ന്യൂയോർക്കിൽ നടന്ന ഫലസ്തീൻ ദ്വിരാഷ്ട്ര പരിഹാരസമ്മേളനം
റിയാദ്: ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിൽ ഫലസ്തീൻ-ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യമുന്നയിച്ച് ന്യൂയോർക്കിൽ നടന്ന ഫലസ്തീൻ ദ്വിരാഷ്ട്ര പരിഹാര സമ്മേളനം. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കേണ്ടതിന്റെയും ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വം നൽകേണ്ടതിന്റെയും പ്രാധാന്യവും സമ്മേളനത്തിൽ സംസാരിച്ചവർ ഊന്നിപ്പറഞ്ഞു.
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുക, എല്ലാ ബന്ദികളെയും മോചിപ്പിക്കുക, അധിനിവേശം അവസാനിപ്പിക്കുക, അക്രമവും ഭീകരതയും ഉപേക്ഷിക്കുക, സ്വതന്ത്രവും പരമാധികാരവും ജനാധിപത്യപരവുമായ ഒരു ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക, എല്ലാ അറബ് ദേശങ്ങളിലെയും അധിനിവേശം അവസാനിപ്പിക്കുക, ഇസ്രായേലിനും ഫലസ്തീനും ശക്തമായ സുരക്ഷ ഉറപ്പുകൾ നൽകുക തുടങ്ങിയ ഘടകങ്ങൾ നിവർത്തിക്കുന്നതിലൂടെ മാത്രമേ മേഖലയിലെ ജനങ്ങളും രാജ്യങ്ങളും തമ്മിലുള്ള സാധാരണ ബന്ധവും സമാധാനപരമായ സഹവർത്തിത്വവും കൈവരിക്കാൻ കഴിയൂ എന്ന് സമ്മേളനത്തിന്റെ അന്തിമ പ്രസ്താവനയിൽ പറഞ്ഞു.
യുദ്ധം, അധിനിവേശം, കുടിയിറക്കം എന്നിവക്ക് സമാധാനം കൈവരിക്കാൻ കഴിയില്ല. ഇസ്രായേലികളുടെയും ഫലസ്തീനികളുടെയും അഭിലാഷങ്ങൾ നിറവേറ്റാനുള്ള മാർഗമാണ് ദ്വിരാഷ്ട്ര പരിഹാരം, ഇസ്രായേലുമായി സഹകരിച്ച് സമാധാനത്തോടെ ജീവിക്കുന്ന ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കേണ്ടതുണ്ട് എന്നിവ പ്രസ്താവന ഊന്നിപ്പറഞ്ഞു. സമാധാന ശ്രമങ്ങളെ തടസ്സപ്പെടുത്തുകയും ഭൂമിയിലെ സംഘർഷങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്ന ഏകപക്ഷീയമായ നടപടികളിൽനിന്ന് എല്ലാ കക്ഷികളും വിട്ടുനിൽക്കണമെന്ന് സമ്മേളനത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
സ്ഥിരവും സമഗ്രവുമായ ഒരു കരാറിലെത്തുക എന്ന ലക്ഷ്യത്തോടെ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഫലസ്തീനും ഇസ്രായേലും തമ്മിൽ ഗൗരവമേറിയതും നേരിട്ടുള്ളതുമായ ചർച്ചകൾ പുനരാരംഭിക്കേണ്ടതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. ഈ പ്രക്രിയ സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രാദേശിക, അന്തർദേശീയ സംരംഭങ്ങൾക്ക് അവർ പൂർണ പിന്തുണ അറിയിച്ചു. ഫലസ്തീനികളുടെ നിർബന്ധിത കുടിയിറക്കൽ നിരസിക്കുന്നു. ഫലസ്തീനികൾക്കെതിരായ അക്രമവും പ്രകോപനവും ഇസ്രായേൽ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ഗസ്സയിൽ യുദ്ധമാർഗമായി പട്ടിണിയെ ഉപയോഗിക്കുന്നത് നിരസിക്കുന്നു. അടിയന്തരവും തടസ്സമില്ലാത്തതുമായ മാനുഷിക സഹായം നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. അതിർത്തികൾ തുറക്കാനും സഹായങ്ങൾ എത്തിക്കാനും ഗസ്സ മുനമ്പിലെ ഉപരോധം അവസാനിപ്പിക്കാനും ആഹ്വാനം ചെയ്യുന്നു.
ഗസ്സയുടെ പുനർനിർമാണത്തിനായി ഒരു സമർപ്പിത ഫണ്ട് സ്ഥാപിക്കുന്നതിനെ പിന്തുണക്കുന്നു. ഗസ്സയുടെ പുനഃനിർമാണത്തെ പിന്തുണക്കുന്നതിന് ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സംഘടനകളും വിഭവങ്ങൾ നൽകണം, ഗസ്സയുടെ പുനഃനിർമാണത്തിനായുള്ള അറബ് പദ്ധതിയുടെ അടിയന്തര നടപ്പാക്കലിന് പിന്തുണ പ്രകടിപ്പിക്കുന്നുവെന്നും പ്രസ്താവന പറഞ്ഞു.
‘ഒരു സർക്കാർ, ഒരു നിയമം, ഒരു ആയുധം’ എന്ന തത്വത്തിന് അനുസൃതമായി ഗസ്സ മുനമ്പിൽനിന്ന് ഇസ്രായേൽ പിൻവാങ്ങണമെന്നും ഫലസ്തീൻ അതോറിറ്റിക്ക് കൈമാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഹമാസിനെ പൂർണമായും നിരായുധീകരിച്ച് അവരുടെ ആയുധങ്ങൾ ഫലസ്തീൻ സുരക്ഷക്ക് കൈമാറേണ്ടതിന്റെ ആവശ്യകത സമ്മേളനം ഊന്നിപ്പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിന് സമയബന്ധിതമായ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഫലസ്തീൻ രാഷ്ട്രം കൈവരിക്കുന്നതിനുള്ള സമയപരിധി 15 മാസമാണ്. ഫലസ്തീനികൾക്കും ഇസ്രായേലികൾക്കും എത്രയും വേഗം സുരക്ഷിതത്വം വേണം. ദ്വിരാഷ്ട്ര പരിഹാരമില്ലെങ്കിൽ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്നും സമ്മേളനത്തിൽ പങ്കെടുത്തവർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വെടിനിർത്തലിനുശേഷം ഫലസ്തീൻ അതോറിറ്റിയുടെ കീഴിൽ ഗസ്സയിൽ പ്രവർത്തിക്കുന്നതിന് ഒരു പരിവർത്തന ഭരണ സമിതി ഉടൻ രൂപവത്കരിക്കണം. ഗസ്സ ഫലസ്തീൻ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും വെസ്റ്റ് ബാങ്കുമായി ഏകീകരിക്കണമെന്നും സമ്മേളനം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.