റിയാദ്/ന്യൂഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങളെത്തുടർന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകളിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും വലിയ മാറ്റങ്ങൾ വരുത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള എല്ലാ ഷെഡ്യൂൾഡ് സർവീസുകളും ഇന്ന് (മാർച്ച് നാല്) അർദ്ധരാത്രി വരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
സൗദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രക്കാരെ ഈ തീരുമാനം വല്ലാതെ ബാധിച്ചിട്ടുണ്ട്. എന്നാൽ ജിദ്ദയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി വലിയ വിമാനങ്ങൾ (ബോയിങ് 777) ഉപയോഗിച്ചുള്ള പ്രത്യേക രക്ഷാദൗത്യ സർവിസുകൾ ഉടൻ ആരംഭിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ സൂചിപ്പിച്ചു. അതേസമയം, ഒമാനിലെ മസ്‌കത്തിലേക്കുള്ള സർവിസുകൾ എയർ ഇന്ത്യ എക്സ്പ്രസ് ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. മസ്‌കത്തിൽ നിന്ന് കൊച്ചി, കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് വിമാനങ്ങൾ പറന്നുതുടങ്ങിയത് പ്രവാസികൾക്ക് ചെറിയ ആശ്വാസം നൽകുന്നുണ്ട്.
നിലവിലെ നിയന്ത്രണങ്ങൾ കാരണം യാത്ര റദ്ദാക്കേണ്ടി വന്നവർക്കോ യാത്ര മാറ്റിവെക്കുന്നവർക്കോ എയർ ഇന്ത്യ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മാർച്ച് അഞ്ച് വരെയുള്ള യാത്രകൾക്ക് അധിക നിരക്ക് ഈടാക്കാതെ തീയതി മാറ്റാം. യാത്ര പൂർണമായും റദ്ദാക്കുന്നവർക്ക് ടിക്കറ്റ് തുക മുഴുവനായി റീഫണ്ട് നൽകുമെന്നും കമ്പനി അറിയിച്ചു.
ഗൾഫ് മേഖലയിലെ വ്യോമപാതകൾ ഒഴിവാക്കി വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതിനാൽ യാത്രാസമയത്തിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. സൗദിയിൽ നിന്നുള്ള യാത്രക്കാർ വിമാന കമ്പനിയുടെ വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.