ജിദ്ദ: യമനിലെ വിദ്യാഭ്യാസ മേഖലയെ നവീകരിക്കുന്നതിനും അധ്യാപകരുടെ പ്രഫഷനൽ-സാങ്കേതിക കഴിവുകൾ വർധിപ്പിക്കുന്നതിനുമുള്ള വിപുലമായ അധ്യാപക പരിശീലന പരിപാടിക്ക് സൗദിയുടെ പിന്തുണയോടെ തുടക്കമായി. യമനിലെ പ്രമുഖ ഗവർണറേറ്റുകളായ ഏദൻ, അബ്‍യാൻ, ഹദ്റ മൗത്, അൽ മഹ്റ, സൊകൊത്ര എന്നിവ കേന്ദ്രീകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തിൽ 500 യമനി അധ്യാപകരുടെ ഡിജിറ്റൽ ശാക്തീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആഭ്യന്തര സംഘർഷങ്ങളാൽ തകർന്ന യമെൻറ വിദ്യാഭ്യാസ മേഖലയുടെ മുഖഛായ മാറ്റാൻ ഈ പരിപാടി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് സർവകലാശാലയുമായി സഹകരിച്ച് യമൻ സൗദി വികസന-പുനർനിർമാണ പ്രോഗ്രാം ആണ് ഈ സംരംഭത്തിന് പൂർണ പിന്തുണ നൽകുന്നത്. ആധുനിക സാങ്കേതികവിദ്യകൾ ക്ലാസ് മുറികളിൽ ഫലപ്രദമായി നടപ്പാക്കാൻ അധ്യാപകരെ പ്രാപ്തരാക്കുന്നതിനായി നേരിട്ടുള്ള ക്ലാസുകളും ഓൺലൈൻ പരിശീലനവും സംയോജിപ്പിച്ചാണ് പരിപാടി രൂപകൽപന ചെയ്തിരിക്കുന്നത്.
പ്രധാനമായും രണ്ട് ട്രാക്കുകളിലൂടെയാണ് അധ്യാപകർക്ക് പരിശീലനം നൽകുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അഥവാ നിർമിത ബുദ്ധിയുടെ സഹായത്തോടെയുള്ള അധ്യാപന ഉള്ളടക്കം നിർമിക്കുക എന്നതാണ് ഒന്നാമത്തെ ട്രാക്ക്. ഡിജിറ്റൽ ഇൻസ്ട്രഷണൽ ഡിസൈനിങ് ആണ് രണ്ടാമത്തെ ട്രാക്ക്. ഈ രണ്ട് രീതികളും പരിശീലനത്തിൽ പങ്കെടുക്കുന്ന അധ്യാപകരെ ആധുനിക ബോധനശാസ്ത്ര രീതികൾ ഉപയോഗിച്ച് ആകർഷകവും സംവേദനാത്മകവുമായ വിദ്യാഭ്യാസ സാമഗ്രികൾ വികസിപ്പിക്കാൻ സഹായിക്കും.
യമന്റെ വിദ്യാഭ്യാസ മേഖലയെ പിന്തുണയ്ക്കുന്നതിനും അധ്യാപന രീതികൾ നവീകരിക്കുന്നതിനും അവിടുത്തെ മനുഷ്യവിഭവശേഷി ശക്തിപ്പെടുത്തുന്നതിനുമുള്ള സൗദി പ്രോഗ്രാമിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ പദ്ധതി. യമനിലെ സൗദി വികസന പുനർനിർമാണ പരിപാടി ആരംഭിച്ചതിനുശേഷം വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഊർജ്ജം, ജലം, ഗതാഗതം, കൃഷി, മത്സ്യബന്ധനം, ഗവൺമെൻറ് ശേഷി വർദ്ധിപ്പിക്കൽ എന്നിവയുൾപ്പെടെ എട്ട് പ്രധാന മേഖലകളിലായി 287 പദ്ധതികളും സംരംഭങ്ങളും ഇതിനകം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.