റിയാദ്: സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഫോർ ഫുഡ് സെക്യൂരിറ്റി (ജി.എഫ്.എസ്.എ) ഈ വർഷത്തേക്കുള്ള രണ്ടാമത്തെ ബാച്ച് ഗോതമ്പ് ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. യൂറോപ്യൻ യൂനിയൻ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ, കരിങ്കടൽ മേഖല എന്നിവിടങ്ങളിൽ നിന്നായി ആകെ 7,94,000 ടൺ ഗോതമ്പാണ് വാങ്ങുന്നത്.
രാജ്യത്തെ ഗോതമ്പ് ശേഖരം സുരക്ഷിതമായ അളവിൽ നിലനിർത്തുന്നതിനും മില്ലിങ് കമ്പനികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമാണ് ഈ കരാറെന്ന് അതോറിറ്റി ഗവർണർ എൻജി. അഹമ്മദ് അൽ ഫാരിസ് അറിയിച്ചു.
ദേശീയ ധാന്യവിതരണ കമ്പനിയായ ‘സേബിൾ’ വഴി ഈ വർഷം മെയ് മുതൽ ജൂലൈ വരെയുള്ള കാലയളവിൽ ഈ ഗോതമ്പ് ലഭ്യമാക്കും. 13 കപ്പലുകളിലായാണ് ഇത്രയും വലിയ അളവ് ഗോതമ്പ് എത്തുന്നത്. ഇതിൽ മൂന്ന് ലക്ഷം ടൺ ജിദ്ദ ഇസ്‌ലാമിക് പോർട്ടിലും, 3,12,000 ടൺ യാംബു കൊമേഴ്‌സ്യൽ പോർട്ടിലും, 1,27,000 ടൺ ദമ്മാമിലെ കിങ് അബ്ദുൽ അസീസ് പോർട്ടിലും, ബാക്കി 55,000 ടൺ ജിസാൻ പോർട്ടിലും എത്തും.
ധാന്യവ്യാപാര രംഗത്തെ പ്രമുഖരായ 15 അന്താരാഷ്ട്ര കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്. ഇതിൽ കുറഞ്ഞ നിരക്കും നിശ്ചിത മാനദണ്ഡങ്ങളും പാലിച്ച ആറ് കമ്പനികൾക്കാണ് കരാർ നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.