ജിദ്ദ: നാവികസേനക്കായി മൾട്ടി-മിഷൻ കോംബാറ്റ് കപ്പലുകൾ നിർമിക്കുന്ന ‘സർവാത്’ പദ്ധതിക്ക് കീഴിൽ നിർമാണം പൂർത്തിയായ ‘ദി കിങ് ഹാഇൽ’ യുദ്ധക്കപ്പൽ സ്പെയിനിൽനിന്ന് സൗദി അറേബ്യയിലെത്തി. കപ്പൽ കഴിഞ്ഞ ദിവസം പടിഞ്ഞാറൻ പ്രവിശ്യയിലെ കിങ് ഫൈസൽ നേവൽ ബേസിൽ നങ്കൂരമിട്ടു.
നാവികസേന മേധാവി ലെഫ്റ്റനൻറ് ജനറൽ ഫഹദ് ബിൻ അബ്ദുല്ല അൽഗാഫിലിയുടെ നേതൃത്വത്തിലാണ് വരവേറ്റത്. ഔദ്യോഗിക സ്വീകരണ ചടങ്ങിനുശേഷം നാവികസേനയുടെ ഉന്നത ഉദ്യോഗസ്ഥൻ കപ്പലിൽ കയറി വിശദമായി നോക്കിക്കണ്ടു. കപ്പലിലെ ആധുനിക ഉപകരണങ്ങളും നൂതന സാങ്കേതികവിദ്യകളും പരിശോധിച്ചു.
കപ്പലിന്റെ കമാൻഡറുമായും ജീവനക്കാരുമായും നാവികസേന മേധാവി കൂടിക്കാഴ്ച നടത്തി. സ്പെയിനിലെ നിർമാണശാലയിൽ കപ്പലിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുകയും പരിശീലന ഘട്ടങ്ങളിലൂടെ പ്രവർത്തനക്ഷമത ഉറപ്പാക്കുകയും ചെയ്തതിനെ അഭിനന്ദിച്ചു. ‘സർവാത്’ പദ്ധതിക്ക് കീഴിലെ മൂന്നാമത്തെ കപ്പലാണ് ‘ദി കിങ് ഷിപ് ഹാഇൽ’. ഉയർന്ന ശേഷിയും കാര്യക്ഷമതയുമുള്ള വിവിധ യുദ്ധ ദൗത്യങ്ങളെ നേരിടാൻ പ്രത്യേക കഴിവുള്ള കപ്പലാണിത്. നാവിക സേനക്കായി മൾട്ടി-മിഷൻ കോംബാറ്റ് കപ്പലുകൾ നിർമിക്കുന്നതിന് സൗദി മിലിറ്ററി ഇൻഡസ്ട്രീസ് കമ്പനിയും സ്പാനിഷ് കമ്പനിയായ ‘നവാന്തിയ’യും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഫലമാണ് ‘സർവാത്’ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.