ഫിഫ ലോക കപ്പ്: 'ഹയ്യ' കാർഡുമായി സൗദിയിലെത്തുന്നവർക്ക് ഉംറ നിർവഹിക്കാം




റിയാദ്: ദോഹയിൽ അടുത്ത മാസം 20-ന് കൊടിയേറുന്ന ഫിഫ ലോകകപ്പ് 2022-ന്റെ ഫാൻ ടിക്കറ്റായ 'ഹയ്യ കാർഡു'മായി സൗദിയിലെത്തുന്നവർക്ക് ഉംറ നിർവഹിക്കാൻ അനുമതി. ഹയ്യ കാർഡ് കൈവശമുള്ളവർക്ക് രണ്ടുമാസ കാലാവധിയുള്ള ഓൺലൈൻ സന്ദർശന വിസ അനുവദിക്കുമെന്ന് നേരത്തെ സൗദി വിദേശമന്ത്രാലയം അറിയിച്ചിരുന്നു. ഇതിനുള്ള ഫീസ് രാജ്യത്തി​െൻറ ഖജനാവിൽനിന്ന് വഹിക്കുന്നതിന് കഴിഞ്ഞയാഴ്ച സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകുകയും ചെയ്‌തു.

ഇത്തരത്തിൽ രാജ്യത്തെത്തുന്നവരിലെ മുസ്‌ലിംകൾക്ക് ഉംറ നിർവഹിക്കാനും മദീനയിലെ പ്രവാചക​െൻറ പള്ളി സന്ദർശിക്കാനും അവസരമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് വിസ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഖാലിദ് അൽ-ഷമ്മരി അറിയിച്ചു.

ഹയ്യ കാർഡ് ഉടമകൾക്ക് മൾട്ടിപ്പിൾ റീ എൻട്രി (പലതവണ വന്നുപോകാവുന്ന) വിസ സൗജന്യമാണെന്നും എന്നാൽ വിസ പ്ലാറ്റ്‌ഫോമിൽനിന്ന് മെഡിക്കൽ ഇൻഷുറൻസ് നേടേണ്ടത് നിർബന്ധമാണെന്നും അൽ-ഷമ്മരി പറഞ്ഞു.

60 ദിവസം കാലാവധിയുള്ള വിസയിൽ നവംബർ 11 മുതൽ ലോകകപ്പ് അവസാനിക്കുന്ന ഡിസംബർ 18 വരെ സൗദി അറേബ്യയിൽ പ്രവേശിക്കാം. ഇതിനിടയിൽ എത്ര തവണ വേണമെങ്കിലും രാജ്യം വിട്ടുപോവുകയും മടങ്ങിവരികയും ചെയ്യാം. സൗദിയിലേക്ക് വരാൻ അതിന് മുമ്പ് ഖത്തറിൽ പ്രവേശിച്ചിരിക്കണമെന്നില്ല.

കാൽപന്തിന്റെ ആഗോള മഹോത്സവത്തിന് അയൽരാജ്യം ആതിഥ്യമരുളുമ്പോൾ അതിന് സാക്ഷ്യം വഹിക്കാൻ ദേശങ്ങൾ താണ്ടിയെത്തുന്ന ഫുട്‌ബാൾ പ്രേമികളെ സ്വന്തം രാജ്യത്തേക്ക് സ്വാഗതം ചെയ്യാനുള്ള സൗദി അധികൃതരുടെ സന്നദ്ധത വിളംബരം ചെയ്യുന്നതാണ് തീരുമാനം.

Tags:    
News Summary - Those who arrive in Saudi Arabia with a 'Hayya' card can perform Umrah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.