അബഹ: സൗദി അറേബ്യയുടെ വിനോദ-ടൂറിസം മേഖലയിലെ സുപ്രധാന നാഴികക്കല്ലായി രാജ്യത്തെ ആദ്യ ‘സെവൻ’ (സൗദി എൻറർടൈൻമെൻറ് വെഞ്ചേഴ്സ്) വിനോദകേന്ദ്രം അസീർ പ്രവിശ്യയിലെ അബഹയിൽ പ്രവർത്തനം ആരംഭിച്ചു.
അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന ഈ ആധുനിക വിനോദസമുച്ചയം, സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിെൻറ (പി.ഐ.എഫ്) ഉടമസ്ഥതയിലുള്ള ‘സെവൻ’ കമ്പനിയാണ് വികസിപ്പിച്ചത്. രാജ്യത്തെ വിവിധ നഗരങ്ങളിൽ നടപ്പാക്കിവരുന്ന സെവൻ പദ്ധതികളിൽ പൊതുജനങ്ങൾക്കായി വാതിൽ തുറക്കുന്ന ആദ്യ കേന്ദ്രമാണിത്.
അസീർ ഗവർണറും അസീർ ഡെവലപ്‌മെൻറ് അതോറിറ്റി ചെയർമാനുമായ അമീർ തുർക്കി ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് കേന്ദ്രത്തിെൻറ ഉദ്ഘാടനം നിർവഹിച്ചു. സർക്കാർ ഉന്നതോദ്യോഗസ്ഥരും ടൂറിസം, വിനോദ മേഖലകളിലെ പ്രമുഖ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച് അബഹയുടെ ആകാശത്ത് അരങ്ങേറിയ ആകർഷകമായ ഡ്രോൺ ലൈറ്റ് ഷോയും വെളിച്ച-സംഗീത ദൃശ്യാവിഷ്‌കാരങ്ങളും കാണികളെ ഏറെ ആനന്ദിപ്പിച്ചു. അസീർ മേഖലയുടെ പാരമ്പര്യ പൈതൃകവും സൗദിയുടെ ഭാവി വികസന കാഴ്ചപ്പാടുകളും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കോർത്തിണക്കിയ അവതരണങ്ങൾ ഉദ്ഘാടനച്ചടങ്ങിന് വേറിട്ട ശോഭ പകർന്നു.
കുടുംബങ്ങൾക്കും എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ തക്കവിധമാണ് ഈ സമുച്ചയം രൂപകൽപന ചെയ്തിരിക്കുന്നത്. കുട്ടികൾക്കായുള്ള ഇൻഡോർ പ്ലേ ഏരിയകൾ, ഇ-കാർട്ടിങ്, ബൗളിങ്, വെർച്വൽ റിയാലിറ്റി ഗെയിമുകൾ, ഡിജിറ്റൽ വിനോദങ്ങൾ, അത്യാധുനിക മൾട്ടിപ്ലെക്സ് തിയേറ്ററുകൾ, വൈവിധ്യമാർന്ന ഭക്ഷണശാലകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ ഇവിടെ ലഭ്യമാണ്. ഇതിനുപുറമേ, വർഷം മുഴുവൻ നീളുന്ന സാംസ്കാരിക-സംഗീത പരിപാടികളും സീസണൽ ആഘോഷങ്ങളും കേന്ദ്രത്തിൽ സംഘടിപ്പിക്കും.
അസീറിെൻറ പ്രകൃതിഭംഗിയും പ്രാദേശിക വാസ്തുശൈലിയും സമന്വയിപ്പിച്ചാണ് സമുച്ചയത്തിെൻറ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര വിമാനത്താവളത്തിനോട് ചേർന്നുള്ള സ്ഥാനം സ്വദേശികളും വിദേശികളുമായ സഞ്ചാരികൾക്ക് യാത്ര എളുപ്പമാക്കും. ഇത് മേഖലയിലെ ടൂറിസത്തിനും പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും വലിയ ഉണർവേകും.
സൗദി വിഷൻ 2030-െൻറ ഭാഗമായി രാജ്യത്തെ ജീവിതനിലവാരം ഉയർത്തുക, സാമ്പത്തിക വൈവിധ്യവൽക്കരണം ഉറപ്പാക്കുക, വിനോദ മേഖലയിൽ സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അബഹയ്ക്ക് പുറമേ റിയാദ്, ജിദ്ദ, മക്ക, മദീന, അൽഖോബർ, ത്വാഇഫ്, യാംബു, തബൂക്ക്, ഹാഇൽ തുടങ്ങിയ പ്രമുഖ നഗരങ്ങളിലും സെവൻ വിനോദകേന്ദ്രങ്ങൾ ഘട്ടംഘട്ടമായി തുറക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.