മക്ക: സൗദി അറേബ്യയുടെ ദേശീയ പതാകയുടെ ഔന്നത്യവും അഭിമാനവും വിളിച്ചോതി, മക്കയിലെ ഏറ്റവും ഉയർന്ന പതാക സ്തംഭം സ്ഥാപിച്ചു. മക്ക മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് ഈ ബൃഹദ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. അമീർ മുഹമ്മദ് ബിൻ സൽമാൻ - അൽ ഷുമൈസി റോഡിലാണ് 80 മീറ്ററിലധികം ഉയരമുള്ള ഈ കൊടിമരം സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്തിെൻറ ചരിത്രത്തിലും അടയാളത്തിലും ദേശീയ പതാകയ്ക്കുള്ള സവിശേഷ സ്ഥാനത്തെയും ദൃഢമായ സ്വത്വത്തെയും പ്രതിനിധീകരിക്കുന്നതാണ് ഈ നീക്കം. എല്ലാ വർഷവും മാർച്ച് 11-ന് ആഘോഷിക്കപ്പെടുന്ന ‘സൗദി പതാക ദിന’ത്തോട് അനുബന്ധിച്ചാണ് ഈ പതാക സ്തംഭം സമർപ്പിച്ചത്.
ഈ നേട്ടത്തോടനുബന്ധിച്ച് ‘മക്ക യാർഡ്’ ഏരിയയിൽ മുനിസിപ്പാലിറ്റി ഒരു വിപുലമായ ദേശീയ പരിപാടിയും സംഘടിപ്പിച്ചു. ‘ഏകദൈവ വിശ്വാസത്തിെൻറ സന്ദേശവും രാജ്യത്തിെൻറ ചരിത്രവും പേറുന്ന പതാക’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി. സന്ദർശകരുടെയും ചരിത്രകുതുകികളുടെയും വലിയ പങ്കാളിത്തമാണ് ഇവിടെ ദൃശ്യമായത്.
സൗദി പതാകയുടെ ചരിത്രപരമായ വികാസവും അതിെൻറ അടയാളങ്ങളും ചർച്ച ചെയ്ത സംവാദം, ദേശീയ ബോധം വളർത്തുന്നതിനും രാജ്യത്തിെൻറ അടയാളങ്ങളിലുള്ള അഭിമാനം ദൃഢമാക്കുന്നതിനുമായി വിവിധ പ്രായക്കാർക്കായി സംഘടിപ്പിച്ച പ്രത്യേക പരിപാടികൾ എന്നിവ അരങ്ങേറി.
മക്കയിലെ സാംസ്കാരികവും സാമൂഹികവുമായ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് അധികൃതർ അറിയിച്ചു. അത്യാധുനികവും സംവേദനാത്മകവുമായ രീതികളിലൂടെ സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ദേശീയ പൈതൃകം ഉയർത്തിക്കാട്ടുന്നതിനുമാണ് ഇത്തരം ഗുണമേന്മയുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.