സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ജുബൈൽ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച ‘രംഗ് എ ആസാദി’ പരിപാടിയിൽനിന്ന്
ജുബൈൽ: സാമ്രാജ്യത്വത്തിന്റെ കരാള ഹസ്തങ്ങളിൽനിന്നും നമ്മുടെ പൂർവികർ പൊരുതി നേടിയെടുത്ത സ്വാതന്ത്ര്യം രാജ്യത്ത് പിറക്കുന്ന ഓരോ പൗരനും അവകാശപ്പെട്ടതാണ്. ജനാധിപത്യ, മതേതരത്വ സംഹിതയെ നിഷ്കരുണം ചോദ്യം ചെയ്യുന്ന രീതിയിലേക്ക് വഴിമാറിയ ഇന്ത്യയിലെ സമകാലിക സംഭവങ്ങളിൽ ഓരോ പൗരനും ജാഗ്രത വേണമെന്ന് കലാലയം സാംസ്കാരിക വേദി അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ജുബൈൽ കലാലയം സാംസ്കാരിക വേദി കിംസ് ഹാളിൽവെച്ച് സംഘടിപ്പിച്ച ‘രംഗ് എ ആസാദി’ എന്ന പ്രസ്തുത പരിപാടി ഐ.എം.സി.സി നാഷനൽ സെക്രട്ടറി നവാഫ് ഒ.സി ഉദ്ഘാടനംചെയ്തു. ഇന്ത്യയുടെ വൈവിധ്യ സംസ്കാരങ്ങൾ പോലെ സ്വാതന്ത്ര്യവും ഓരോ പൗരനും അവകശാപ്പെട്ടതാണെന്നും മത, ജാതി, വർണ നാമങ്ങളാൽ മതിൽകെട്ടുകൾ സ്ഥാപിച്ച് മാറ്റി നിർത്തേണ്ട ഒന്നല്ല സ്വാതന്ത്ര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രിസാല സ്റ്റഡി സർക്കിൾ ജുബൈൽ സോൺ ചെയർമാൻ താജുദ്ദീൻ സഖാഫി അധ്യക്ഷതവഹിച്ചു. കലാലയം സാസ്കാരിക വേദി കൺവീനർ ജഅ്ഫർ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. സ്വാതന്ത്ര്യ സമര ചരിത്രങ്ങളിലെ മാഞ്ഞു കിടക്കുന്ന അധ്യായങ്ങൾ പുതു തലമുറക്ക് കൈമാറേണ്ടതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. രംഗ് എ ആസാദി’യുടെ പ്രമേയം വിളിച്ചോതുന്ന ഡോക്യുമെന്ററി പ്രദർശനം സദസ്സിനെ സ്വാതന്ത്ര്യ ലബ്ധിയിലേക്കുള്ള സമര സേനാനികളുടെ ത്യാഗാർപ്പണത്തെ വരച്ച് കാണിച്ചു.
ഹംജദ് ഖാൻ മാവൂർ (ICF), ശഫീഖ് കുംബള (RSC സൗദി ഈസ്റ്റ് നാഷനൽ) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. അൽതാഫ് കൊടിയമ്മ സ്വാഗതവും നസീഹുൽ ഹഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.