മേജർ ജനറൽ അബ്ദുല്ല ബിൻ സലേം അൽ ഷെഹ്റി
റിയാദ്: ലോകത്തിലെ പ്രധാന സമുദ്ര പാതകളുടെയും കപ്പൽ ഗതാഗതത്തിെൻറയും സുരക്ഷ ഉറപ്പാക്കാൻ രൂപവത്കരിച്ച ബഹുരാഷ്ട്ര നാവിക പ്രതിരോധ സഖ്യത്തിെൻറ കമാൻഡറായി മേജർ ജനറൽ അബ്ദുല്ല ബിൻ സലേം അൽ ഷെഹ്റിയെ സൗദി അറേബ്യൻ പ്രതിരോധ മന്ത്രാലയം നിയമിച്ചു. ഇക്കഴിഞ്ഞ ജൂലൈ 30-ന് ആരംഭിച്ച സഖ്യരൂപവത്കരണ നടപടികളുടെ തുടർച്ചയായാണ് ഈ പുതിയ പ്രഖ്യാപനം.
സഖ്യത്തിെൻറ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും സൈനിക സജ്ജത ഉറപ്പാക്കാനുമാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. സഖ്യത്തിെൻറ ചാർട്ടറും അന്താരാഷ്ട്ര നിയമങ്ങളും പാലിച്ചുകൊണ്ട് കടൽമാർഗമുള്ള സുരക്ഷ ഉറപ്പാക്കുക, ചരക്ക്-യാത്രാ കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കുക, ലോക വ്യാപാരത്തിന് ഏറ്റവും പ്രധാനപ്പെട്ട ഇടുങ്ങിയ കടൽപ്പാതകളുടെയും കടലിടുക്കുകളുടെയും സംരക്ഷണം ഉറപ്പുവരുത്തുക, ആഗോള സാമ്പത്തിക രംഗത്തെ വിതരണ ശൃംഖലകൾ തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ പിന്തുണ നൽകുക തുടങ്ങിയവയാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യങ്ങൾ.
സഖ്യത്തിെൻറ സംയുക്ത പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുതിയ കമാൻഡർ നേരിട്ട് നേതൃത്വം നൽകും. സഖ്യത്തിൽ അംഗങ്ങളായ രാജ്യങ്ങൾ തമ്മിലും, ലോകത്തിലെ മറ്റ് നാവിക സഖ്യങ്ങളുമായും ഉള്ള ആസൂത്രണവും ഏകോപനവും അദ്ദേഹത്തിെൻറ മേൽനോട്ടത്തിലായിരിക്കും. കൂടാതെ, നിശ്ചയിച്ചിട്ടുള്ള നിയമങ്ങൾക്കനുസരിച്ചാണ് എല്ലാ സൈനിക ദൗത്യങ്ങളും നടക്കുന്നത് എന്ന് അദ്ദേഹം ഉറപ്പുവരുത്തും. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള സൈനികർക്ക് ഒന്നിച്ചു പ്രവർത്തിക്കാനുള്ള പരിശീലനം നൽകാനും, വിവരങ്ങൾ പരസ്പരം കൈമാറാനും, നാവിക ശേഷി വർദ്ധിപ്പിക്കാനും, സംയുക്ത സൈനിക അഭ്യാസങ്ങൾ സംഘടിപ്പിക്കാനും ഈ നീക്കം വഴി തുറക്കും.
സഖ്യം പ്രഖ്യാപിച്ചതു മുതൽ കൂടുതൽ രാജ്യങ്ങൾ ഇതിൽ പങ്കാളികളാകാൻ താല്പര്യം കാണിച്ചിട്ടുണ്ട്. ചില രാജ്യങ്ങൾ ഇതിനോടകം സംയുക്ത കരാറിൽ ഒപ്പുവെച്ചു കഴിഞ്ഞു. മറ്റ് ചില രാജ്യങ്ങൾ സ്ഥാപക അംഗങ്ങളായി ഔദ്യോഗികമായി ചേരുന്നതിനായുള്ള ആഭ്യന്തര നിയമനടപടികൾ പൂർത്തിയാക്കി വരികയാണ്. ഈ സഖ്യത്തിെൻറ ലക്ഷ്യങ്ങളും തത്ത്വങ്ങളും അംഗീകരിക്കുന്ന എല്ലാ രാജ്യങ്ങൾക്കുമായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും, ഒപ്പുവെക്കൽ നടപടികൾ പൂർത്തിയാക്കിയ രാജ്യങ്ങളുടെ പേരുകൾ അടങ്ങിയ വിവരങ്ങൾ പിന്നീട് ഔദ്യോഗികമായി പുറത്തുവിടുമെന്നും മന്ത്രാലയം അറിയിച്ചു.
സഖ്യ രൂപവത്കരണത്തിെൻറ ഭാഗമായി ആഗസ്റ്റ് 12, 13 തീയതികളിൽ ഉന്നതതല ആസൂത്രണ യോഗം ചേരും. സഖ്യത്തിെൻറ ഘടന പൂർണ്ണമാക്കുന്നതിനും, പുതിയ രാജ്യങ്ങളെ ഔദ്യോഗികമായി ഉൾപ്പെടുത്തുന്നതിനുമുള്ള നടപടികൾ ഈ യോഗത്തിൽ ചർച്ച ചെയ്യും. സഖ്യത്തിന് ഒരു മേധാവിയെ നിയമിച്ചതു വഴി, ആഗോളതലത്തിൽ കടൽ സുരക്ഷ ഉറപ്പാക്കാനും സാമ്പത്തിക സ്ഥിരത നിലനിർത്താനുമുള്ള നീക്കങ്ങൾ കൂടുതൽ വേഗത്തിലാകുമെന്ന് സൗദി പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.