മക്കയിെല ഹോട്ടലുകൾ
മദീന: ഗൾഫിലെ മിക്ക രാജ്യങ്ങളിലും ഡിസംബറിൽ നിരവധി അവധി ദിനങ്ങൾ സമാഗതമായതോടെ മക്കയിലേക്കും മദീനയിലേക്കും തീർഥാടകരുടെയും സന്ദർശകരുടെയും വരവ് വർധിച്ചു. സ്കൂൾ അവധി ദിനങ്ങൾക്ക് പുറമേ ഈ മാസം യു.എ.ഇ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലെ ദേശീയ ദിന അവധി ദിനങ്ങൾകൂടി വന്നതോടെ സൗദിയിലേക്ക് പതിനായിരങ്ങളാണ് എത്തുന്നത്.
ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് പുറമെ അവിടങ്ങളിലെ താമസക്കാരായ വിദേശികളും ഉംറ തീർഥാടനത്തിനും മദീനയിലെ പ്രവാചക പള്ളിസന്ദർശനത്തിനുമാണ് എത്തുന്നത്. സൗദിയിൽ വേനൽ അവസാനിച്ചതോടെ ആഗതമായ സുഖകരമായ കാലാവസ്ഥയും പുതിയ യാത്രസംവിധാനങ്ങളും സന്ദർശകരുടെ പ്രവാഹത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
മക്കയിലും മദീനയിലും ഹോട്ടൽ വാടകയിനത്തിലും മറ്റും വൻ വർധനയും പ്രകടമായി. ഹോട്ടൽ വാടക നിരക്കിൽ നവംബറിലേതുമായി താരതമ്യപ്പെടുത്തുമ്പോൾ 40 ശതമാനം വരെയാണ് വർധിച്ചത്. ഗൾഫ് കുടുംബങ്ങളിൽനിന്നുള്ള ഉയർന്ന ഡിമാൻഡ് ഇതിന് കാരണമായി. എന്നാൽ ഹറം പരിസരത്തിന് പുറത്തുള്ള ഹോട്ടലുകളിൽ 15 ശതമാനം മുതൽ 20 ശതമാനം വരെയാണ് വർധന ഉണ്ടായതെന്ന് ഹോസ്പിറ്റാലിറ്റി വ്യവസായ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
മക്കയിലെയും മദീനയിലെയും നിരവധി ഹോട്ടലുകളിലെ താമസ നിരക്ക് 100 ശതമാനത്തിൽ എത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. ഉംറക്ക് വർഷത്തിലെ ഏറ്റവും തിരക്കേറിയ മാസങ്ങളിലൊന്നാണ് ഡിസംബർ എന്ന് വിലയിരുത്തുന്നു. മാസത്തിെൻറ ആദ്യ പകുതിയിൽ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ വിലയിൽ തുടർച്ചയായ വർധനയാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് അവധിക്കാലം അവസാനിക്കുമ്പോൾ അവ ക്രമേണ കുറയുകയും ചെയ്യും.
വർഷം തോറും ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ശൈത്യകാല ഉംറ സീസൺ ആരംഭിക്കുന്നതോടെ വീണ്ടും ഹോട്ടൽ മേഖലയിലെ ചെലവുകളുടെ തോത് ഉയരുകയും ചെയ്യുമെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.