സിറിയയുടെ വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള സൗദി സൗരോർജ്ജ പദ്ധതിയുടെ കരാർ ഒപ്പിടുന്നു

സിറിയയുടെ വൈദ്യുതി ക്ഷാമം തീർക്കാൻ സൗദി അറേബ്യ, നൂറ്​ കോടി ഡോളറിന്റെ സൗരോർജ്ജ പദ്ധതി പ്രഖ്യാപിച്ചു

റിയാദ്​/ദമാസ്കസ്: രാജ്യത്തെ കടുത്ത വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണുന്നതിനും ഊർജ്ജ മേഖലയിലെ നിക്ഷേപ അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സൗദി അറേബ്യയും സിറിയയും ധാരണയിലെത്തി. ഇതിന്റെ ഭാഗമായി നൂറ്​ കോടി ഡോളറോളം മൂല്യം വരുന്ന നിർണായക സൗരോർജ്ജ പദ്ധതി കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

സിറിയൻ തലസ്ഥാനമായ ദമാസ്കസിൽ വെച്ച് നടന്ന പ്രത്യേക കൂടിക്കാഴ്ചയിലാണ് പദ്ധതിക്ക് അന്തിമരൂപമായത്. സിറിയൻ ഊർജ്ജ മന്ത്രി മുഹമ്മദ് അൽ ബഷീറും സൗദി മന്ത്രാലയ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്. സിറിയൻ ഇലക്ട്രിസിറ്റി കമ്പനിയും (എസ്​.ഇ.സി) സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഹർഫി കോൺട്രാക്റ്റിങ്​ കമ്പനിയും തമ്മിലാണ് കരാർ.

തലസ്ഥാന നഗരിക്ക് സമീപമുള്ള വദിയാൻ അൽ റബീ എന്ന മേഖലയിലാണ് പദ്ധതി നടപ്പാക്കുന്നത്. ആകെ 760 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള സോളാർ പവർ പ്ലാൻറുകളാണ് ഇവിടെ നിർമിക്കുന്നത്. ഇതോടൊപ്പം പകൽ സമയത്ത് ഉണ്ടാക്കുന്ന വൈദ്യുതി സംഭരിച്ചു വെച്ച് രാത്രിയിലും തടസ്സമില്ലാതെ വിതരണം ചെയ്യുന്നതിനായി 1077 മെഗാവാട്ട് ശേഷിയുള്ള വൻകിട ബാറ്ററി സംഭരണ സംവിധാനവും പദ്ധതിയുടെ ഭാഗമായി നിർമിക്കും.

വർഷങ്ങളായി വൈദ്യുതി പ്രതിസന്ധി നേരിടുന്ന സിറിയയ്ക്ക് കൂടുതൽ തടസ്സമില്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ വൈദ്യുതി ലഭ്യമാക്കാൻ ഇത് സഹായിക്കുമെന്ന് സിറിയൻ ഊർജ്ജ മന്ത്രി മുഹമ്മദ് അൽ ബഷീർ പറഞ്ഞു. രാജ്യത്തി​െൻറ ഊർജ്ജ സുരക്ഷ ഉറപ്പാക്കാനും സുസ്ഥിര വികസനത്തിലേക്ക് നയിക്കാനും ഇത്തരം വിദേശ നിക്ഷേപങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനസംഖ്യ കൂടുതലുള്ള ദമാസ്കസിലും പരിസര പ്രദേശങ്ങളിലുമാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ വൈദ്യുതി എത്തിക്കുകയെന്ന് സൗദി ഊർജ്ജ മന്ത്രിയുടെ ഉപദേഷ്ടാവ് ഫുആദ് മൂസ അറിയിച്ചു. തുടർന്നുള്ള രണ്ടാം ഘട്ടത്തിൽ സിറിയയിലെ മറ്റൊരു പ്രധാന നഗരമായ അലെപ്പോയിലേക്ക് പദ്ധതി വ്യാപിപ്പിക്കും. സിറിയൻ ഊർജ്ജ മേഖലയിലേക്ക് കൂടുതൽ വിദേശ കമ്പനികളെ ആകർഷിക്കാൻ ഈ സൗദി നിക്ഷേപം വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണയായി ഇത്തരം ഒരു കൂറ്റൻ പദ്ധതി പൂർത്തിയാക്കാൻ നാല് മുതൽ അഞ്ച് വർഷം വരെ സമയം വേണം. എന്നാൽ സിറിയയിലെ അടിയന്തര വൈദ്യുതി ആവശ്യകത കണക്കിലെടുത്ത് പരമാവധി മൂന്ന് വർഷത്തിനുള്ളിൽ തന്നെ നിർമ്മാണം പൂർത്തിയാക്കാൻ ശ്രമിക്കുമെന്ന് സൗദി പുനരുപയോഗ ഊർജ്ജ വിഭാഗം ഡെപ്യൂട്ടി മന്ത്രി ഫൈസൽ മുഹമ്മദ് അൽ ദഈജ് വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി 16-ന് ഇതിന്റെ ആദ്യപടിയായി 210 മെഗാവാട്ട് സോളാർ പവർ പ്ലാൻറും 827 മെഗാവാട്ട് ബാറ്ററി സംഭരണവും നിർമിക്കുന്നതിനായി ഇരുവിഭാഗവും പ്രാഥമിക ധാരണയിലെത്തിയിരുന്നു. അതി​െൻറ വിപുലീകരിച്ച അന്തിമ രൂപമാണ് ഇപ്പോൾ ഒപ്പുവെച്ചിരിക്കുന്ന ഈ വൻകിട പദ്ധതി.


Tags:    
News Summary - സിറിയയുടെ വൈദ്യുതി ക്ഷാമം തീർക്കാൻ സൗദി അറേബ്യ| നൂറ്​ കോടി ഡോളറിന്റെ സൗരോർജ്ജ പദ്ധതി പ്രഖ്യാപിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.