റിയാദ്: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും സ്ത്രീകൾക്കും മതിയായ പ്രാതിനിധ്യം ഉറപ്പാക്കാൻ ഉദയ്പൂർ ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ കോൺഗ്രസ് കർശനമായി നടപ്പാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഒ.ജെ. ജനീഷ്. ഒ.ഐ.സി.സി തൃശൂർ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ റിയാദിലെത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
സ്ഥാനാർഥി പട്ടികയിൽ പകുതിയോളം സീറ്റുകൾ യുവാക്കൾക്കും വനിതകൾക്കുമായി മാറ്റിവെക്കണം. പാർട്ടി പദവികളിലും പാർലമെൻററി രംഗത്തും പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നതാണ് ഉദയ്പൂർ പ്രമേയത്തിെൻറ കാതൽ. സംസ്ഥാന കമ്മിറ്റിയിലെ അബിൻ വർക്കി ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥാനാർഥി പട്ടികയിൽ പരിഗണിക്കപ്പെടാൻ അർഹരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സി.പി.എം - ബി.ജെ.പി ഡീൽ’
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്ന ദുർബലമായ പ്രതിഷേധങ്ങൾ സി.പി.എമ്മുമായുള്ള രാഷ്ട്രീയ ഒത്തുതീർപ്പിെൻറ ഭാഗമാണെന്ന് ജനീഷ് ആരോപിച്ചു. ശബരിമലയിൽ നടന്നത് വൻ മോഷണമാണ്. സ്വർണപ്പാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്തി കടത്തിക്കൊണ്ടുപോയതിൽ രാഷ്ട്രീയ നോമിനികൾക്ക് പങ്കുണ്ട്. ഇത്രയും വലിയൊരു വിഷയം ഉണ്ടായിട്ടും ബി.ജെ.പി ശക്തമായ സമരം നടത്താത്തത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ഡീലിെൻറ ഭാഗമാണ് -ഒ.ജെ. ജനീഷ് പറഞ്ഞു.
അന്വേഷണത്തിൽ ആശങ്ക
ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തിൽ വിശ്വാസമുണ്ടെങ്കിലും കേന്ദ്ര ഏജൻസികൾ ഇടപെടുന്നതിലെ രാഷ്ട്രീയ സാധ്യതകളെ അദ്ദേഹം ചോദ്യം ചെയ്തു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് പോലെ, നിയമസഭാ സീറ്റുകൾ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ സെറ്റിൽമെൻറായി ശബരിമല കേസും മാറാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ശ്രീകോവിലിൽ നടന്ന മോഷണം വിശ്വാസികളെ സംബന്ധിച്ചിടത്തോളം വൈകാരികമായ വിഷയമാണെന്നും, ഇതിന് പിന്നിലെ അന്താരാഷ്ട്ര ബന്ധങ്ങൾ ഉൾപ്പെടെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലിം കളക്കര, തൃശൂർ ജില്ല പ്രസിഡൻറ് നാസർ വലപ്പാട്, ജനറൽ സെക്രട്ടറി (സംഘടനാ ചുമതല) സോണി പാറക്കൽ, ചെയർമാൻ യഹിയ കൊടുങ്ങല്ലൂർ, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, കൺവീനർ സെയ്ഫ് റഹ്മാൻ എന്നിവർ പങ്കെടുത്തു.
തൃശൂർ ജില്ലാകമ്മിറ്റിയുടെ 15ാമത് വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാനാണ് ജനീഷ് കുമാർ എത്തിയത്. ഇന്ന് എക്സിറ്റ് 18-ലെ അൽ വലീദ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഐഡിയ സ്റ്റാർ സിംഗർ താരം ജാസിം ജമാൽ നയിക്കുന്ന സംഗീത വിരുന്നും റിയാദിലെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.