞ്ചാം ഘട്ട’ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഖുർആനിലെ നംല്, ഖസസ് എന്നീ അധ്യായങ്ങളും അവയുടെ വ്യാഖ്യാനവും ആസ്പദമാക്കി ആറു മാസമായി നടന്ന 12 പ്രാഥമിക മത്സരങ്ങളിൽ നാട്ടിൽനിന്നും ഗൾഫ് നാടുകളിൽ നിന്നുമായി 2000ത്തിൽപരം മത്സരാർഥികൾ പങ്കെടുത്തു. 700ലധികം പഠിതാക്കൾ പങ്കെടുത്ത ഗ്രാൻഡ് ഫിനാലെ പരീക്ഷയിൽ 100 ശതമാനം മാർക്ക് വാങ്ങി മൂന്ന് വിജയികൾ ഒന്നാം സ്ഥാനം പങ്കിട്ടെടുത്തു. മുഹമ്മദ് ഇസ്ഹാഖ് മാസ്റ്റർ അരൂർ, റുക്സാന ഷമീം വേങ്ങര, ഷക്കീൽ ബാബു ജിദ്ദ എന്നിവരാണ് ഒന്നാം സമ്മാനമായ ഗോൾഡ് കോയിന് അർഹരായത്.
ഫലപ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുമ്പ് ബൈക്കപകടത്തിൽ മരിച്ച ഒന്നാം സമ്മാനത്തിന് അർഹനായ മുഹമ്മദ് ഇസ്ഹാഖ് അരൂരിന്റെ സമ്മാനം, കുടുംബത്തിന്റെ ആവശ്യപ്രകാരം കെ.എൻ.എം മർക്കസുദ്ദഅവ ജനറൽ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ സി.പി. ഉമ്മർ സുല്ലമി പ്രാർഥന നിറഞ്ഞ സദസ്സിൽനിന്ന് ഏറ്റുവാങ്ങി. മാർച്ച് നാലിന് മലപ്പുറം പുളിക്കലിൽ ഉണ്ടായ അപകടത്തിലാണ് അദ്ദേഹം മരിച്ചത്. ഷബാന സഹദ് ജിദ്ദ, മുഫീദ സുൾഫിക്കർ അബൂദബി, ജമീന അൻസാർ ആലപ്പുഴ, റംലത്ത് അൽ ഖർജ്, സൽമ അബ്ദുൽ ഖാദർ ദുബൈ, നൗഷാദ് റിയാദ്, ഉമ്മു സൽമ പാലേമാട്, അമീന മലപ്പുറം, സഫിയാബി കൊല്ലം, ഖൈറുന്നീസ ജുബൈൽ, സബീറ പി. വേങ്ങര, സി.എ. ഖദീജ കോഴിക്കോട്, പി.കെ. ഹസീന ഐക്കരപ്പടി, ബി.പി.ഷാക്കിറ ജുബൈൽ, ബദ്റുന്നിസ സിയാകണ്ടം, റസീന പറമ്പിൽപീടിക, നുസ്രത്ത് റിയാദ്, ഖദീജ എ.കെ പാലക്കാട്, എൻ. ജമീല പുളിക്കൽ എന്നിവർ നാല് മുതൽ 10 വരെയുള്ള സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ സംഗമത്തിൽ വിതരണം ചെയ്തു.
വെളിച്ചം ഓൺലൈൻ വെബ്സൈറ്റ് Velichamonline.Islahiweb.org വഴി നടന്ന മത്സരങ്ങൾ സൗദിയിലെ വിവിധ ഇസ്ലാഹി സെന്ററുകളിൽ നിന്നുള്ള വെളിച്ചം കോഓഡിനേറ്റർമാരും കൺവീനർമാരും നിയന്ത്രിച്ചു. റമദാനിൽ വെളിച്ചം റമദാൻ 2024 ഖുർആനിലെ ജുസ്അ് 25നെ ആസ്പദമാക്കിയുള്ള പഠനപദ്ധതിയും 19 വയസ്സിന് താഴെ ഉള്ളവർക്കായി ഇംഗ്ലീഷ് തഫ്സീറിനെ ആസ്പദമാക്കിയുള്ള പുതിയ പഠനപദ്ധതിയായ ദ ലൈറ്റ് ഓൺലൈൻ ജൂനിയറും നടന്നുവരുന്നു . ഈ പദ്ധതികളിൽ പങ്കെടുക്കാൻ velichamsaudionline.com, thelightjuniors.com എന്നീ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.