ടിൻസനോടൊപ്പം (മധ്യത്തിൽ) സാമൂഹികപ്രവർത്തകരായ എം. സാലിയും ഷംസു പൊന്നാനിയും

റിയാദിൽ ആശുപത്രിയിൽനിന്ന് കാണാതായ തൃശൂർ സ്വദേശിയെ കണ്ടെത്തി; എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു

റിയാദ്: തലയ്ക്ക് പരിക്കേറ്റ് ചികിത്സയിൽ കഴിയവേ റിയാദിലെ കിങ് സഊദ് മെഡിക്കൽ സിറ്റി (ശുമൈസി ആശുപത്രി)യിൽ നിന്ന് കാണാതായ മലയാളി യുവാവിനെ മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. തൃശൂർ ഒല്ലൂർ പാലക്കൽ തോമസി​െൻറ മകൻ ടിൻസനെയാണ് (38) നഗരത്തിലെ ഒരു പാർക്കിൽനിന്ന് കണ്ടെത്തിയത്. ഇദ്ദേഹത്തെ എത്രയും വേഗം നാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമങ്ങൾ സാമൂഹിക പ്രവർത്തകർ ആരംഭിച്ചു.

കഴിഞ്ഞ മേയ് 18-നാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ടിൻസനെ റിയാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ശുമൈസി ആശുപത്രിയിലേക്ക് മാറ്റിയത്. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ജനറൽ വാർഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ, പൂർണമായി ഓർമശക്തി തിരികെ ലഭിക്കുന്നതിന് മുൻപ് ടിൻസൻ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

ടിൻസനെ കാണാതായ വാർത്ത ഗൾഫ്​ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. റിയാദിലെ സാമൂഹിക പ്രവർത്തകനും ന്യൂ ഇന്ത്യ സാംസ്കാരിക വേദി ഭാരവാഹിയുമായ എം. സാലി ആലുവയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്, വാർത്തയിലൂടെ ആളെ തിരിച്ചറിഞ്ഞ ചിലർ ശുമൈസിയിലുള്ള കെ.എം.സി.സി ഭാരവാഹി ഷംസു പൊന്നാനിയെ വിവരമറിയിക്കുന്നത്. ആശുപത്രിക്ക് അടുത്തുള്ള ഒരു പാർക്കിൽ ടിൻസനെ കണ്ടെത്തിയെന്ന വിവരമറിഞ്ഞ് ഷംസു ഉടൻ സ്ഥലത്തെത്തി ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. എന്നാൽ, വിവരമറിഞ്ഞ് പിറ്റേന്ന് എം. സാലി എത്തുമ്പോഴേക്കും ടിൻസനെ വീണ്ടും കാണാതായി. തുടർന്ന് ഷംസുവും സാലിയും ചേർന്ന് നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിലാണ് ടിൻസനെ വീണ്ടും കണ്ടെത്തിയത്. നാട്ടിൽ നിന്ന് രാജ്യസഭാ എം.പി പി.പി. സുനീർ വിഷയത്തിൽ ഇടപെടുകയും റിയാദിലെ സാമൂഹിക പ്രവർത്തകരുമായി ബന്ധപ്പെടുകയും ചെയ്തതോടെയാണ് ടിൻസന്റെ രോഗാവസ്ഥയെക്കുറിച്ചും കാണാതായതിനെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തറിയുന്നത്.

രണ്ടു വർഷം മുൻപ് വരെ റിയാദ് എക്സിറ്റ് 17-ലുള്ള ഒരു ടയർ കടയിലായിരുന്നു ടിൻസൻ ജോലി ചെയ്തിരുന്നത്. നിലവിൽ ഇഖാമ (താമസരേഖ) കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നതിനാൽ ഇദ്ദേഹത്തി​െൻറ താമസസ്ഥലത്തെക്കുറിച്ചോ സുഹൃത്തുക്കളെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ ലഭ്യമായിരുന്നില്ല. സൗദിയിലെത്തിയിട്ട് അഞ്ചുവർഷമായെന്നും, നിലവിൽ ജോലിയും കൈവശം പണവുമില്ലാത്തതിനാൽ നാട്ടിൽ പോകാൻ കഴിയാത്തതിൽ കടുത്ത മാനസിക വിഷമം അനുഭവിച്ചിരുന്നതായും ടിൻസൻ വ്യക്തമാക്കി. നിയമപരമായ നടപടികൾ പൂർത്തിയാക്കി ഇദ്ദേഹത്തെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവർത്തകർ.

Tags:    
News Summary - The Thrissur native who went missing from a hospital in Riyadh has been found; procedures have begun to send him back home as soon as possible

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.