റിയാദ്: ഗസ്സയിൽ ജനവാസ മേഖലകൾക്കും ആശുപത്രികൾക്കും നേരെ ഇസ്രായേൽ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും ശക്തമായ പ്രതിഷേധമറിയിച്ച് സൗദി അറേബ്യ ഉൾപ്പെടെയുള്ള എട്ട് പ്രധാന അറബ്-മുസ്ലിം രാജ്യങ്ങൾ രംഗത്തെത്തി. ജോർഡാൻ, യു.എ.ഇ, ഖത്തർ, ഇന്തോനേഷ്യ, പാകിസ്താൻ, ഈജിപ്ത്, തുർക്കി എന്നിവയാണ് മറ്റ് രാജ്യങ്ങൾ.
വിദേശകാര്യമന്ത്രിമാർ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിലാണ് ഇസ്രായേലിെൻറ നടപടിയെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചിരിക്കുന്നത്. ഗസ്സയിലെ ആശുപത്രികൾ ഉൾപ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ രാജ്യങ്ങൾ പൂർണമായി അപലപിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെയും മാനവിക തത്ത്വങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി.
ആയുധങ്ങൾ ഉപേക്ഷിക്കുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ അടങ്ങിയ സമാധാന പാത (റോഡ് മാപ്പ്) ഫലസ്തീൻ വിഭാഗങ്ങൾ അംഗീകരിച്ചതായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയതാണ്. എന്നാൽ ഇസ്രായേൽ തുടരുന്ന ഈ ലംഘനങ്ങൾ, ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനെ പ്രതികൂലമായി ബാധിക്കും. ഇത് മേഖലയിൽ വീണ്ടും സംഘർഷം കൂട്ടാനും മാനുഷിക ദുരന്തം കൂടുതൽ വഷളാക്കാനും മാത്രമേ ഉപകരിക്കൂ.
സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കുക, ആരോഗ്യപ്രവർത്തകർക്കും സന്നദ്ധ സംഘടനകൾക്കും സുരക്ഷ ഉറപ്പാക്കുക, ഗസ്സയിലുടനീളം തടസ്സങ്ങളില്ലാതെ ഭക്ഷണവും മരുന്നും മറ്റ് സഹായങ്ങളും ഉടനടി എത്തിക്കുക എന്നിവ ഒഴിവാക്കാനാകാത്ത നിയമപരമായ ബാധ്യതയാണെന്ന് വിദേശകാര്യമന്ത്രിമാർ വ്യക്തമാക്കി.
വെസ്റ്റ് ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാർ നടത്തുന്ന അതിക്രമങ്ങൾ, അനധികൃത ഭവന നിർമാണങ്ങൾ, ജറുസലേമിലെ നിലവിലെ സ്ഥിതി മാറ്റാനുള്ള നീക്കങ്ങൾ എന്നിവയുമായി ചേർത്തുതന്നെ വേണം ഗസ്സയിലെ ആക്രമണങ്ങളെയും കാണാൻ. ശക്തി ഉപയോഗിച്ച് പുതിയ കാര്യങ്ങൾ അടിച്ചേൽപ്പിക്കാനും, ദ്വിരാഷ്ട്ര പരിഹാരമെന്ന ആശയം തകർക്കാനും, ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ ഇല്ലാതാക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണിത്.
യു.എൻ രക്ഷാസമിതിയുടെ 2803-ാം നമ്പർ പ്രമേയവും അന്താരാഷ്ട്ര നിയമങ്ങളും പാലിക്കാൻ ഇസ്രായേലിനെ നിർബന്ധിതരാക്കണമെന്ന് വിദേശകാര്യമന്ത്രിമാർ ആവശ്യപ്പെട്ടു. കുറ്റം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും, സ്ഥിരമായ വെടിനിർത്തൽ സാധ്യമാക്കാനും അന്താരാഷ്ട്ര സമൂഹവും യു.എൻ രക്ഷാസമിതിയും പ്രായോഗിക നടപടികൾ സ്വീകരിക്കണം.
ഫലസ്തീൻ മണ്ണ് കൈയേറാനോ, ജനങ്ങളെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കാനോ ഉള്ള ഒരു നീക്കവും അംഗീകരിക്കില്ല. 1967-ലെ അതിർത്തികൾ അംഗീകരിച്ച്, കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്ന ‘ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ’ മാത്രമേ മേഖലയിൽ ശാശ്വതമായ സമാധാനം കൊണ്ടുവരാൻ സാധിക്കൂ എന്ന് വിദേശകാര്യമന്ത്രിമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.