ഇന്ന്​ റിയാദിലേക്ക്​ ഏഴ്​ ബാലിസ്​റ്റിക്​ മിസൈലുകൾ, കിഴക്കൻ പ്രവിശ്യയിലേക്ക്​ ഒന്നും, നിലം തൊടീക്കാതെ സൗദി പ്രതിരോധ സേന

റിയാദ്: സൗദി അറേബ്യയിലെ ജനവാസ മേഖലകളെ ലക്ഷ്യമാക്കി നടന്ന വൻ വ്യോമാക്രമണ ശ്രമങ്ങളെ പ്രതിരോധ സേന വിജയകരമായി തകർത്തു. റിയാദ് ലക്ഷ്യമാക്കി തൊടുത്തുവിട്ട ഏഴ് ബാലിസ്റ്റിക് മിസൈലുകളും കിഴക്കൻ പ്രവിശ്യയെ ലക്ഷ്യം വെച്ചെത്തിയ ഒരു മിസൈലും തകർത്തതായി പ്രതിരോധ മന്ത്രാലയം വക്താവ് ലഫ്റ്റനൻറ്​ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.

ഇന്ന് പുലർച്ചെയായിരുന്നു ആക്രമണശ്രമം ഉണ്ടായത്.ഇതിന് പിന്നാലെ നടത്തിയ ഔദ്യോഗിക പ്രസ്താവനയിൽ, കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലേക്ക് കടന്നുകയറാൻ ശ്രമിച്ച 10 ഡ്രോണുകളും വ്യോമസേന തകർത്തതായി അദ്ദേഹം സ്ഥിരീകരിച്ചു.

രാജ്യത്തിന് നേരെയുള്ള ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ ആകെ 858 ഡ്രോണുകളും 71 ബാലിസ്റ്റിക് മിസൈലുകളും 8 ക്രൂയിസ് മിസൈലുകളും പ്രതിരോധ സേന തടഞ്ഞിട്ടുണ്ടെന്ന് മന്ത്രാലയത്തി​െൻറ കണക്കുകൾ വ്യക്തമാക്കുന്നു. റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളെ കേന്ദ്രീകരിച്ചാണ് ഭൂരിഭാഗം ആക്രമണശ്രമങ്ങളും നടന്നിട്ടുള്ളത്.

ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കിഴക്കൻ പ്രവിശ്യയിലും അൽ-ഖർജിലും സിവിൽ ഡിഫൻസ് അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം വഴിയാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. സുരക്ഷിതമായ കെട്ടിടത്തിനുള്ളിൽ കഴിയണമെന്നും ജനാലകളിൽ നിന്നും ബാൽക്കണികളിൽ നിന്നും മാറിനിൽക്കണമെന്നും നിർദ്ദേശമുണ്ട്. പുറത്തുള്ളവർ എത്രയും വേഗം അടുത്തുള്ള കെട്ടിടങ്ങളിൽ അഭയം തേടണം.

അപകടകരമായ സാഹചര്യങ്ങളിൽ ദൃശ്യങ്ങൾ പകർത്തുന്നതോ കൂട്ടംകൂടി നിൽക്കുന്നതോ കർശനമായി ഒഴിവാക്കണം. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പാലങ്ങളിൽ നിന്നും ഉയർന്ന കെട്ടിടങ്ങളിൽ നിന്നും മാറി സുരക്ഷിതമായി വാഹനം ഒതുക്കി നിർത്തേണ്ടതാണ്. അടിയന്തര സാഹചര്യങ്ങളിൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 998 എന്ന നമ്പറിലും സിവിൽ ഡിഫൻസിനെ ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു.

Tags:    
News Summary - The Saudi Defense Forces intercepted and destroyed seven ballistic missiles targeting Riyadh and one targeting the Eastern Province before they could hit the ground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.