റിയാദ്: സൗദി അറേബ്യ, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങൾ, മറ്റ് അറബ്-ഇസ്‌ലാമിക സൗഹൃദ രാഷ്ട്രങ്ങൾ എന്നിവയ്ക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഒരു സാഹചര്യത്തിലും ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും അവ തികച്ചും ന്യായീകരിക്കാനാവാത്തതാണെന്നും മന്ത്രാലയം ആവർത്തിച്ചു.
രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, പൗരന്മാരുടെയും താമസക്കാരുടെയും ജീവൻ എന്നിവ സംരക്ഷിക്കുന്നതിനായി ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാൻ സൗദിക്ക് പൂർണ്ണ അവകാശമുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. സിവിലിയൻ കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും കരാറുകളുടെയും നഗ്നമായ ലംഘനമാണെന്ന് സൗദി ചൂണ്ടിക്കാട്ടി. അയൽരാജ്യങ്ങളെ ആക്രമിക്കാൻ തങ്ങൾക്ക് പദ്ധതിയൊന്നുമില്ലെന്ന് ഇറാൻ പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പ്രസ്താവനകൾ പ്രായോഗികതലത്തിൽ നടപ്പിലാക്കാൻ ഇറാൻ തയ്യാറായിട്ടില്ലെന്ന് സൗദി ആരോപിക്കുന്നു.
മാത്രമല്ല അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു. യുദ്ധത്തിൽ പങ്കെടുക്കാൻ സൗദി യുദ്ധവിമാനങ്ങൾ അയക്കുന്നു എന്ന തരത്തിലുള്ള ഇറാന്റെ ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണ്. സൗദിയുടെയും മറ്റ് ജി.സി.സി രാജ്യങ്ങളുടെയും വ്യോമാതിർത്തി ഇറാനിയൻ മിസൈലുകളിൽ നിന്നും ഡ്രോണുകളിൽ നിന്നും സംരക്ഷിക്കുന്നതിനായി മാത്രമാണ് വിമാനങ്ങൾ പട്രോളിങ് നടത്തുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു.
ഇറാന്റെ തുടർച്ചയായ പ്രകോപനങ്ങൾ മേഖലയിലെ സംഘർഷാവസ്ഥ വർദ്ധിപ്പിക്കുകയേ ഉള്ളൂവെന്ന് സൗദി മുന്നറിയിപ്പ് നൽകി. ഇത്തരം നടപടികൾ രാജ്യങ്ങൾ തമ്മിലുള്ള നിലവിലുള്ളതും ഭാവിയിലുള്ളതുമായ ബന്ധങ്ങളെ സാരമായി ബാധിക്കും. വ്യാപകമായ യുദ്ധം ഒഴിവാക്കാനുള്ള സമാധാന ശ്രമങ്ങളെ ഇറാൻ അവഗണിക്കുകയാണെന്നും, വിവേകശൂന്യമായ ഈ നടപടികൾ തുടർന്നാൽ അതിന്റെ ഏറ്റവും വലിയ നഷ്ടം നേരിടേണ്ടി വരുന്നത് ഇറാനായിരിക്കുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.